ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. പുതുവര്‍ഷ ദിനത്തിലാണ് താരം ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനം അറിയിച്ചത്. എന്നാല്‍ ടീമിന് ആവശ്യമുണ്ടെങ്കില്‍ 2025ല്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നടന്ന ലോകകപ്പിനിടെ ഏകദിനത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആലോചിച്ചു വരികയായിരുന്നുവെന്ന് വാര്‍ണര്‍ പറഞ്ഞു.
സിഡ്നിയിൽ പാക്കിസ്ഥാനെതിരായ ഓസ്ട്രേലിയയുടെ വരാനിരിക്കുന്ന ടെസ്റ്റിന് ശേഷം തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുമെന്ന് 37 കാരനായ താരം നേരത്തെ പറഞ്ഞിരുന്നു. 161 ഏകദിനങ്ങളിൽ നിന്ന് 6932 റൺസ് നേടിയ വാർണർ 111 ടെസ്റ്റുകളിൽ നിന്ന് 8695 റൺസും സ്വന്തം പേരിൽ
കുറിച്ചിട്ടുണ്ട്. ട്വന്റി 20യിൽ 2894 റൺസാണ് സമ്പാദ്യം. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 22 സെഞ്ചുറികളും വാർണറുടെ പേരിലുണ്ട്.