Monday, December 23, 2024

HomeAmericaഇന്ത്യ-പാക് പോരാട്ടത്തിന് സ്വപ്ന വേദിയായി ന്യൂയോര്‍ക്കിലെ പോപ്പ് അപ്പ് സ്റ്റേഡിയം

ഇന്ത്യ-പാക് പോരാട്ടത്തിന് സ്വപ്ന വേദിയായി ന്യൂയോര്‍ക്കിലെ പോപ്പ് അപ്പ് സ്റ്റേഡിയം

spot_img
spot_img

എ.എസ് ശ്രീകുമാര്‍

ന്യൂയോര്‍ക്ക്: ക്രിക്കറ്റ് ജ്വരമുള്ള അമേരിക്കന്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ പരമ്പാരാഗത വൈരികളായ ഇന്ത്യ-പാക്കിസ്ഥാന്‍ ട്വന്റി-20 ലോകകപ്പ് മല്‍സരം ന്യൂയോര്‍ക്കില്‍ നേരിട്ട് കാണാം. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരായ പ്രവാസികളെ ആകര്‍ഷിക്കാന്‍ ഇന്ത്യ-പാക് പോരാട്ടത്തിന് ന്യൂയോര്‍ക്ക് നഗരം വേദിയാക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. 2024ലെ ട്വന്റി-20 ലോകകപ്പിന് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് വേദിയാവുന്നത്.

ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഏറ്റുമുട്ടല്‍ ന്യൂയോര്‍ക്കില്‍ സജ്ജീകരിക്കുന്ന ഒരു പോപ്പ് അപ്പ് സ്റ്റേഡിയത്തിലായിരിക്കും (താത്കാലിക സ്റ്റേഡിയം) നടക്കുക എന്നാണ് സൂചനകള്‍. സ്റ്റേഡിയം നിറഞ്ഞ് തുളുമ്പുന്ന മത്സരം എന്ന നിലയില്‍ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍ ഓരോ ആരാധകന്റെയും അഭിമാന മല്‍സരമാണ്. അടുത്ത ജൂണിലാണ് ടൂര്‍ണമെന്റ്.

ലോകമെമ്പാടുമുള്ള കായിക മത്സരങ്ങളില്‍ എല്ലാക്കാലത്തും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം. ബദ്ധവൈരികളുടെ പോരാട്ടമെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ നിരവധി ഐതിഹാസിക നിമിഷങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ലോകകപ്പ് വേദിയില്‍, രണ്ട് ക്രിക്കറ്റ് ഭീമന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നത്, ലോകം വീക്ഷിക്കുന്നത് ക്രിക്കറ്റിലെ ‘എല്‍ ക്ലാസിക്കോ’ എന്ന നിലയ്ക്കാണ്. ലോകം ഒന്നടങ്കം കാണാന്‍ കാത്തിരക്കുന്ന വമ്പന്‍ പോരാട്ടമാണ് റയല്‍ മാഡ്രിഡ് എഫ് സി ബാഴ്‌സലോണ എല്‍ ക്ലാസിക്കോ മത്സരം. സ്പാനിഷ് വമ്പന്മാര്‍ നേര്‍ക്കുനേരെത്തുമ്പോള്‍ യുദ്ധം പോലെയാണ് ആരാധകര്‍ കാണുന്നത്.

ന്യൂയോര്‍ക്കിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന താത്കാലിക പോപ്പ് അപ്പ് സ്റ്റേഡിയത്തിലായിരിക്കും ചില മത്സരങ്ങള്‍ സംഘടിപ്പിക്കുക. ന്യൂയോര്‍ക്കില്‍ ടൂര്‍ണമെന്റിനായി 34,000 പേര്‍ക്ക് ഇരിക്കാവുന്ന താത്കാലിക സ്റ്റേഡിയങ്ങളായിരിക്കും നിര്‍മിക്കുന്നത്. ഐ.സി.സിയുടെയും പ്രാദേശിക സംഘാടക സമിതികളുടെയും ഔപചാരികമായ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യ-പാക് മത്സരത്തിനെ കുറിച്ചുള്ള മറ്റു വിശാദംശങ്ങളൊന്നും ലഭ്യമല്ല.

ന്യൂയോര്‍ക്കില്‍ നടത്തിയ ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഏകദേശം 7,11,000 ഇന്ത്യക്കാരും 1,00,000 പാകിസ്ഥാനികളും താമസിക്കുന്നുണ്ട്. ന്യൂയോര്‍ക്കും ഡല്‍ഹിയും തമ്മിലുള്ള സമയ വ്യത്യാസം പത്തര മണിക്കൂറായതിനാല്‍ ചില മത്സരങ്ങള്‍ ഇന്ത്യന്‍ സമയക്രമത്തിനനുസരിച്ച് ആയിരിക്കും നടത്തുകയെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ട്വന്റി-20 മത്സരങ്ങള്‍ക്കായി അമേരിക്കയിലെ മൂന്ന് വേദികള്‍ മാത്രമായിരിക്കും ഉപയോഗിക്കുന്നത്. ഫ്ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്ക്, ടെക്‌സാസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയം, ലോംഗ് ഐലന്‍ഡിലെ ഐസന്‍ ഹോവര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയവും, സെന്‍ട്രല്‍ ബ്രോവാര്‍ഡ് പാര്‍ക്കും ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ്.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും അവരുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങളും വെസ്റ്റ് ഇന്‍ഡീസിലായിരിക്കും കളിക്കുക. ഇഗ്ലണ്ട് തങ്ങളുടെ ആദ്യ അഞ്ച് കളികളില്‍ യോഗ്യത നേടുകയാണെങ്കില്‍ തുടര്‍ന്ന് വരുന്ന സൂപ്പര്‍ എട്ട് റൗണ്ടില്‍ ആന്റിഗ്വ, ബാര്‍ബഡോസ്, സെന്റ് ലൂസിയ എന്നിവിടങ്ങളിലായിരിക്കും കളിക്കുക. എന്നിരുന്നാലും ഷെഡ്യൂളില്‍ ഇനിയും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

നിലവില്‍ ഐ.സി.സി ഇന്‍സ്‌പെക്ടര്‍മാര്‍ കഴിഞ്ഞ രണ്ടാഴ്ച്ചകളായി വെസ്റ്റ് ഇന്‍ഡീസിലെ വേദികള്‍ സന്ദര്‍ശിച്ച് വരുകയാണ്. ചില വേദികളില്‍ ചെറിയ തോതിലുള്ള വിപുലീകരങ്ങള്‍ ആവശ്യമാണെന്ന് അവര്‍ വിലയിരുത്തിയെങ്കിലും വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും തന്നെ ഇതുവരെയും നിര്‍ദേശിച്ചിട്ടില്ല.

അന്തിമ മത്സരം നടക്കുന്ന വേദി ഏതെന്ന് തീരുമാനായിട്ടില്ലെങ്കിലും 2007 ലെ ഏകദിന ലോകകപ്പിന്റെയും 2010 ലെ ട്വന്റി-20 ലോകകപ്പിന്റെയും ഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച ബാര്‍ബഡോസില്‍ തന്നെയായിരിക്കും നടക്കാന്‍ സാധ്യത എന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2022 -ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി-20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കപ്പുയര്‍ത്തുന്നത്.

നിലവില്‍ കരീബിയന്‍ മണ്ണില്‍ വെസ്റ്റന്‍ഡീസ്-ഇംഗ്ലണ്ട് ഏകദിന പരമ്പര നടക്കുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനെ ഇന്ത്യ നോക്കിക്കാണുന്നത്. 2013ന് ശേഷം ഇന്ത്യക്ക് ഒരു ഐ.സി.സി കിരീടം നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ വരുന്ന ട്വന്റി-20 ലോകകപ്പ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments