ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എസ്.ജി.പി.ജി.ഐ.എം.എസ്) മുൻ ബിജെപി എംപിയുടെ മകൻ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചു. ഇതോടെ ഉത്തർപ്രദേശിലെ മെഡിക്കൽ സൗകര്യങ്ങളുടെ കുറവ് വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുന്നു. അത്യാഹിത വിഭാഗത്തിൽ പോലും ബെഡ് ലഭിക്കാതെ വരികയും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു.വിഐപികളുടെ അവസ്ഥ ഇതാണെങ്കിൽ സംസ്ഥാനത്തെ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ലഖ്‌നൗവിൽ എല്ലാവരും ഒരേ പ്രശ്നമാണ് നേരിടുന്നതെന്ന് ഒരു എക്സ് (പഴയ ട്വിറ്റർ) ഉപയോക്താവ് പറഞ്ഞു. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോ വാർഡിൽ കടുത്ത കരൾ രോഗ ബാധിതനായ ഒരു രോഗിയ്ക്ക് സിങ്ക് അടങ്ങിയ മൾട്ടിവിറ്റമിൻ ഗുളിക ഒരു ഡോക്ടർ നിർദ്ദേശിക്കുന്നത് താൻ കണ്ടതായി മറ്റൊരു ഉപയോക്താവ് പറഞ്ഞു.എന്നാൽ ലഖ്‌നൗവിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് സർക്കാർ ജീവനക്കാർക്കും മന്ത്രിമാർക്കും വേണ്ടിയുള്ളതാണെന്ന് മറ്റൊരാൾ കുറിച്ചു. ഇവിടെ സാധാരണക്കാരെ “സ്വർഗ്ഗത്തിലേക്കാണ്” റഫർ ചെയ്യുന്നതെന്നും ഒരാൾ പരിഹാസരൂപേണ പറഞ്ഞു.ബിജെപി മുൻ എംപിയുടെ മകൻ മരിച്ചത് എങ്ങനെ? ബന്ദ ഭൈറോണിൽ നിന്നുള്ള മുൻ എംപി പ്രസാദ് മിശ്ര, ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മകൻ പ്രകാശ് മിശ്രയുമായി (40) എസ്ജിപിജിഐയുടെ എമർജൻസി വാർഡിൽ എത്തിയത്. പ്രകാശിന് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നില ആശുപത്രിയിൽ എത്തിയിട്ടും വഷളായിക്കൊണ്ടിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോസ്പിറ്റൽ സ്റ്റാഫ് ബെഡിന്റെ കുറവ് ചൂണ്ടിക്കാട്ടി രോഗിയ്ക്ക് പ്രവേശനം നിഷേധിച്ചു. ആശുപത്രിയിൽ എത്തി ഒരു മണിക്കൂറിന് ശേഷം പ്രകാശ് മരിക്കുകയായിരുന്നു. തുടർന്ന് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി മുൻ എംപി ആശുപത്രിയിൽ ‘ധർണ’ നടത്തി. ഇതിനെ തുടർന്ന് എസ്.ജി.പി.ജി.ഐ.എം.എസ് ഡയറക്ടർ പ്രൊഫ.ആർ.കെ. ധിമൻ സ്ഥലത്തെത്തി നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.യുപി ഗവൺമെന്റും ആശുപത്രി അധികൃതരും സ്വീകരിച്ച നടപടി സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. “പ്രഥക ദൃഷ്ടിയിൽ കുറ്റക്കാരനാണെന്ന്” കണ്ടെത്തിയ ഡോക്ടറെ ഇൻസ്റ്റിറ്റ്യൂട്ടിലെ സേവനങ്ങളിൽ നിന്ന് ഒഴിവാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഡയറക്ടർക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് അനുസരിച്ച് പിജിഐ വിഷയം പരിശോധിക്കാൻ മൂന്നംഗ സമിതിക്ക് രൂപം നൽകി. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുൻ എംപിയുടെ ചിത്രകൂടിലെ വസതി സന്ദർശിച്ചു. വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടിയെടുക്കുമെന്നും അറിയിച്ചു. ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ബ്രജേഷ് പഥക് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പിജിഐ ഡയറക്ടർക്ക് മുന്നറിയിപ്പ് നൽകിയതായി എക്‌സിൽ കുറിച്ചു.
ലഖ്‌നൗവിലെ പിജിഐ വിവിഐപികൾക്ക് വേണ്ടി മാത്രമുള്ളതോ? ഒരു എക്സ് ഉപയോക്താവ് മുകളിൽ സൂചിപ്പിച്ചത് പോലെ “സാധാരണക്കാരെ പിജിഐയിൽ നിന്ന് സ്വർഗത്തിലേക്ക് റഫർ ചെയ്യുമെന്നത്“ ഒരാളുടെ മാത്രം അഭിപ്രായമല്ല, ലഖ്‌നൗവിലെ ഓരോ സാധാരണക്കാരുടെയും പൊതു വീക്ഷണമാണിത്. നിങ്ങൾ ഒരു വിവിഐപി ആണെങ്കിൽ മാത്രമേ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ക്രിട്ടിക്കൽ കെയർ മെഡിസിൻ യൂണിറ്റിൽ പ്രവേശനം ലഭിക്കുകയുള്ളൂവെന്ന് രോഗികൾ തന്നെ പറയുന്നു.
1,600 കിടക്കകളുള്ള ഈ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ ആകെ 20 കിടക്കകൾ മാത്രമേ ഉള്ളൂവെന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ ഒരു രോഗിയ്ക്ക് ക്രിട്ടിക്കൽ കെയറിൽ പ്രവേശനം ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം മിക്ക കിടക്കകളും വിവിഐപികൾക്കായി നീക്കി വച്ചിരിക്കുന്നവയായിരിക്കും. കൂടാതെ ക്രിട്ടിക്കൽ കെയർ പ്രവേശനത്തിനുള്ള നടപടിക്രമം ഒട്ടും സുതാര്യവുമല്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്പാർട്ട്‌മെന്റ് മേധാവികളുടെയും (HoD) ഡോക്ടർമാരുടെയും താൽപ്പര്യങ്ങളനുസരിച്ചാകും ഇവിടെ അഡ്മിഷൻ ലഭിക്കുകയെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചാർബാഗ് നിവാസിയായ സുരേന്ദ്ര സ്വരൂപ് തന്റെ പിതാവിനെ സിസിഎമ്മിൽ പ്രവേശിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അദ്ദേഹത്തോട് വെയിറ്റിംഗ് ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യാനാണ് അധികൃതർ പറഞ്ഞത്. 21 ദിവസം ഇതിന് പിന്നാലെ നടന്നിട്ടും അച്ഛനെ അഡ്മിറ്റ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
“എന്റെ അച്ഛൻ ഒരു വിവിഐപി അല്ലാത്തതിനാൽ അദ്ദേഹത്തിന് ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശനം നിഷേധിച്ചു. ഉന്നതരുമായി ബന്ധമുള്ള മറ്റുള്ളവർക്ക് പ്രവേശനം ലഭിക്കുന്നത് ഞാൻ കണ്ടിരുന്നു. ഒടുവിൽ, എന്റെ പിതാവ് ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ വച്ചാണ് മരിച്ചതെന്നും” സ്വരൂപ് പറഞ്ഞു.
ഒരു മികച്ച ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിന്റെ ശേഷി 20% ആയിരിക്കണം. ഈ കണക്കനുസരിച്ച്, സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഏകദേശം 320 ക്രിട്ടിക്കൽ കെയൽ ബെഡുകൾ ഉണ്ടായിരിക്കണം, എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഇവിടെ 20 കിടക്കകൾ മാത്രമേയുള്ളൂ, ഇത് ഏകദേശം 0.8% മാത്രമാണെന്ന്” ആശുപത്രി ജീവനക്കാർ തന്നെ പറയുന്നു.
“പിജിഐയിൽ ഉൾക്കൊള്ളാവുന്നതിലും അധികം രോഗികൾ നിലവിൽ ഇവിടെയുണ്ട്. വെറും 20 സിസിഎം ബെഡുകളാണുള്ളത്. അതിനാൽ എല്ലാവരെയും പ്രവേശിപ്പിക്കാനാവില്ല. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ, മറ്റ് പ്രധാന മെഡിക്കൽ സെന്ററുകൾ, അല്ലെങ്കിൽ സംസ്ഥാനത്തെ മറ്റ് ആശുപത്രികൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ക്രിട്ടിക്കൽ കെയർ ബെഡുകൾ വർദ്ധിപ്പിക്കുക എന്നതാണ് ഇതിന് പ്രതിവിധി“ പിജിഐ ഡയറക്ടർ രാധാ കൃഷ്ണ ധിമൻ പറഞ്ഞു.
ഉത്തർ പ്രദേശിലെ മോശം മെഡിക്കൽ സൌകര്യങ്ങൾ അഞ്ച് വർഷം മുമ്പ് അതായത് 2018ൽ, ഉന്നാവോയിലെ ഒരു സർക്കാർ ആശുപത്രിയിൽ വൈദ്യുതി ലഭ്യത കുറവായതിനെ തുടർന്ന് 32 തിമിര രോഗികൾക്ക് ടോർച്ച് ലൈറ്റ് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അതേ വർഷം തന്നെ ഗോരഖ്പൂരിലെ സർക്കാർ നിയന്ത്രണത്തിലുള്ള ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിൽ 48 മണിക്കൂറിനുള്ളിൽ 30 കുട്ടികൾ മരിച്ചതും വാർത്തയായിരുന്നു.
ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്‌സിന്റെ (ഐപിഎച്ച്എസ്) അഞ്ച് വർഷം മുമ്പുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ ഗ്രാമീണ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും പ്രാഥമിക ആരോഗ്യ പരിരക്ഷാ നിഷേധിക്കപ്പെടുന്നു എന്നാണ്.
യുപിയിലെ മോശം ആരോഗ്യ പരിരക്ഷാ സംവിധാനത്തിന് കാരണം
ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച് ഹെൽത്ത് കെയർ പ്രൊഫഷണലുകളുടെ കുറവ്, ആരോഗ്യ സംരക്ഷണത്തിനായുള്ള വർദ്ധിച്ചു വരുന്ന ചെലവ്, കൂണുപോലെ വളരുന്ന സ്വകാര്യ ആശുപത്രികൾ, ആസൂത്രണത്തിന്റെ അഭാവം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതിന് കാരണം. വ്യാജ ഡോക്ടർമാരടക്കം സംസ്ഥാനത്ത് വ്യാപകമാണ്.