(ആൻറണി ജോസഫ് കുറുപ്പശ്ശേരി)
രണ്ടു ദിവസമായി സുഹൃത്തിൻ്റെ വീട്ടിലെത്തിയിട്ട്. ഒരു യാത്ര പോവുകയാണ് ഉദ്ദേശം. യാത്രക്കായി രാവിലെ ഇറങ്ങിയതാണ്. മല നിരകൾ താണ്ടിയുള്ള ഒരു യാത്രയാണ്. യാത്രയിലുടനീളമുള്ള കാഴ്ചകൾ അതി മനോഹരമാണ്. സഹ്യ പർവ്വതത്തിൻ്റെ പല വർണങ്ങളിലുള്ള മല നിരകൾ. ചിലത് പച്ചയണിഞ്ഞതെങ്കിൽ ചിലത് കറുത്തതും ചാരനിറമാർന്നതും. ചിലതിന് സൂര്യ പ്രകാശമടിച്ച് സ്വർണത്തിൻ്റെയും വെള്ളിയുടെയും നിറം. ചിലത് ചെങ്കുത്തായതെങ്കിൽ ചിലത് നീണ്ടു പരന്നു കിടക്കുന്നു. അവയ്ക്കുപിറകിൽ നിരനിരയായി ആകാശം മുട്ടെ നിഴലുകളെന്നോണം മലനിരകളുടെ കൂട്ടങ്ങൾ. മഞ്ഞ് കാലമാണെങ്കിലും മഴമേഘങ്ങളും വെള്ളി മേഘങ്ങളും മലകളെ തൊട്ടുരുമ്മി യാത്ര നടത്തുന്നു. സൂര്യ പ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന പാറക്കൂട്ടങ്ങൾ. ഓരോന്നിനും വ്യത്യസ്തമായ ഓരോ ആകൃതി പ്രകൃതി കനിഞ്ഞ് നൽകിയിരിക്കുന്നു. തുള്ളി ചാടിയൊഴുകുന്ന കൊച്ചരുവികൾ. മല നിരകളിൽ നിന്ന് താഴേയ്ക്ക് പതിക്കുന്ന കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങൾ.
ഇനിയും ഏറെ ദൂരം പോകണം ലക്ഷ്യത്തിലെത്തണമെങ്കിൽ. കുരങ്ങുകൾ ഓരം ചേർന്നിരിക്കുന്നുണ്ട്. വഴി യാത്രികരിൽ നിന്ന് ഭക്ഷണത്തിന് എന്തെങ്കിലും കിട്ടുവാനായുള്ള ഇരിപ്പാണ്. അമ്മയുടെ അരിക് പറ്റിയിരിക്കുന്ന കുട്ടിക്കുരങ്ങന്മാരെയും കാണാം. ആനയിറങ്ങുന്ന റോഡാണെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ അല്പം ഭയം തോന്നി. കിളികളുടെ ഒച്ചയാണ് ചുറ്റും. മലമുഴക്കി വേഴാമ്പൽ അതിൻ്റെ ഘന ഗംഭീര ശബ്ദത്തിൽ കൂവുന്നുണ്ട്. മുഴക്കമാർന്ന അതിൻ്റെ ശബ്ദം കാട്ടിലെങ്ങും പ്രതിധ്വനിക്കുകയാണ്. അതിൻ്റെ മഞ്ഞ തൊപ്പിയും നീണ്ടു വളഞ്ഞ വലിയ മഞ്ഞ ചുണ്ടും കാഴ്ചയിലും അതിൻ്റെ പ്രൗഢി വിളിച്ചോതുന്നു. വളവുകളും തിരിവുകളുമൊക്കെ പിന്നിട്ട് കാർ മുന്നോട്ട് പോകുകയാണ്. ചിര പരിചിതനായ ഒരു ഡ്രൈവറെപ്പോലെ അദ്ദേഹം ആ വളവുകളൊക്കെ അനായാസം പിന്നിട്ട് കൊണ്ടിരുന്നു. ഓരോ ഹെയർ പിൻ വളവുകളുടെയും നമ്പരുകളും ഇനി പിന്നിടാനുള്ള വളവുകളും എണ്ണവുമൊക്കെ അദ്ദേഹം പറഞ്ഞു തന്നു കൊണ്ടിരുന്നു. അദ്ദേഹത്തിനവിടം ചിരപരിചിതം തന്നെയാണ്. ദീർഘ കാലമായി ആ വഴികളിലൂടെ സഞ്ചരിക്കുന്ന ആളാണ്.
ചില സ്ഥലങ്ങളിൽ വെളിച്ചം നന്നേ കുറവുമായിരുന്നു; കാടിൻ്റെ അതി ഭീകരമായ നിശബ്ദതയും. വ്യത്യസ്തമായ മരങ്ങളും ചൂരൽ വള്ളിപ്പടർപ്പുകളും വഴിയിലേക്ക് വീണു കിടക്കുന്നുണ്ട്. ചിലയിടത്തൊക്കെ കാട്ടരുവികളുടെ കളകളാരവം മന്ത്ര ധ്വനികളായി ചുറ്റും പടരുന്നു. മഴക്കാലത്ത് വെള്ളം കുത്തനെ ഒലിച്ചിറങ്ങി റോഡൊക്കെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞാണ് കിടക്കുന്നത്.
വളഞ്ഞു പുളഞ്ഞ ചെങ്കുത്തായ വഴികൾ തീർന്നു. നിരപ്പായ ഒരു സ്ഥലത്തെത്തി. അവിടവിടെ കൊച്ചു കൊച്ചു വീടുകൾ കാണാം. ആദിവാസികളുടേതാണ് അതൊക്കെ. നാട്ടിൻ പുറത്തുകാരും കുറെയെങ്കിലും അക്കൂട്ടത്തിലുണ്ട്. ദീർഘ നേരമായ യാത്രയാണ്. ഒരു ചായക്കടയുടെ അരികിലായി കാർ നിർത്തി. ചെറിയ ഒരു ചായക്കടയാണ്. പനമ്പട്ടയും മുളയും കൊണ്ടുണ്ടാക്കിയ ഒരു താല്ക്കാലിക ചായക്കട. ഒരു ചായയും കടിയും വാങ്ങി കഴിച്ചു. അല്പം ക്ഷീണമകറ്റണം, അത്രമാത്രം. കച്ചവടക്കാരൊക്കെ നാട്ടിൻപുറത്ത് നിന്ന് എത്തിയവരാണ്. നീണ്ട യാത്രയുടെ ആലസ്യമുണ്ട്. എങ്കിലും യാത്ര തുടരണം. കാഴ്ചകളൊക്കെ കണ്ട് രാത്രി ഇരുട്ടുന്നതിന് മുൻപ് തിരിച്ച് പോകണം. വൈകുന്നേരമായാൽ കോട മഞ്ഞിറങ്ങും. വഴി കാണാൻ സാധിക്കാതെ ഡ്രൈവിംഗ് ബുദ്ധിമുട്ടാകും. തന്നെയുമല്ല കാട്ടിലൂടെയുള്ള യാത്രയാണ്. വന്യമൃഗങ്ങളിറങ്ങാനുള്ള സാധ്യതയുമുണ്ട്.
ഡിസംബർ മാസമാണ്. ക്രിസ്തുമസ്സ് അടുത്തിരിക്കുന്നു. ചായക്കടയുടെ മുൻപിൽ ഒരു സ്റ്റാർ തൂക്കിയിട്ടിട്ടുണ്ട്. അത് കണ്ടപ്പോഴാണ് ഇതുവരെ വീട്ടിൽ സ്റ്റാർ ഇട്ടിട്ടി ല്ലായെന്ന ഓർമ്മ വന്നത്. അയൽക്കാരൊക്കെ സ്റ്റാർ നേരത്തെ തന്നെ ഇട്ടിരുന്നു. യാത്ര കഴിഞ്ഞ് ഇടാമെന്ന് കരുതി. കഴിഞ്ഞ വർഷത്തെ സ്റ്റാർ അത്ര നല്ലതായിരുന്നില്ല. പുതിയത് നല്ല ഒരെണ്ണം വാങ്ങണം. മറ്റ് കളർ ലൈറ്റുകളൊക്കെയുണ്ട്. ഇനി താമസിച്ചാൽ ശരിയാകില്ല. നല്ല സുഖകരമായ കാലാവസ്ഥയും , ശുദ്ധ വായുമൊക്കെ ഒരു ഉന്മേഷം തന്നു. ചായ കുടി കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു. വഴിയരികിലുള്ള വീടുകളൊക്കെ ചെറുതെങ്കിലും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. മുറ്റമെല്ലാം അടിച്ച് വൃത്തിയാക്കിയിട്ടുണ്ട്.
അതിൽ ആദിവാസികളും നാട്ടിൽ നിന്ന് ജോലിക്കായി എത്തിച്ചേർന്നവരുമുണ്ട്. കാഴ്ചകൾ വ്യത്യസ്തമായി. ചിലയിടത്തോക്കെ ചെറിയ ഒരു പട്ടണത്തിൽ എത്തിയ പ്രതീതി. വലിയ കടകളും കോൺക്രീറ്റ് വീടുകളുമൊക്കെ കാണാം. നല്ല സുഖകരമായ കാലാവസ്ഥ. മരത്തണലുകളിൽ തണുപ്പ് അരിച്ചിറങ്ങുന്നു. മരച്ചില്ലകളുടെ ഇടയിലൂടെ ഒളിച്ചു വരുന്ന സൂര്യ രശ്മികൾ നിലത്ത് മരത്തിൻ്റെ നിഴലുകളിൽ മനോഹരമായ ചിത്രങ്ങൾ വരച്ചു. വീണ്ടും മുന്നോട്ട് പോയി. വീണ്ടും കാഴ്ചകൾ മാറുകയാണ്. കൃഷി സ്ഥലങ്ങളാണ് കൂടുതലും. അവിടവിടെ വീടുകളുള്ള ഒരു സ്ഥലത്തെത്തി.
ഒരു വീടിൻ്റെ മുൻപിലായി വണ്ടി നിർത്തി. ആ വീട്ടിലായിരുന്നു സുഹൃത്തും കുടുംബവും നേരത്തെ താമസിച്ചിരുന്നത്. മനോഹരമായി വ്യത്യസ്ത വർണങ്ങളിലുള്ള കടലാസ്സു പൂക്കളും ഫ്ളൈമിങ് ട്രമ്പറ്റും ഒരു വലിയ മരത്തിൽ നിറയെ കുലകുലയായി പൂവിട്ട് നിൽക്കുന്നു. അതിന് പിറകിലായി ഒരു കൊച്ച് വീട് കാണാം. മുറ്റത്ത് നിറയെ റോസ്സയും അരളിയും കൊങ്ങിണിയും സീനിയയുമൊക്കെ പൂവിട്ട് വർണാഭമായിരിക്കുന്നു. ചെടികളിൽ പലതും സുഹൃത്തിൻ്റെ ഭാര്യയാണ് വെച്ച് പിടിപ്പിച്ചതെന്ന് പറഞ്ഞു. വീടിൻ്റെ മുൻപിൽ കാർ നിർത്തിയതറിഞ്ഞ് ഒരു സ്ത്രീ വീടിന് പുറത്തു വന്നു.
ഒരു ആദിവാസി സ്ത്രീയാണ്. അവർ നന്നായി സാരിയുടുത്ത് ഒരുങ്ങിയാണിരിക്കുന്നത്. അവരാണ് ആ വീട്ടിൽ താമസിക്കുന്നത്. കണ്ടപ്പോഴേ വലിയ സന്തോഷം പ്രകടിപ്പിച്ചു. കുശലാന്വേഷണം നടത്തി. സുഹൃത്തിന് വീടെല്ലാം ഞങ്ങളെ കാണിക്കണം. എങ്കിലും മറ്റുള്ളവർ താമസിക്കുന്ന വീടല്ലേ അതുകൊണ്ട് അകത്തേക്കൊന്നും കടന്നില്ല. വീടിൻ്റെ പരിസരമൊക്കെ കാണണം. താൻ കണ്ടിട്ടില്ലാത്ത സ്ഥലമാണല്ലോ.
മുൻപിൽ ദൂരെ മലനിരകൾ തലയുയർത്തി നില്കുന്നു. പുറകിൽ താഴെയായി പുഴയാണ്. അവരവിടെ താമസിക്കുമ്പോൾ ആനകൾ വീടിൻ്റെ ഓരം ചേർന്നാണ് പുഴയിലേക്ക് പോയിരുന്നതെന്ന് സുഹൃത്ത് പറഞ്ഞു. അതൊക്കെ മനസ്സിലൊന്ന് സങ്കൽപ്പിച്ച് നോക്കി. താൻ എങ്ങനെയായിരിക്കും അത്തരമൊരു സാഹചര്യത്തെ നേരിടുന്നതെന്ന് ചിന്തിച്ചപ്പോൾ തന്നെ ഉള്ളിൽ ഭയം തോന്നി. വീടിൻ്റെ പുറകിലെത്തി. ദൂരെ പുഴ കാണാം. പുഴയുടെ ഓരത്ത് നിൽക്കുന്ന വാകമരത്തിൽ നിറയെ പൂക്കളാണ്. വെള്ളം പാറക്കൂട്ടങ്ങളിൽ തട്ടി ഒഴുകുന്ന ശബ്ദം കേൾക്കാം. വീടിനോട് ചേർന്നായിരുന്നു ആനത്താരി. പുറകിൽ വെള്ളത്തിലിറങ്ങുന്ന ആനകൾ വെള്ളം കുടിച്ചും കുളിച്ചും ശല്യംചെയ്യാതെ തിരിച്ചു കയറി പോയിരുന്നുവെന്നും അവർ പറഞ്ഞു.
പ്രൗഢയായ വീട്ടുകാരി ഒരു ചായ നല്കാൻ തയ്യാറായി. പക്ഷെ അവരെ അനവസരത്തിൽ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലായെന്ന് കരുതി സ്നേഹപൂർവ്വം അത് നിരസിച്ചു. വീടിൻ്റെ മുൻഭാഗം നാട്ടിൻ പുറം പോലെയാണെങ്കിൽ പിൻ ഭാഗത്ത് കാടിൻ്റെ വന്യത എടുത്ത് കാട്ടി. ഇന്ന് ആന ആ ഭാഗത്ത് എത്തുന്നില്ലെങ്കിലും കാട്ടുപന്നികളുമായൊക്കെ പൊരുതിയുള്ള ജീവിതം വീട്ടുകാരി വിവരിച്ചു. അല്പം കൂടി താഴേക്ക് ഇറങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാലും പാമ്പിനോടുള്ള ഭയം കാരണം അത് വേണ്ടെന്ന് വെച്ചു.
സുഹൃത്തിൻ്റെ ഭാര്യ അവിടെ ജീവിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ വിവരിച്ചു കൊണ്ടിരുന്നു. അതോടൊപ്പം മറ്റൊരു സംഭവം കൂടി പറഞ്ഞു. ഒരിക്കൽ വീടിന് പിറകിലിരുന്ന് കളിച്ച് കൊണ്ടിരുന്ന തൻ്റെ കുട്ടിയെ നോക്കാൻ ഇറങ്ങിവന്ന അവർ കുട്ടിയുടെ മുൻപിൽ പത്തി വിരിച്ച് നിൽക്കുന്ന മൂർഖനെയാണ് കണ്ടത്. ഭയന്ന് വിറച്ചു പോയ അവർ എന്തോ അത്ഭുതത്തോടെ പത്തി താഴ്ത്തി കടന്നു പോകുന്ന പാമ്പിനെയാണ് പിന്നെ കണ്ടത്. കഥ കേട്ട് കഴിഞ്ഞപ്പോൾ കാലിലൊക്കെ ഒരു പെരുപ്പ് കയറിയത് പോലെ തോന്നി.
താൻ നിൽക്കുന്നിടത്താണ് പാമ്പ് പത്തി വിരിച്ച് നിന്നതെന്നു കൂടി കേട്ടപ്പോൾ ആ തരിപ്പ് ഒന്ന് കൂടി ഇരട്ടിച്ചു. നിന്നയിടമെല്ലാം ഒന്ന് പരിശോധിച്ചു. അവിടെ നിന്നും ഒന്ന് മാറി നിന്നു. പരിസരമാകെ ഒന്ന് കണ്ണോടിച്ചു. സിമൻറ് തേച്ച് വൃത്തിയാക്കിയ പുറം മുറ്റമാണ്. അടുത്തെങ്ങും വൃത്തികേടായിട്ടൊന്നുമില്ല. അയകെട്ടി വസ്തങ്ങൾ ഉണ്ടങ്ങാനിട്ടിരിക്കുന്നു. കാലൊക്കെ ഒന്ന് കുടഞ്ഞു. ജീൻസൊക്കെ ഒന്ന് പൊക്കി പരിശോധിച്ചു. പാമ്പിനെക്കുറിച്ച് കേട്ടാൽ ഇതാണ് സ്ഥിരം പതിവ്.
അവിടെ നിന്നും ഇറങ്ങാനുള്ള സമയമായി. പാമ്പിൻ്റെ കഥ മനസ്സിനെ അല്പം പിടിച്ചുലച്ചെങ്കിലും പെട്ടെന്ന് അവിടെ നിന്നും പോരാൻ മനസ്സു വരുന്നില്ല. പരിസരമൊക്കെ വീണ്ടും വീക്ഷിച്ചു. കാഴ്ചകളിലൊന്നും നഷ്ടപ്പെടരുത്. ഇനി ഒരു പക്ഷെ ഇവിടം കാണാനുള്ള അവസരമുണ്ടാകില്ല. സമയം ഏറെയായി. അവരോട് യാത്ര പറഞ്ഞു. വീണ്ടും അവരുടെ സ്നേഹ പ്രകടനങ്ങൾ. ചായ നിരസിച്ചതിലുള്ള നീരസം പ്രകടിപ്പിച്ചു. പിന്നെ ഒരിക്കലാകാമെന്ന പതിവ് മറുപടി നൽകി. ഉപചാരം പറഞ്ഞു പിരിഞ്ഞു.
കാറിൽ കയറി. കാർ മുന്നോട്ട് എടുത്തു. തിരിഞ്ഞു നോക്കി. ഒരു പക്ഷെ ഇനിയൊരിക്കലും കാണാൻ കഴിയാത്ത ആ വീടിൻ്റെ കാഴ്ചകൾ മനസ്സിലേക്ക് ആവാഹിക്കുകയായിരുന്നു ലക്ഷ്യം. കണ്ണും മനസ്സും നിറയെ കണ്ടു. പൂത്തുല്ലസിച്ച് കിടക്കുന്ന ഫ്ളൈമിങ് ട്രാമ്പേറ്റും, കടലാസ്സു പൂക്കളും, മുറ്റത്തെ പൂങ്കാവനവും, അതിൻ്റെ പിറകിലുള്ള ആ കൊച്ചു വീടും മനസ്സിൻ്റെ ക്യാൻവാസിൽ കോറിയിട്ടു. തിരിച്ച് പെട്ടെന്ന് വീടെത്തണം. പോകുന്ന വഴിയേ ക്രിസ്തുമസ്സിന് വേണ്ടതെല്ലാം വാങ്ങണം. ക്രിസ്തുമസ്സിനുള്ള ഒരുക്കങ്ങളെല്ലാം മനസ്സിൽ ആലോചിച്ചു. ഇനി തിരക്കുകളിലേക്കാണ്. രണ്ടു ദിവസത്തെ യാത്രയുടെ തിരക്കുകൾ ഇവിടെ അവസാനിക്കുകയാണ്.
തിരിച്ചുള്ള യാത്ര വേഗത്തിലായിരുന്നു. കയറിയ ചുരങ്ങളെല്ലാം വീണ്ടും ഇറങ്ങണം. തിരിച്ചുള്ള യാത്രയിലെ കാഴ്ചകളൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല. സുഹൃത്തും ഭാര്യയും അവരുടെ ഓർമ്മകളൊക്കെ പറഞ്ഞു കൊണ്ടിരുന്നു. ജീവിതത്തിലെ നല്ല ഓർമ്മകളാണല്ലോ ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഊർജ്ജം നൽകുന്നത്. അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നതായിരിക്കും ഒരാൾക്ക് ഏറ്റവും സന്തോഷം നൽകുന്നത്.
വീണ്ടും ചിന്ത മുഴുവൻ കണ്ടു മടങ്ങിയ വീടിനെക്കുറിച്ചായി. പൂത്തുകിടക്കുന്ന വള്ളി പടർപ്പിനടിയിൽ കുഞ്ഞ് ഊഞ്ഞലിലാടുന്ന കുട്ടിയിലേക്കായി. പത്തി വിരിച്ച് നിൽക്കുന്ന പാമ്പിൻ്റെ മുൻപിൽ ഒന്നുമറിയാതെ നിൽക്കുന്ന കുഞ്ഞ് കുട്ടിയുടെ മുഖമായിരുന്നു മനസ്സ് നിറയെ. മലനിരകൾ പിന്നിട്ട് ചുരങ്ങളിറങ്ങി കാർ മുന്നോട്ട് പോയി.