ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തുക, ചൈനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങി പാകിസ്ഥാന് മുന്നറിയിപ്പുമായി യുഎസ്. പാക് കരസേന മേധാവി ജനറല്‍ സയീദ് അസിം മുനീറിന്റെ സന്ദര്‍ശനവേളയിലാണ് യുഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചൈനയുടെ പാകിസ്ഥാനിലേക്കുള്ള കടന്നുകയറ്റും സാമ്പത്തിക ഇടനാഴിയിലാക്കി നിയന്ത്രിച്ച് നിര്‍ത്തുക, സുരക്ഷാ കാര്യങ്ങളില്‍ ബെയ്ജിങ്ങിന് കടന്നുകയറാന്‍ അനുമതി കൊടുക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് യുഎസ് പാകിസ്ഥാന് നല്‍കിയത്. പാകിസ്ഥാനിലെ ചൈനീസ് സുരക്ഷാ ഔട്ട്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാനാണ് ഈ നീക്കമെന്ന് ഉന്നത രഹസ്യാന്വേഷണവൃത്തങ്ങള്‍ അറിയിച്ചു.പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന പൗരന്മാര്‍ക്ക് ബലൂചിസ്ഥാനിലെ ഗ്വാദറില്‍ സൈനിക ഔട്ട്‌പോസ്റ്റുകള്‍ വേണമെന്നും ഗ്വാദര്‍ അന്താരാഷ്ട്ര വിമാനത്താവളം യുദ്ധവിമാനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാന് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരം ഉള്‍പ്പടെയുള്ള ചില നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കേണ്ടി വരുമെന്ന് യുഎസ് പാകിസ്ഥാന്‍ സൈനിക മേധാവിയോട് പറഞ്ഞതായി അടുത്ത സ്രോതസ്സുകള്‍ വെളിപ്പെടുത്തി. പാകിസ്ഥാന്‍ ഇന്ത്യയുമായി എത്രയും വേഗം ചര്‍ച്ചകള്‍ നടത്തണമെന്നും വ്യാപാരബന്ധം നിലനിര്‍ത്താനായി നിയന്ത്രണരേഖയില്‍ സമാധാനം കൊണ്ടുവരണമെന്നും യുഎസ് ആവശ്യപ്പെട്ടു.
2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് പാകിസ്ഥാന്‍ സൈനിക മേധാവി യുഎസ് സന്ദര്‍ശിക്കുന്നതെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഫോറിന്‍ പോളിസി മാഗസിന്‍ റിപ്പോര്‍ട്ടു ചെയ്തു.
പാശ്ചാത്യരാജ്യങ്ങളുമായി അത്ര സമ്പര്‍ക്കത്തിലല്ലാത്ത ജനറല്‍ മുനീറിന്റെ യുഎസ് സന്ദര്‍ശനം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ്. പാകിസ്ഥാന്റെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമായിരുന്നു യുഎസ് എന്ന് ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു.
ചില വികസനപ്രവര്‍ത്തനങ്ങളിന്മേലുള്ള ചൈനയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ പാകിസ്ഥാന് താത്പര്യമില്ലെന്നും യുഎസ് ക്യാംപിലേക്ക് മാറാന്‍ അവര്‍ താത്പര്യപ്പെടുന്നതായും ചില വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഇത് സൗദി അറേബ്യക്കും ഗുണം ചെയ്യും
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, പ്രതിരോധ സെക്രട്ടറി, ജനറല്‍ ലിയോഡ് ഓസ്റ്റിന്‍, ചെയര്‍മാന്‍ ഓഫ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ്, ജനറല്‍ ചാള്‍സ് ബ്രൗണ്‍ എന്നിവരുമായും പാകിസ്ഥാന്‍ സൈനിക മേധാവി കൂടിക്കാഴ്ച നടത്തി.