ന്യൂഡല്‍ഹി: ലോകത്തിലെഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ഇവരെക്കൂടാതെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ സിഇഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ടൈം മാഗസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൈം മാസിക പുറത്തിറക്കിയ 2021ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടിക. താലിബാന്‍ സഹസ്ഥാപകനായ മുല്ല അബ്ദുല്‍ ഗനി ബരാദറും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
‘ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കളുണ്ടായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോദി’, മോദിയുടെ ടൈം പ്രൊഫൈലില്‍ പറയുന്നു.
എന്നാല്‍ പ്രശസ്ത സിഎന്‍എന്‍ പത്രപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ എഴുതിയ പ്രൊഫൈലില്‍ പ്രധാനമന്ത്രി മോദി രാജ്യത്തെ മതേതരത്വത്തില്‍ നിന്നും ഹിന്ദു ദേശീയതയിലേക്ക് തള്ളിവിട്ടെന്ന് ആരോപിക്കുന്നു. മോദി ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ ‘അവകാശങ്ങള്‍ ഇല്ലാതാക്കുന്നു’ എന്നും മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ 66കാരിയായ മമത ബാനര്‍ജി ‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉഗ്രതയുടെ മുഖമായി മാറിയിരിക്കുന്നു’ എന്നാണ് മമതയുടെ ടൈം പ്രൊഫൈലില്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ തലവനായ അദാര്‍ പുനെവാലയാണ് പട്ടികയിലിടം നേടിയ മറ്റൊരു ഇന്ത്യാക്കാരന്‍.
താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിനെ അയാളുടെ ടൈം പ്രൊഫൈലില്‍ ‘വളരെ അപൂര്‍വ്വമായി പരസ്യ പ്രസ്താവനകളോ അഭിമുഖങ്ങളോ നല്‍കുന്ന, നിശബ്ദനായ രഹസ്യസ്വഭാവമുള്ള മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പട്ടികയില്‍ ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യന്‍ രാഷ്ട്രീയപ്രവര്‍ത്തക അലക്‌സി നവാല്‍നി, സംഗീത ഐക്കണ്‍ ബ്രിട്‌നി സ്പിയേഴ്‌സ്, ഏഷ്യന്‍ പസഫിക് പോളിസി ആന്‍ഡ് പ്ലാനിംഗ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജുഷ പി.കുല്‍ക്കര്‍ണി, ആപ്പിള്‍ സിഇഒ ടിം കുക്ക്, നടി കേറ്റ് വിന്‍സ്ലെറ്റ് എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്.