സൂറിക്: കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതില്‍, ഇന്ത്യന്‍ ശാസ്ത്രഞ്ജന്റെ നേതൃത്വത്തിലുള്ള സ്വിസ്സ് ഗവേഷണസംഘത്തിന് നിര്‍ണായക നേട്ടം. ജി.വി. ശിവശങ്കറിന്റെ നേതൃത്വത്തില്‍ പോള്‍ ഷെറര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ കണ്ടെത്തലിനെ, കാന്‍സറിനെ നേരത്തെ തിരിച്ചറിയുന്ന ഇതേവരെയുള്ള ടെസ്റ്റുകളിലെ ഏറ്റവും മികച്ചതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. മെഡിക്കല്‍ ജേര്‍ണലായ ‘എന്‍പിജെ പ്രസിഷന്‍ ഓങ്കോളഗി’ യില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് പ്രകാരം 85 ശതമാനം കൃത്യതയാണ് ടെസ്റ്റ് നല്‍കുന്നത്.
ബ്ലഡ് ടെസ്റ്റിലൂടെ ട്യൂമറുകളുടെ സാധ്യതയെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍ജന്‍സിന്റെ കൂടെ സഹായത്താല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതാണ് ഗവേഷണത്തിന്റെ കാതല്‍. ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ ട്യൂമറുകളെ മാത്രമല്ല, കാന്‍സറിന്റെ ഇതര വകഭേദങ്ങളേയും ബ്ലഡ് ടെസ്റ്റിലൂടെ ഇതരത്തില്‍ നേരത്തെ കണ്ടെത്താനാവും. പോള്‍ ഷെറര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാനോസ്‌കെയില്‍ ബയോളജി വിഭാഗം മേധാവിയായ ജി.വി. ശിവശങ്കര്‍(55), നിലവില്‍ സൂറിക്കിലെ ലോക പ്രശസ്തമായ ഇടിഎച്ഛ് യൂണിവേഴ്സിറ്റിയില്‍ മെക്കനൊ ജെനോമിക്‌സ് പ്രഫസറുമാണ്.
1988 ല്‍ ബെംഗളുരൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദമെടുത്ത ശിവശങ്കര്‍, യു എസ്സിലെ റൂട്‌ഗേര്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍ജിനീറിങ്ങില്‍ മാസ്റ്റേഴ്‌സും, റോക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോഫിസിക്സില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. യു എസ്, ഇന്ത്യ, സിംഗപ്പുര്‍ എന്നി രാജ്യങ്ങളിലെ പ്രശസ്ത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചശേഷം 2020 മുതല്‍ സ്വിറ്റസര്‍ലന്റിലാണ് ജോലി ചെയ്യുന്നത്.