ലണ്ടൻ ∙ യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് സുപ്രധാന നിയമമാറ്റങ്ങൾ നിലവിൽ വന്നു. ഇന്ന് മുതൽ ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ ഫണ്ടിങ് ഉള്ള സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്സുകൾ പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും ആശ്രിത വീസ ലഭിക്കുക. മറ്റ് ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ എത്തുന്നവർക്ക് ഇനി കുടുംബത്തെ കൂടെ കൂട്ടുവാൻ കഴിയില്ല. എന്നാൽ വിദേശ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് തുടരും.
ഇത് വരെ ബിരുദാനന്തര കോഴ്സുകളിലുള്ള എല്ലാവർക്കും യോഗ്യതയുള്ള ആശ്രിതരെ കൂടെ കൂട്ടുവാൻ കഴിയുമായിരുന്നു. വിദേശ വിദ്യാർഥികളുടെ ഭർത്താവ്, ഭാര്യ, സിവിൽ അല്ലെങ്കിൽ അവിവാഹിത പങ്കാളി, 18 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവരെ ആശ്രിത വീസയിൽ യുകെയിലേക്ക് കൊണ്ട് വന്നിരുന്നു. അതേസമയം ബിരുദ വിദ്യാർഥികളുടെ പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റുകൾ നിലവിൽ ഉള്ളത് പോലെ തുടരുന്നത് വിദ്യാർഥികൾക്ക് ആശ്വാസം പകരും. ഇതിനകം ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് യുകെയിൽ രണ്ട് വർഷവും ഡോക്ടറൽ ബിരുദവുമുള്ളവർക്ക് മൂന്ന് വർഷവും പോസ്റ്റ് സ്റ്റഡി വർക്ക് (പി.എസ്.ഡബ്ല്യൂ) വീസയിൽ ജോലിചെയ്യാൻ കഴിയും.
ബിരുദധാരികളെ അവരുടെ കഴിവുകൾക്കനുസരിച്ച് ജോലി തിരഞ്ഞെടുക്കാൻ പി.എസ്.ഡബ്ല്യൂ വീസ അനുവദിക്കുന്നുണ്ട്. 2023 സെപ്റ്റംബർ അവസാനം വരെയുള്ള 12 മാസങ്ങളിൽ യുകെ സർക്കാർ 4,86,107 പഠന വീസകൾ അനുവദിച്ചു. അതിൽ പകുതിയും ഇന്ത്യൻ, ചൈനീസ് പൗരന്മാർക്കാണ് അനുവദിച്ചത്.