Monday, December 23, 2024

HomeEditor's Pickകനലായി മാറിയ കരോള്‍ (ചെറുകഥ: ലാലി ജോസഫ്)

കനലായി മാറിയ കരോള്‍ (ചെറുകഥ: ലാലി ജോസഫ്)

spot_img
spot_img

ഫോണ്‍ ബെല്‍ തുടരെ  അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല കാരണം ഇന്ന് രാത്രിയിലും  ജോലിയുണ്ട് അതുകൊണ്ടു തന്നെ മന:പൂര്‍വ്വം ഫോണ്‍ എടുക്കേണ്ട എന്നു തീരുമാനിച്ചു. എന്നാല്‍ ഫോണ്‍ ബെല്‍ പിന്നേയും പിന്നേയും മുഴങ്ങിയപ്പോള്‍  ഞാന്‍  എടുത്തു.  അത് എന്റെ സുഹ്യത്ത് റോസിയായിരുന്നു  ‘ എടി നീ അറിഞ്ഞോ, അവള്‍ പോയി ‘ ആര് പോയി ? നമ്മുടെ മിനി … ഉറക്കത്തിന്റെ ആലസ്യത്തോടു കൂടി ഞാന്‍ പറഞ്ഞു.  ‘ആ അത് എനിക്ക് അറിയാമല്ലോ. അവള്‍ പോകുന്ന കാര്യം എന്നോടു പറഞ്ഞിരുന്നു’  അവളുടെ അമ്മക്കു സുഖമില്ലാതെ ഇരിക്കുകയാണല്ലോ.   അയ്യോ അതല്ല ഞാന്‍ പറഞ്ഞു വരുന്നത്. അവള്‍ ഈ ലോകത്തു നിന്നു തന്നേ പോയി, അവള്‍ ഇന്നു രാവിലെ ഇഹലോകവാസം വെടിഞ്ഞു.

ഞാന്‍ ഞെട്ടി ചാടി എഴുന്നേറ്റു കൊണ്ടു ചോദിച്ചു. നീ എന്താണ് പറയുന്നത്, നമ്മുടെ മിനി മരിച്ചു പോയെന്നോ അടുത്ത ആഴ്ചയില്‍ നാട്ടിലേക്കു പോകാന്‍ ടിക്കറ്റ് എടുത്തു വച്ചിരിക്കുകയാണല്ലോ. മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണ് എന്ന് എവിടേയോ വായിച്ചത് പെട്ടെന്ന് ഓര്‍ത്തു പോയി. അവള്‍ക്ക് ജോലിക്കിടയില്‍ ഒരു തലചുറ്റല്‍ വന്ന് പെട്ടെന്ന് ബോധം മറഞ്ഞു.  കൂടെ ഉണ്ടായിരുന്നവര്‍ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചു രണ്ടു മണിക്കൂറിനുള്ളില്‍ അവള്‍ പരാതികള്‍ ഇല്ലാത്ത ലോകത്തിലേക്ക് യാത്രയായി.

 ഞാന്‍ എന്റെ ദേഹത്ത് ഒന്നു നുള്ളി നോക്കി  ഈ കേള്‍ക്കുന്നത് സ്വപ്നം അല്ല എന്ന് ഉറപ്പു വരുത്തുവാന്‍ വേണ്ടി. ഫോണ്‍ താഴെ വച്ചു കഴിഞ്ഞപ്പോള്‍ മനസില്‍ അവളുമായുള്ള സ്നേേഹബന്ധത്തിലെ ഒരുപാട് ഓര്‍മ്മകള്‍  മിന്നി മറഞ്ഞു. എന്റെ കൂടെ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന മിനി മരിച്ചു പോയി എന്ന് വിശ്വസിക്കുവാന്‍ വേണ്ടി എന്റെ മനസിനെ പാകപ്പെടുത്തി എടുത്തു. ചില സത്യങ്ങള്‍, സത്യമാണ് എന്ന് അറിയാമെങ്കിലും അതിനെ പൂര്‍ണ്ണമായും വിശ്വസിക്കുവാന്‍ സമയം എടുക്കും.ഒരു സുഹ്യത്ത്  മരിച്ചു എന്നു കേട്ടാല്‍ ആദ്യം തോന്നുന്ന വികാരം ഒരു ഞെട്ടല്‍ പ്രത്യേകിച്ചു പ്രായം കുറഞ്ഞവര്‍ ആണെങ്കില്‍ അതിന്റെ ശക്തി കൂടും. പിന്നെ ചിന്തിക്കുന്നത് മുഴുവന്‍ നമ്മള്‍ അവരുമായി ഇടപ്പെട്ടിട്ടുള്ള നിമിഷങ്ങളായിരിക്കും. 

ഞങ്ങള്‍ രണ്ടു പേരും വിപരിത ഷിഫ്റ്റില്‍ ആയിരുന്നു ജോലി ചെയ്തു കൊണ്ടിരുന്നത്. അവള്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കുവാനും മേടിക്കുവാനും ഒരു പ്രത്യേക സന്തോഷമുണ്ടായിരുന്ന. ചില ആളുകള്‍ക്ക് റിപ്പോര്‍ട്ട് കൊടുത്തു കഴിഞ്ഞാല്‍ നമ്മളുടെ അന്നത്തെ സന്തോഷം മുഴുവനും പോയി കിട്ടും. അധികം ആരോടും മിണ്ടുന്ന ഒരു സ്വഭാവം ആയിരുന്നില്ല അവളുടേത്. കഴിഞ്ഞ ദിവസം അവള്‍ എന്നോടു പറഞ്ഞ ഒരു സംഭവം എന്നെ വല്ലാതെ സ്പര്‍ശിച്ചു. ക്രിസ്തുമസിന്റെ ഭാഗമായി പാട്ടുംപാടി ഉണ്ണിയേശുവിനെ വഹിച്ചു കൊണ്ട് ഒരു കൂട്ടം വിശ്വാസികള്‍ ക്രിസ്തുമസ് ഫാദറുമായി ഒരോ വീടുകളിലുമായി കയറി്‌യിറുങ്ങുന്നത് സാധരണമാണ് അവര്‍ വീടുകളില്‍ വന്ന് പാട്ടു പാടി ആ വീട്ടിലെ അംഗങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവല്‍സരാശംസകള്‍  നല്‍കികൊണ്ട് കടന്നു പോകും, പാചകത്തില്‍ മിടുക്കിയായിരുന്ന അവളോടു ഞാന്‍ ചോദിച്ചു. നിന്റെ വീട്ടീല്‍ ക്രിസ്തുമസ് കരോള്‍ വന്നപ്പോള്‍ നീ എന്താണ് അവര്‍ക്ക് വേണ്ടി പ്രത്യേകമായി ഉണ്ടാക്കി വച്ചത്. അവള്‍ പെട്ടെന്ന് വല്ലാതാകുന്നത് ഞാന്‍ കണ്ടു. ഞാന്‍ ചോദിച്ചു എന്തു പറ്റി?  ഞാന്‍ അരുതാത്തത് ഒന്നും ചോദിച്ചില്ലല്ലോ… 

ഹേയ് അതൊന്നുമല്ല ഞങ്ങളുടെ വീട്ടീല്‍ ഈ പ്രവശ്യം  കരോള്‍ ഉണ്ടായില്ല. എനിക്ക് വീട്ടീല്‍ പാട്ടുപാടി വരുന്നവരേയും ഉണ്ണീയീശോയെയും എതിരേല്‍ക്കാന്‍ വളരെ ഇഷ്ടമാണ്. പിന്നെ എന്തു പറ്റി ഈ വര്‍ഷം വേണ്ടയെന്നു വച്ചത്? അച്ചായന്‍ സമ്മതിച്ചില്ല. അദ്ദേഹം  പറയുന്നത് ക്രിസ്തുമസിന്റെ അലങ്കാരത്തിനും കരോളുകാര്‍ വരുന്ന സമയവും നോക്കി ഇരിക്കാന്‍ പറ്റില്ല എന്നു പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ ആഗ്രഹം ഒളിപ്പിച്ചു വച്ചു. 

വിട്ടുവീഴ്ചയില്‍ കൂടി നമ്മള്‍ കടന്നു പോകണം എന്നല്ലേ അച്ചന്റെ പ്രസംഗത്തിലും പറയുന്നത്.  അപ്പോള്‍ ഞാന്‍ കുറച്ചു ദേഷ്യത്തോടെ ചോദിച്ചു നിന്റെ അച്ചായന് എന്തു കൊണ്ടു നിനക്കു വേണ്ടി വിട്ടു വീഴ്ച ആയികൂടാ. അവള്‍ അതിന് ഒരു മറുപടിയും പറഞ്ഞില്ല. ജോലിയില്‍ ആയിരുന്നതു കൊണ്ട് മറ്റുള്ളവര്‍ കേള്‍ക്കുമല്ലോ എന്ന ചിന്തയില്‍ ഞങ്ങളുടെ സംഭാഷണം അവിടെ മുറിഞ്ഞു പോയി.  ഇപ്പോള്‍ തോന്നുന്നു അവളോട് ഞാന്‍ അങ്ങിനെ പറഞ്ഞു വേദനിപ്പിക്കണ്ടായിരുന്നു എന്ന്… 

വീണ്ടും ദേ റോസിയുടെ ഫോണ്‍ വരുന്നു. ഫോണ്‍ പെട്ടെന്ന് ചാടി എടുത്തു. ഞാന്‍ ചോദിച്ചു വേറെ വല്ല വിവരവും അറിഞ്ഞോ.. റോസിക്ക് മിനിയുമായി ചെറിയ ഒരു ബന്ധവും  ഉള്ളതു കൊണ്ട് വിവരം അറിഞ്ഞ ഉടന്‍ തന്നെ റോസി അവളുടെ വീട്ടിലേക്ക് പോയി. ഞാന്‍ ചോദിച്ചു ചടങ്ങുകളുടെ സമയം എപ്പോഴാണ് ?അവള്‍ പറഞ്ഞു. ഇടവകയിലെ അച്ചനെ വിളിച്ച് സംസാരിച്ചതിനു ശേഷമേ ബാക്കിയുള്ള ക്രമികരണങ്ങള്‍ തീരുമാനിക്കുകയുള്ളു. നാട്ടില്‍ കൊണ്ടു പോകുന്നതിനെ കുറിച്ചും ആലോചനയുണ്ട് കാരണം അവളുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടല്ലോ. 

 വീട്ടില്‍ ചെന്നപ്പോള്‍ അവളുടെ ഭര്‍ത്താവ്  ഫോണില്‍ കൂടി പല കാര്യങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു. ആ സംസാരത്തില്‍ ക്രിസ്തുമസ് , കരോളുകാര്‍ വീട്ടീല്‍ വന്നില്ല  എന്നൊക്കെ പറയുന്നതു കേട്ടു. അവളുടെ മരണവും കരോളുമായി എന്താണ് ബന്ധം എന്ന് എനിക്ക് മനസിലാകുന്നില്ല. പക്ഷെ എല്ലാം എനിക്ക് മനസിലായി. കാരണം മിനി ആ കഥ എന്നോടു പങ്കിട്ടിരുന്നു. എങ്കിലും അതിനെ കുറിച്ച് ഒന്നും ആ സമയത്ത് പറയുവാന്‍ എനിക്കു തോന്നിയില്ല. അത് ഒരു സ്വകാര്യതയായി എന്റെ ഉള്ളില്‍ തന്നെ സൂക്ഷീക്കാനാണ് എനിക്ക് അപ്പോള്‍ തോന്നിയത്.  എന്തായാലും ‘അവള്‍ പോയി’ എന്നു മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ ഫോണ്‍ താഴെ വച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments