ഷിക്കാഗോ: ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ നൃത്ത മത്സരത്തിൽ ഹൂസ്റ്റണിൽ നിന്നുള്ള പ്രതിഭകൾ ഒന്നാം സമ്മാനാർഹർ. ഷിക്കാഗോയുടെ സബേർബ് ആയ നേപ്പർ വിൽ യെല്ലോ ബോക്‌സ് തീയേറ്ററിൽ സെപ്റ്റംബർ 30 ശനിയാഴ്ച ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ ആറാം വാർഷികം സമുചിതമായി കൊണ്ടാടി. ഫ്ളവേഴ്സ് ടി.വി യു.എസ്.എ അമേരിക്കൻ മലയാളികളുടെ വ്യാപകമായ പിന്തുണയോടെ നൃത്ത പ്രതിഭകൾക്കായി ‘ലെറ്റസ് ഡാൻസ് അമേരിക്ക’ എന്ന മത്സരം നടത്തിയിരുന്നു. ഇതിൽ ഒന്നാം സമ്മാനാർഹർ ഹൂസ്റ്റണിൽ നിന്നുള്ള നവ്യ ബിജു, രേണു സുനിൽ, റിൻഷാ ആൻ കോശി, റിയ മറിയം ബിജു, റോമാ സാറ കോശി, റോണാ മറിയ കോശി എന്നിവരടങ്ങിയ ടീം ആയി. പ്രമുഖ നർത്തകിയും നടിയുമായ ആശ ശരത്തൽനിന്ന് ഇവർ സമ്മാനം ഏറ്റുവാങ്ങി.

ഇന്ത്യൻ സിനിമയുടെ ജനപ്രിയ താരങ്ങളും നർത്തകരും ഗായകരും, അമേരിക്കൻ മലയാളികളായ കലാസാംസ്‌കാരിക പ്രതിഭകൾക്കൊപ്പം അണി നിരന്ന വർണാഭമായ വേദിയിലാണ് പ്രേക്ഷകരെ ആവേശക്കൊടുമുടിയിൽ എത്തിച്ച വിവിധ പരിപാടികളോടെ മെഗാ താര നിശയും നടന്നത്. ഈ താരനിശയിൽ സെലിബ്രിറ്റി ഗസ്റ്റായി ആശ ശരത്തും ചലച്ചിത്ര താരം അനു സിത്താര, പ്രമുഖ നർത്തകൻ നീരവ് ബവ്‌ലേച്ച, അനുഗ്രഹീത ഗായകൻ ജാസി ഗിഫ്റ്റ്, ഗായിക മെറിൻ ഗ്രിഗറി എന്നിവരും വേദി അലങ്കരിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാംമൂഹികസാംസ്‌കാരിക പ്രതിനിധികൾക്കൊപ്പം ഫ്ളവേഴ്സ് ടി.വി യു.എസ്.എയുടെ അവതാരകരും അണിയറപ്രവർത്തകരും ഷിക്കാഗോയിലെത്തിയിരുന്നു .