ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: കേരളീയ വസ്ത്രമണിഞ്ഞ് താലപ്പൊലിയേന്തിയ മങ്കമാരും കൗമാരക്കാരും , അവര്‍ക്കു പിന്നിലായി 14 പേരടങ്ങിയ ചെണ്ടമേളക്കാര്‍, മുത്തുക്കുടയുടെ അകമ്പടിയോടെ സര്‍വ്വാഭരണ ഭൂഷണിതനായി രാജകീയ വസ്ത്രവും കിരീടവുമണിഞ്ഞെത്തിയ മാഹാബലി തമ്പുരാന് രാജകീയ പ്രൗഢിയോടെ എഴുന്നെള്ളിയപ്പോള്‍ ന്യൂജേഴ്സിയിലെ പാറ്റേഴ്സണിലുള്ള സെയിന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് പള്ളി ഓഡിറ്റോറിയം അക്ഷരാര്‍ത്ഥത്തില്‍ കേരള തനിമകൊണ്ടു സമ്പൂര്‍ണ വിരാജിതമായി.മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി (മഞ്ച്യു)ടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച്ച നടന്ന ഈ വര്‍ഷത്തെ ഓണാഘോഷം സമാനതകളില്ലാത്ത ഉത്സവ മേളമായി മാറി.
വൈകുന്നേരം ആറിന് വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് പള്ളിയുടെ പാര്‍കിംഗ് ലോട്ടില്‍ നിന്നാരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര ഓഡിറ്റോറിയത്തില്‍ പ്രവേശിച്ച ശേഷം മുന്‍ നിരയില്‍ നീങ്ങിയ താലപ്പൊലിയേന്തിയ മങ്കമാര്‍ സ്റ്റേജിനിരുവശവും അണി നിരന്നു. പിന്നാലെയെത്തിയ ചെണ്ടമേളക്കാര്‍ കൊട്ടിത്തിമര്‍ത്തുകൊണ്ട് വേദി കീഴടക്കി. തുടര്‍ന്ന് മുത്തുക്കുടയുടെ അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു.
ഒപ്പം മുഖ്യാതിഥി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളില്‍, സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍, മഞ്ച് ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരും മാവേലിയെ അനുഗമിച്ചിരുന്നു. ചെണ്ട മേളക്കാരുടെ മേളക്കൊഴുപ്പിനൊപ്പം കാണികളും ഹര്‍ഷാരവും മുഴക്കിയപ്പോള്‍ മാവേലി മന്നന് പ്രജകള്‍ക്ക് ആശിര്‍വാദമര്‍പ്പിച്ചുകൊണ്ടിരുന്നു.
ചെണ്ടമേളക്കാര്‍ കൊട്ടിക്കലാശം നടത്തിയതിനു ശേഷം മാവേലി മന്നന് ഓണാശംസകള്‍ നേര്‍ന്നു. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി െ്രെടസ്റ്റേറ്റ് മേഖലയിലെ വിവിധ അസോസിയേഷനുകളില്‍ മാവേലി വേഷം കെട്ടിവരുന്ന അപ്പുക്കുട്ടന് പിള്ളയായിരുന്നു മഞ്ച് ഓണത്തിനായി മാവേലി വേഷം കെട്ടിയത്. മാവേലി വേഷത്തില്‍ അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ പത്താമത്തെ വേദിയായിരുന്നു മഞ്ചിന്റേത്.
തുടര്‍ന്ന് മഞ്ചിന്റെ അംഗങ്ങളായ മലയാളി മങ്കമാര്‍ തിരുവാതിരയാടി വേദിയെ വീണ്ടും സജീവമാക്കി.കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി ഇന്നു നിന് മാരന് വന്നോ മധുരം തന്നോ… എന്നു തുടങ്ങുന്ന യൂസഫലി കേച്ചേരി രചിച്ച സ്നേഹം എന്ന ചിത്രത്തില്‍ ആരഭി രാഗത്തില്‍ പെരുമ്പാവൂര്‍ രവീന്ദ്രനാഥ് ഈണം നല്കിയ ഈ ഗാന ശകലത്തെ അര്‍ത്ഥപൂര്‍ണമാക്കിയ അസല്‍ നൃത്തം തന്നെയാണ് മഞ്ചിന്റെ അംഗനമാര്‍ അടിയത്. നടന ചടുലതയും ആകാര ഭംഗിയും ഒത്തു ചേര്‍ന്ന ശൃംഗാര ലാസ്യലയ ഭാവങ്ങള്‍ കോര്‍ത്തിണക്കിയ തിരുവാതിരയോടെ ഓണാഘോഷം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. തുടര്‍ന്ന് മഞ്ച് ട്രസ്റ്റി ബോര്‍ഡ് അംഗം രാജു ഫിലിപ്പ് ലോകം മുഴുവന്‍ സുഖം പകരാനായി… എന്ന പ്രാത്ഥന ഗാനമാലപിച്ചു. ജോവാന മനോജ് ഓപ്പണിംഗ് ഡാന്‍സ് അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. 9/11 അനുസ്മരണ ദിനമായ അന്ന് ആ ദുരന്തത്തില്‍ മരിച്ച നിരപരാധികളായ എല്ലാ അമേരിക്കക്കാര്‍ക്കു വേണ്ടിയും ഐഡ കൊടുങ്കാറ്റില്‍ മരണമടഞ്ഞവര്‍ക്കും വേണ്ടിയുള്ള മൗന പ്രാര്‍ത്ഥനയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. മഞ്ച് ഡാന്‍സ് ഫോര്‍ ലൈഫ് ഡാന്‍സ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയുടെയും മഞ്ച് ഓണാഘോഷത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ഭദ്ര ദീപം കൊളുത്തികൊണ്ട് നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം ഓണ സന്ദേശം നല്കി.
ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി ഫൊക്കാനയുടെ പ്രവര്‍ത്തങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. ഫൊക്കാന രാജഗിരി ഹെല്‍ത്ത് ബെനിഫിറ്റ് പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനം മഞ്ച് പ്രസിഡണ്ട് മനോജ് വാട്ടപ്പള്ളിയ്ക്ക് നല്‍കിക്കൊണ്ട് ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി നിര്‍വഹിച്ചു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഷാജി വര്‍ഗീസ്, ഫൊക്കാന മുന്‍ പ്രസിഡണ്ടും കണ്വെന്ഷന് ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്ററുമായ പോള്‍ കറുകപ്പള്ളില്‍, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, കണ്വെന്ഷന് നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ നാഷണല്‍ ജനറല്‍ സെക്രെട്ടറി പിന്റോ ചാക്കോ, വേള്‍ഡ് മലയാളി ഫെഡറേഷന് നേതാവ് ആനി ലിബു, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി പോത്തന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മഞ്ച് ഡാന്‍സ് ഫോര്‍ ലൈഫ് ഡാന്‍സ് മത്സരത്തിലെ വിധി കര്‍ത്താക്കളായ ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണും പ്രമുഖ ഡാന്‍സ് അധ്യാപികയുമായ ഗുരു ഡോ. കല ഷഹി, പ്രമുഖ ഡാന്‍സ് അധ്യാപികയും കൊറിയോഗ്രാഫറുമായ ബിന്ധ്യാ ശബരി എന്നിവര്‍ ഡാന്‍സ് മത്സരത്തിലെ വിധി നിര്‍ണയത്തെക്കുറിച്ചും പെര്ഫോമന്സിനെക്കുറിച്ചും വിശദീകരിച്ചു. മറ്റൊരു വിധികര്‍ത്താവായ പ്രശസ്ത നടിയും കൊറിയോഗ്രാഫറും നര്‍ത്തകിയുമായ കൃഷ്ണപ്രിയ വീഡിയോ സന്ദേശത്തിലൂടെ ജേതാക്കളെ അഭിനന്ദിച്ചു.
മഞ്ച് ഡാന്‍സ് ഫോര്‍ ലൈഫിലെ ജേതാക്കളുടെ ഡാന്‍സ് പെര്‍ഫോമന്‍സും അരങ്ങേറി. സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ രേവ പവിത്രന്, രണ്ടാം സ്ഥാനം നേടിയ നിമ്മി റോയി, ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സിദ്ധാര്‍ത്ഥ് പിള്ള, മൂന്നാം സ്ഥാനം നേടിയ ജിസ്മി മാത്യു എന്നിവരുടെ തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സാണ് അരങ്ങേറിയത്. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി. ഓരോ വിഭാഗത്തിലും വിജയികളായവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി സജിമോന്‍ ആന്റണി, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, മഞ്ച് പ്രസിഡണ്ട് മനോജ് വട്ടപ്പള്ളില്‍, മഞ്ച് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഷാജി വര്‍ഗീസ്, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹി,ഫൊക്കാന അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, വേള്‍ഡ് മലയാളി കൗണ്‍സില്‍ നാഷണല്‍ സെക്രെട്ടറി പിന്റോ ചാക്കോ, ബിന്ധ്യ ശബരി, ഫോക്കാന കണ്വെന്ഷന് ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍,ലത പോള്‍ കണ്വെന്ഷന് നാഷണല്‍ കോര്‍ഡിനറ്റര്‍ ലീല മാരേട്ട്, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി പോത്തന്, മഞ്ച് വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഷൈനി രാജു, ജോയിന്റ് ട്രഷറര്‍ ആന്റണി കല്ലകാവുങ്കല്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ രാജു ജോയി, കേരള ലോക സഭാഗം ആനി ലിബു തുടങ്ങിയവര്‍ ചേര്‍ന്നാണ് സമ്മാനദാനങ്ങള്‍ നിര്‍വഹിച്ചത്.
രാജു ജോയിയുടെ കുട്ടനാടന്‍ പുഞ്ചയിലെ എന്ന് തുടങ്ങുന്ന ഗാനം വള്ളം കളിയുടെ സ്മരണകളുണര്‍ത്തി. സീല്‍ സീലാസേ ചാഹത്ത് കാ…. എന്നു തുടങ്ങുന്ന ഹിന്ദി സിനിമ ഗാനം മികച്ച സ്വരശുദ്ധിയോടെ പാടിയ ഐറിന് തടത്തില്‍ ഏറെ ഹര്‍ഷാരവം നേടി. മഞ്ച് ഡാന്‍സ് ഫോര്‍ ലൈഫ് ഫൈനലിസ്റ്റുകളായ ആഞ്ചല, അഡോണിയ, ജൂഡിത്ത് മാത്യു എന്നിവരുടെ സിനിമാറ്റിക്ക് ഡാന്‍സ് പെര്‍ഫോര്‍മാന്‍സും ഉണ്ടായിരുന്നു.
മഞ്ച് ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പിള്ള നന്ദിയും പറഞ്ഞു. മഞ്ച് സെക്രെട്ടറി ഫ്രാന്‍സിസ് തടത്തില്‍, ജോയിന്റ് സെക്രെട്ടറി ഷൈനി രാജു, ഫൊക്കാന സെക്രെട്ടറി സജിമോന്‍ ആന്റണി എന്നിവര്‍ ആയിരുന്നു പരിപാടിയുടെ അവതാരകര്‍.
ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നമ്മുടെ മലയാളം െ്രെതമാസികയുടെ പ്രകാശനം മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഫ്രാന്‍സിസ് തടത്തിലിന് നല്‍കിക്കൊണ്ട് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു. പ്രശസ്ത സഹത്യാകാരനും നിരൂപകനുമായ ഡോ. എം.എന്‍. കാരശ്ശേരി വീഡിയോ സന്ദേശത്തിലൂടെ െ്രെതമാസികയുടെ പ്രകാശനത്തിന് ആശംസയര്‍പ്പിച്ചു.
ഓണാഘോഷ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് പ്രശസ്ത ഡി ജെ ജോക്കി കൊട്ടരക്കര നടത്തിയ െ്രെടസ്റ്റേറ്റ് ഡാന്‍സ് ജോക്കി പെര്‍ഫോമന്‍സ് എല്ലാ കാണികളെയും ഇളക്കി മറിക്കുന്ന തരത്തിലായി മാറി. മിക്കവാറുമുള്ള എല്ലാ കാണികളും ജിത്തു കൊട്ടാരക്കരയുടെ താളത്തിനൊപ്പം ചുവടു വയ്പുമായി സ്റ്റേജില്‍ കൈയ്യടക്കി ആവേശത്തിമിര്‍പ്പിലാറാടുകയായിരുന്നു അവസാനത്തെ 20 മിനിറ്റ്.ആവേശം അല്‍പ്പം പോലും ചോരാത്ത ഈ പ്രകടനത്തോടെ ഓണാഘോഷത്തിന് തിരശീല വീണു.