ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭാ സമിതി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള പൊതുചര്‍ച്ചാദിനത്തിന്റെ ഉത്ഘാടനച ടങ്ങിനോടനുബന്ധിച്ച് അമേരിക്കന്‍ പ്രതിനിധിയായി ആമുഖ പ്രസംഗം നടത്തി ലോകശ്രദ്ധനേടി മാധ്യമതാരമായ എമിലിന്‍ റോസ് തോമസിനെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ ആദരിച്ചു.
സെപ്തംബര്‍ 26 ഞായറാഴ്ച്ച ദിവ്യബലിയ്ക്കുശേഷം നടന്ന ലളിതമായ ചടങ്ങിലാണ് മതബോധനസ്കൂള്‍ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയും, ഗായകസംഘാംഗവുമായ എമിലിനെ ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കി ആദരിച്ചത്.
കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഉപസമിതി രണ്ടുവര്‍ഷത്തിലൊരിക്കല്‍ കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കി പൊതുചര്‍ച്ച നടത്താറുണ്ട്. കഴിഞ്ഞവര്‍ഷം നടക്കേണ്ടിയിരുന്ന പൊതുചര്‍ച്ചാദിനം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 16, 17 തിയതികളിലാണ് നടത്തിയത്.
16 നു ചേര്‍ന്ന പൊതുചര്‍ച്ചാദിനത്തിന്റെ തുടക്കത്തിലാണ് കുട്ടികളുടെ അവകാശസമിതിയുടെ യു. എന്‍. ചെയര്‍, അസോസിയേറ്റ് ഡയറക്ടര്‍, യൂണിസെഫ് ആഗോള മേധാവി, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച സെക്രട്ടറി ജനറലിന്റെ പ്രതിനിധി എന്നിവരോടൊപ്പം ഓണ്‍ലൈനായി ആമുഖ പ്രഭാഷണം നടത്തി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ എമിലിന്‍ പ്രശസ്തയായത്.
വൈദ്യശാസ്ത്രപരമായി പ്രത്യേക ചികില്‍സയും, തുടര്‍പരിചരണവും ആവശ്യമുള്ള കുട്ടികള്‍ എന്ന ഈ വര്‍ഷത്തെ വിഷയം എമിലിനെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ഒരു അപൂര്‍വരോഗത്തിന്റെ ചികില്‍സയിലൂടെയും, നിരന്തര പരിചരണത്തിലൂടെയും കടന്നുപോകുന്ന സ്വന്തം സഹോദരന്‍ ഇമ്മാനുവേലിനെ പരിചരിക്കുന്നതിലൂടെ സമാര്‍ജിച്ച അനുഭവപാഠങ്ങള്‍ എമിലിനെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള വക്താവാക്കി മാറ്റി.
ആഗോളതലത്തില്‍ 250 അപേക്ഷകരില്‍ നിന്ന് 19 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 30 കുട്ടികളിലൊരാളായി യു.എസിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട എമിലിന്‍ രണ്ടുവര്‍ഷങ്ങളായി കുട്ടികളുടെയും, യുവജനങ്ങളുടെയും ഉപദേശകസമിതി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.
സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതാധ്യാപകരായ ജോസ് തോമസിന്റെയും, മെര്‍ലിന്റെയും മൂത്ത പുത്രിയാണ് ഈ കൊച്ചുമിടുക്കി.