ചില കാര്യങ്ങള്‍ നമ്മള് പകുതി വായിച്ചിട്ട് തീരുമാനം എടുക്കും ഇത് അതു തന്നെയാണ് എന്ന് ഉറപ്പിക്കും. പക്ഷെ പിന്നീട് ആണ് അബദ്ധം പറ്റിയെന്ന് മനസിലാകുക. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ എന്നോട് പങ്കു വച്ചതും എന്റെ വ്യക്തിപരമായ ജീവിതത്തില്‍ കണ്ടതുമായ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
എന്റെ ബന്ധത്തില്‍പ്പെട്ട ഒരു കുട്ടി, അവള് ഒരു ആശുപത്രിയില്‍ പുതിയ ജോലിയില്‍ കയറിയ സമയമായിരുന്നു അപ്പോള്‍ സ്വഭാവികമായും ആ ജോലിയെ കുറിച്ചു ഞാന്‍ ചോദിച്ചു അപ്പോഴാണ് അവള്‍ക്ക് പറ്റിയ ഒരു അബദ്ധം പങ്കു വച്ചത്. ജോലിയുടെ ഭാഗമായി ക്ലാസുകള്‍ ഉണ്ടായിരുന്നു. ക്ലാസ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് കണ്ടപ്പോള്‍ തന്നെ പിന്നീട് അങ്ങോട്ട് വായിച്ചു നോക്കാന്‍ തോന്നിയില്ല കാരണം ഇത് എന്റെ വീടിന് തൊട്ട് അടുത്തുള്ള ആശുപത്രിയുടെ തന്നെ ഭാഗമായ ഒരു കെട്ടിടമാണ് അതുകൊണ്ടു തന്നെ ആ അഡ്രസ് മുഴുവനും വായിക്കുവാന്‍ തോന്നിയില്ല. കുറച്ചു കൂടി താഴേക്ക് വായിച്ചിരുന്നെങ്കില്‍ മനസിലാകുമായിരുന്നു ശരിക്കും പോകേണ്ടിയിരുന്ന ലൊക്കേഷന്‍ അത് അല്ലായിരുന്നു എന്ന്. ക്
ലാസ് തുടങ്ങുന്നതിന് 15 മിനിറ്റു മുന്‍മ്പ് കുട്ടി എത്തി ചേര്‍ന്നു. പോകേണ്ടിയിരുന്ന സ്ഥലത്ത് അല്ല എത്തി ചേര്‍ന്നത് എന്നുള്ളതായിരുന്നു സത്യം, അവിടെ ക്ലാസില്‍ വരേണ്ട അവളുടെ കൂട്ടുകാരെ ആരേയും കാണുന്നില്ല അവിടെ കണ്ടവരോടു ഈ ക്ലാസിനെ കറിച്ചു ചോദിക്കുന്നു അപ്പോഴാണ് അഡ്രസിലേക്കു നോക്കുന്നതും തനിക്കു പറ്റിയ തെറ്റു മനസിലാക്കുകയും അവിടെ ചെല്ലുമ്പോള്‍ താമസിക്കുമല്ലോ എന്ന ടെന്‍ഷന്‍ വേറേയും… തന്നെ ഡ്രൈവ് ചെയ്തു വന്നതു കാരണം കുറച്ചു കൂടി എളുപ്പമായി. എന്നാലും എന്തു മാത്രം മാനസിക സംഘര്‍ഷത്തില്‍ കൂടിയാണ് ആ കുട്ടി കടന്നു പോയത് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു ആദ്യമേ അഡ്രസ് നന്നായി വായിച്ചു മനസിലാക്കിയിരുന്നെങ്കില്‍ ഈ അനാവശ്യ ടെന്‍ഷന്‍ ഒഴിവാക്കാമായിരുന്നു.
ഇനി പറയാന്‍ പോകുന്നത് എനിക്കു പറ്റിയ ഒരു അബദ്ധം ആണ്. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കേണ്ട സമയം വന്നപ്പോള്‍ ലൈസന്‍സ് പുതുക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ സെക്ക്യുരിറ്റി കാര്‍ഡ് കൊണ്ടു പോകേണ്ടാതായിട്ടുണ്ടായിരുന്നു. ഓഫീസില്‍ എത്തി എന്റെ പേര് വിളിക്കുന്ന ഊഴവും കാത്ത് ഞാന്‍ ഇരിക്കുകയാണ്. പേരു വിളിച്ചു ഞാന്‍ അകത്തേക്ക് കടക്കുന്നു. എനിക്ക് വിപരിതമായി ഇരിക്കുന്ന സ്ത്രി എന്നോട് കൊണ്ടു വന്നിരിക്കുന്ന ഡോക്കുമെന്റ്സ് ആവശ്യപ്പെട്ടു. ഞാന്‍ ഒരു കൂസലുമില്ലാതെ എടുത്തു കൊടുത്തു. അവര്‍ ഓരോന്നായി പരിശോധിക്കാന്‍ തുടങ്ങി. ഇളം നീല കളറിലുള്ള ഒരു കാര്‍ഡ് എടുത്ത് എന്റെ മുമ്പിലേക്ക് വച്ചിട്ട് പറഞ്ഞു ഇത് നിങ്ങളുടെ നേഴ്സിംങ്ങ് ലൈസന്‍സാണ് ഇത് ഇവിടെ ആവശ്യമില്ല.
ഞാന്‍ അക്ഷരാര്‍ദ്ധത്തില്‍ ഞെട്ടി പോയി. സോഷ്യല്‍ സെക്ക്യുരിറ്റി കാര്‍ഡാണ് ഇവിടെ വേണ്ടത് അതിനു പകരം അതുപോലെ തന്നെ ഇരിക്കുന്ന നേഴ്സിംങ്ങ് ലൈസന്‍സിന്റെ കാര്‍ഡും ആയിട്ട് വന്ന് ഇരിക്കുന്ന എന്നെ ഓര്‍ത്ത് എനിക്കു തന്നെ പുച്ഛം തോന്നി. രണ്ടു കാര്‍ഡിന്റേയും നിറം ഏകദേശം ഒരുപോലെയാണ്
ടെക്സാസ് ബോര്‍ഡ് ഓഫ് നേഴ്സിംങ്ങില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് നേഴ്സിംഗ് ബോര്‍ഡ് പരീക്ഷ പാസായ ലൈസന്‍സ് എക്സ്പയേറി ഡേറ്റ് കഴിഞ്ഞിട്ടും ഓര്‍മ്മക്കു വേണ്ടി ഒരു നിധി പോലെ സോഷ്യല്‍ സെക്ക്യൂരിറ്റി കാര്‍ഡിനൊപ്പം സൂക്ഷിച്ചു വച്ചിരുന്നു അതാണ് ഇപ്പോള്‍ വിനയായി മാറിയത്.
വായിച്ചു നോക്കാതെ കൊണ്ടു വന്നതു കൊണ്ടു സംഭവിച്ച ഒരു തെറ്റ്. എന്റെ മുന്മ്പില് ഇരിക്കുന്ന ലേഡി എന്നോടു കരുണ കാണിച്ചതു കൊണ്ട് എനിക്ക് തിരിച്ചു പോകേണ്ടിവന്നില്ല.
മറ്റൊരു വ്യക്തിക്ക് പറ്റിയ പിഴ എന്താണ് എന്നു വച്ചാല്‍ ഈ ഓഫീസില്‍ തന്നെ എന്തോ ആവശ്യത്തിന് വരുന്നു. ആ സമയത്ത് തിരക്കു മൂലം മറ്റൊരു ദിവസത്തേക്ക് അപ്പോയന്റ്മെന്റ് കൊടുത്തു വിടുന്നു. അതിന്റെ ക്യത്യമായ അഡ്രസ് കൊടുക്കുന്നു അതുപോലെ ഈ മെയിലിലും അവര്‍ പുതിയ അപ്പോയ്ന്റെിന്റെ കാര്യം ഓര്‍മ്മപ്പെടുത്തിയിരുന്നു. ഈ വ്യക്തി പൂര്‍ണ്ണമായും വായിച്ചു നോക്കുന്നില്ല. പറഞ്ഞ ഡേറ്റില്‍ ഓഫീസില്‍ എത്തുന്നു. അവിടെ എത്തിയപ്പോഴാണ് മനസിലാകുന്നത് അവര്‍ കൊടുത്ത അപ്പോയ്ന്റ്മെന്റ് മറ്റൊരു ലൊക്കേഷനിലെ അവരുടെ തന്നെ ഓഫീസ് ആയിരുന്നു എന്നത്.
മറ്റൊരു കഥ ഇങ്ങിനെ, ‘ഡോക്റ്റര്‍ അപ്പോയിന്റ്മെന്റ് ഒരു ചൊവ്വാഴ്ചയായിരുന്നു. പക്ഷെ എങ്ങിനേയോ മനസില്‍ കയറി പറ്റി അത് ബുധനാഴ്ച ആണ് എന്ന്. ഡോക്റ്റര്‍ ഓഫീസില്‍ നിന്ന് രണ്ടു മണിക്കൂറിന് മുന്‍മ്പ് ഫോണില്‍ ടെക്സ്റ്റ് മെസേജ് വന്നു അത് രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ അപ്പോയ്മെന്റ് ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടുള്ളതായിരുന്നു. ഒ. കെ എന്നു പറഞ്ഞ് തിരിച്ചു മെസേജ് അയച്ചു. മനസ് അപ്പോഴും ബുധനാഴ്ചത്തെ അപ്പോയ്മെന്റിന്റെ ഓര്‍മ്മപ്പെടുത്തലാണ് എന്നുള്ള ചിന്തയിലാണ് ഓ.ക്കെ പറഞ്ഞു തിരിച്ചയച്ചത്. രണ്ടു മണിക്കൂറിനു ശേഷം അവര്‍ എന്നെ തീര്‍ച്ചയായും പ്രതീക്ഷിച്ചിട്ടുണ്ടാകണം. പക്ഷെ ഞാന്‍ ചെന്നില്ല. പിറ്റെ ദിവസം ബുധനാഴ്ച എത്തി എന്റെ മനസില്‍ ഞാന്‍ 100% ധരിച്ചു വച്ചിരിക്കുന്ന അപ്പോയ്മെന്റ്
ദിവസം ബുധനാഴ്ച ആയിരുന്നു. പെട്ടെന്ന് തലേ ദിവസം ഫോണില്‍ വന്ന മെസേജ് നോക്കുവാന്‍ തോന്നി അപ്പോഴാണ് മനസിലായത് ചൊവ്വാഴ്ചത്തെ അപ്പോയ്ന്റ്മെന്റ് ഓര്‍മ്മപ്പെടുത്തുവാനുള്ള മെസേജ് ആയിരുന്നു. ഇന്നലത്തെ മെസേജ് ശ്രദ്ധിച്ചു വായിച്ചിരുന്നുവെങ്കില്‍ എനിക്ക് എന്റെ അപ്പോയ്ന്റ് മിസ് ആകുകയില്ലായിരുന്നു. പെട്ടെന്ന് ഡോക്റ്റര്‍ ഓഫീസിലേക്ക് വിളിച്ച് തലേ ദിവസം എന്റെ ശ്രദ്ധ കുറവു കൊണ്ട് മിസ് ആയ അപ്പോയ്മെന്റിനെ വിളിച്ച് ക്ഷമ ചോദിച്ചു’
അതുപോലെ ജോലിയില്‍ രാവിലെ എത്തികഴിയുമ്പോള്‍ ചാര്‍ജ് നേഴ്സ് പറയുന്നു ഇന്ന് നിങ്ങള്‍ ഓഫാണല്ലോ അപ്പോഴാണ് ജോലിയാണെന്ന് വിചാരിച്ച് വന്ന തനിക്കു പറ്റിയ അബദ്ധം മനസിലാകുന്നത്. എവിടേയോ മനസില്‍ ഇന്ന് ജോലിയാണ് എന്ന് തോന്നി ജോലിക്കു വരുന്നു. സത്യത്തില്‍ അന്ന് അവധിയായിരുന്നു. തിരിച്ചും സംഭവിച്ചിട്ടുള്ള ആള്‍ക്കാരും ഉണ്ട്. ഇന്ന് അവധിയാണ് എറ്റു വിചാരിച്ച് വീട്ടില്‍ ഇരിക്കും പക്ഷെ യഥാര്‍ദ്ധത്തില്‍ അന്ന് ജോലി ഉണ്ട്. ജോലിയില്‍ ആളെ സമയത്തു കാണാതിരുന്നിട്ട് മനേജരുടെ ഫോണ്‍ കോള്‍ വരുമ്പോഴാണ് അന്ന് ജോലി ഉണ്ട് എന്നു മനസിലാകുന്നതും പിന്നെ ഓടിപിടിച്ച് ജോലിക്കു പോകേണ്ട അവസ്ഥയില്‍ എത്തി ചേരുന്നതും.
അങ്ങിനെ നീണ്ടു പോകുന്നു അബദ്ധങ്ങളുടെ ലിസ്റ്റുകള്‍. മറ്റൊരു കഥ ഇങ്ങിനെ, ‘എന്റെ സുഹ്യത്തിനെ യാത്ര അയക്കുവാന്‍ വേണ്ടി എയര്‍പോര്‍ട്ടില്‍ പോകുന്നു അവിടെ സെല്‍ഫ് ചെക്ക് ഔട്ട് ചെയ്യുവാന്‍ വേണ്ടി ഒരു കമ്പ്യൂട്ടറിനെ സമീപിക്കുന്നു. എന്റെ സുഹ്യത്ത് ബാഗില്‍ നിന്ന് പേപ്പര്‍ എടുത്ത് പേപ്പറില്‍ കാണിച്ചിരിക്കുന്ന നമ്പര്‍ കമ്പ്യൂട്ടര്‍ സ്ക്രിനില്‍ ടൈപ്പ് ചെയ്യുന്നു. കമ്പ്യൂട്ടര്‍ റിജക്റ്റ് ചെയ്യുന്നു. വീണ്ടും പേപ്പറില്‍ കാണുന്ന പല നമ്പരുകളു ടൈപ്പു ചെയ്യുന്നു. കമ്പ്യൂട്ടര്‍ ഒരു നമ്പരും എടുക്കുന്നില്ല. സ്വാഭാവികമായും സുഹ്യുത്തിനും എനിക്കും ടെന്‍ഷന്‍ ആകുന്നു. പിന്നെ എയര്‍പോര്‍ട്ടിലെ തന്നെ ജോലിക്കാരെ സമീപിക്കുന്നു.
അപ്പോഴാണ് അത് രണ്ട് ആഴ്ച മുന്‍മ്പ് യാത്ര ചെയ്ത യൂണൈറ്റഡ് എയര്‍ലൈന്‍സിന്റെ പേപ്പര്‍ ആണെന്നും അത് നോക്കി അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ കമ്പ്യൂട്ടറില്‍ അടിച്ചാല്‍ അത് എങ്ങിനെ ശരിയാകും എന്ന ഉള്ള ബോധ്യം വന്നത്.
ഇവിടെ എല്ലാം മനസിലാകുന്ന ഒരു കാര്യം നമ്മളുടെ കൈയ്യിലുള്ള ഇന്‍ഫോര്‍മേഷന്‍ നന്നായി കുറച്ചു സമയം എടുത്ത് വായിച്ചു നോക്കിയിരുന്നുവെങ്കില് നമ്മളുടെ വിലപ്പെട്ട സമയം നഷ്ടമാകുകയില്ലായിരുന്നു അതുപോല തന്നെ ടെന്‍ഷനും കുറക്കാമായിരുന്നു. ജീവിതത്തില്‍ കാണുന്ന മറ്റൊരു കാര്യം ചിലര്‍ സംസാരിച്ചു തുടങ്ങുമ്പോഴേ അതു പൂര്‍ത്തിയാക്കാന്‍ സമയം കൊടുക്കാതെ അവര്‍ പറയുവാന്‍ പോകുന്നത് ഇത് ആണ് എന്ന് ഊഹിച്ച് ഉത്തരം കൊടുക്കുന്നു. പക്ഷെ ഈ വ്യക്തി ഊഹിച്ചത് ഒന്നുമല്ല അവര്‍ പറയുവാന്‍ പോകുന്നത് എന്നതാണ് സത്യം.
വേറെ ചില ആള്ക്കാര് ചിന്തിക്കുന്നത് ഇപ്രകാരമായിരിക്കും ഇങ്ങിനെ ചെയ്താല്‍ വിജയം ഉറപ്പാണ് ചിലപ്പോള്‍ അതിന് വിപരിതമായി ചെയ്താല്‍ ആയിരിക്കും വിജയം ഉണ്ടാവുക എന്ന് മനസിലാക്കി വരുമ്പോള്‍ സമയം ഒത്തിരി അതിക്രമിച്ചിരിക്കും. ദൈവം നമ്മോളോട് രഹസ്യമായി പറയുന്നുണ്ട് നീ ചിന്തിച്ചു വച്ചിരിക്കുന്നത് തെറ്റാണ് ഒന്നു കൂടെ ആലോചിക്കുക. അതു പലപ്പോഴും നമ്മള് കേള്‍ക്കാറില്ല. അതുകൊണ്ട് എടുത്തു ചാടി പ്രവര്‍ത്തിക്കാതെ ദൈവം പറയുന്നത് കേള്‍ക്കാന്‍ കുറച്ചു സമയം കൊടുക്കുക. കൈയ്യില്‍ ഇരിക്കുന്ന ഡോക്ക്മെന്റ് ശരിയായത് ആണോ എന്ന് മനസിലാക്കി ജീവിതത്തിലെ ടെന്‍ഷന്‍ കുറക്കുക. എല്ലാംവര്‍ക്കും 2023 യിലെ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തുന്നു.
(ലാലി ജോസഫ്)