ഹമാസ് ആക്രമണത്തെ തുടർന്ന് കാണാതായ കനേഡിയൻ-ഇസ്രായേൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതായി കുടുംബം അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച തെക്കൻ ഇസ്രായേലിൽ നടന്ന സംഗീതോത്സവത്തിൽ ഹമാസ് തീവ്രവാദികൾ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടർന്നാണ് കനേഡിയൻ ഇസ്രായേൽ വനിതയെ കാണാതാവുന്നത്. കിബ്ബട്ട്‌സ് റീമിന് സമീപമുള്ള ഉത്സവത്തിനിടെ നടന്ന ആക്രമണത്തിൽ 22 വയസ്സുളള ഷിർ ജോർജിയെ ഹമാസ് കൊലപ്പെടുത്തിയതായി യുവതിയുടെ ബന്ധുവായ മൈക്കൽ ബൗഗാനിം അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ജോർജിയുടെ മരണവാർത്ത പിതൃസഹോദരി പുറത്തുവിട്ടത്.
ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ മരിക്കുന്ന നാലാമത്തെ കാനേഡിയൻ പൗരയാണ് ജോർജി. ഇസ്രായേലിലെയും കാനഡയിലെയും ഇരട്ട പൗരത്വമുള്ള ജോർജി, ഒക്‌ടോബർ 7-ന് ഗാസ മുനമ്പിന്റെ അതിർത്തി പ്രദേശമായ നെഗേവ് മരുഭൂമിയിലെ സൂപ്പർനോവ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹമാസ് സംഘം ആക്രമിക്കാനെത്തിയത്. ബൗഗാനിം ഓൺലൈനിൽ ഷെയർ ചെയ്ത 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ജോർജിയെ ഭയന്നുവിറച്ച്, പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കിടയിൽ ഇരിക്കുന്നതായി കാണാമായിരുന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ ഹമാസ് തീവ്രവാദികൾ അഴിച്ചുവിട്ട ആക്രമണത്തിൽ ഔട്ട്ഡോർ ഫെസ്റ്റിവലിൽ പങ്കെടുത്തവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. 2007 മുതൽ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ വ്യോമാക്രമണത്തിലൂടെയും പ്രദേശത്തെ വെള്ളവും വൈദ്യുതിയും തടസ്സപ്പെടുത്തിയും ഇസ്രായേൽ തിരിച്ചടിച്ചു. ഇസ്രായേൽ അധിനിവേശത്തിൽ പലസ്തീനികൾ നേരിടുന്ന മോശമായ അവസ്ഥയ്ക്കുള്ള പ്രതികാരമാണ് ആക്രമണമെന്ന് ഹമാസ് പറഞ്ഞു. വടക്കൻ ഗാസയിൽ താമസിക്കുന്ന ഒരു ദശലക്ഷത്തിലധികം ആളുകളോട് പ്രദേശം ഒഴിയാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു.
അതേസമയം, ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 400 പലസ്തീനികള്ളാണ്. 1500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റിയിൽ മാത്രം 260 പേർ കൊല്ലപ്പെട്ടന്നാണ് കണക്കുകൾ. ജബലിയ അഭയാർത്ഥി ക്യാമ്പിൽ 40 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്