Monday, December 23, 2024

HomeEditor's Pickഅംഗപരിമിതരും ഡ്രൈവിംഗ് ലൈസൻസും (ലേഖനം : ആൻറണി ജോസഫ് കുറുപ്പശ്ശേരി)

അംഗപരിമിതരും ഡ്രൈവിംഗ് ലൈസൻസും (ലേഖനം : ആൻറണി ജോസഫ് കുറുപ്പശ്ശേരി)

spot_img
spot_img

ജിലുമോൾ എന്ന അംഗപരിമിതിയുള്ള ഒരു പെൺകുട്ടിയ്ക്ക് ഈ അടുത്തായി ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതും അവർ കാർ ഡ്രൈവ് ചെയ്യുന്നതും വളരെയേറെ വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.

ജന്മനാ രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോൾ തൻ്റെ ഇച്ഛാശക്തിയിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ഡ്രൈവിംഗ് ലൈസൻസ് നേടിയെടുത്തു എന്നതാണത്. അതിന് വേണ്ടി അവർ ചെയ്ത നീണ്ട പോരാട്ടം വളരെയേറെ പ്രശംസാർഹമാണ്. അതിന് വേണ്ടി അവരെ സഹായിച്ച ഓരോ വ്യക്തികളും ആ അഭിനന്ദനങ്ങൾക്ക് പങ്കാളികളാണെന്നതിലും യാതൊരു സംശയവുമില്ല.

അതിൽ സർക്കാർ സംവിധാനങ്ങളുടെ ഭാഗമായവരുമുണ്ട്. അവരിലെ സാമൂഹ്യ നന്മയായിരിക്കും ഒരുപക്ഷെ അവരെയൊക്കെ അതിന് പ്രോത്സാഹിപ്പിച്ചത്. അല്ലെങ്കിൽ ആ കുട്ടിയുടെ വ്യക്തിജീവിതത്തിലെ മറ്റ് സാഹചര്യങ്ങൾ കണക്കിലെടുത്തുമാകാം അവളോട് സഹതാപവും സഹാനുഭൂതിയും കാണിയ്ക്കുവാനും അവളെ സഹായിക്കുവാനും തയ്യാറായത്. അവർ എന്തൊക്കെ കാരണത്താൽ അവളെ സഹായിച്ചു എന്നതിന് ഇവിടെ വലിയ പ്രസക്‌തിയില്ല. അവളെ ആരൊക്കെയോ സഹായിച്ചു എന്നത് മാത്രമാണ് പ്രാധാന്യം അർഹിക്കുന്ന കാര്യം. സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വ്യക്തികൾക്ക് മാത്രമേ ഇത്തരത്തിൽ സഹായിക്കാൻ സാധിക്കൂ എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം.

ഇവിടെ വിഷയം മറ്റൊന്നാണ്. അത് അംഗ പരിമിതർ നേരിടുന്ന പ്രശ്നങ്ങളാണ്. അതിൽ സർക്കാരും സമൂഹവും അവരെക്കുറിച്ചുണ്ടാക്കിയിരിക്കുന്ന തെറ്റായ ചില മാനദണ്ഡങ്ങളും കാഴ്ചപ്പാടുകളുമാണ്. അംഗ പരിമിതരായവർ സമൂഹത്തിൻ്റെ കണ്ണിൽ ദരിദ്രരായി തെരുവുകളിലേക്ക് എത്തിച്ചേരേണ്ടവരാണെന്നുള്ളതാണ് അതിൽ മുഖ്യമായുള്ളത്. ആ ചിന്താഗതികൾക്ക് ഈ ആധുനിക കാലത്തും കാതലായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.

ദീർഘ കാലമായി സമൂഹത്തിൽ കണ്ടുവരുന്ന കാഴ്ചകളാണ് അതിന് ആധാരം. ഒരുപക്ഷെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തിയിരുന്ന കുഷ്ഠരോഗികളുടെ പഴയ കഥകൾ ഇന്നും കേട്ടു കൊണ്ടിരിക്കുന്നതു കൊണ്ടുമാകാം ആ ചിന്താഗതികളിൽ മാറ്റമുണ്ടാകാത്തത്. അവരുടെ ജന്മത്തിൽ മുജ്ജന്മ പാപങ്ങളുടെയും പൂർവികരുടെ പാപകഥകളും കോർത്തിണക്കുന്നതു കൊണ്ടുമാകാം ഇത്തരത്തിൽ ഇന്നും അംഗപരിമിതർ അവഗണന നേരിടുന്നത്.

അത്തരത്തിലുള്ള പാപസങ്കല്പങ്ങളിലൂടെ അന്ധവിശ്വാസങ്ങളിലൂടെയൊക്കെ എത്രയോ ജീവനുകളെയായിരിക്കും ഹോമിച്ചിരിക്കുന്നത്. ഒരുപക്ഷെ അറിവില്ലായ്മ കൊണ്ടാകാം ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകുന്നത് മാതാപിതാക്കൾ ചെയ്യുന്ന തെറ്റുകാരണമാണെന്നൊക്കെ സധൈര്യം നമ്മുടെ സമൂഹത്തിൽ വിളിച്ച് പറയാൻ ചിലർക്കെങ്കിലും കഴിയുന്നത്. ഇന്ന് കാലം മാറി, ശാസ്ത്രീയമായ, യുക്തിപരമായ ചിന്താഗതികൾ എല്ലാ തലങ്ങളിലുമെത്തിയിരിക്കുന്നു. എന്നാൽ ആ മാറ്റങ്ങൾ സർക്കാർ സംവിധാനങ്ങളിൽ ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. സർക്കാർ കാര്യങ്ങൾ മുറപോലെ എന്ന മട്ടിലാണ് ഇന്നും കാര്യങ്ങൾ നീങ്ങുന്നത്. അതുകൊണ്ടാണ് ജിലുമോൾക്ക് തൻ്റെ ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി നീണ്ട വർഷങ്ങൾ പോരാടേണ്ടി വന്നത്.

ഏറ്റവും രസകരമായ കാര്യം സർക്കാർ സംവിധാനങ്ങളുടെ ഭാഗമായുള്ളവർ ഇത്തരം ഒരു ലൈസൻസ് ഇന്ത്യയിലെവിടെയെങ്കിലും ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോയെന്ന് ജിലുമൊളോട് അന്വേഷിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. ഒരുപക്ഷെ അങ്ങനെ ആരെങ്കിലും ലൈസൻസ് നേടിയിട്ടുണ്ടെങ്കിൽ അതിൻ്റെ ചുവട് പിടിച്ച് വലിയ കഷ്ടപ്പാടില്ലാതെ അത് തരപ്പെടുത്തിക്കൊടുക്കാമെന്നായിരിക്കും അവർ ചിന്തിച്ചിരിക്കുക. അതിൽ പൂർണമായും തെറ്റുണ്ടെന്ന് തോന്നുന്നില്ല.

ഏത് കാര്യത്തിലും അത്തരത്തിലുള്ള കേസുകൾ മുന്പുണ്ടായിട്ടുണ്ടോയെന്ന് തന്നെയാകണം ആദ്യം അന്വേഷിക്കേണ്ടത്. എന്നാൽ അത് അന്വേഷിക്കാൻ നമുക്കൊരു ശരിയായ സംവിധാനമില്ലായെന്നതാണ് സത്യം. നമ്മുടെ സംവിധാനങ്ങളൊക്കെ ഇത്തരം കാര്യങ്ങളിലൊക്കെ പരാജയപ്പെടുകയാണ്. നമ്മുടെ നിയമ സംവിധാനങ്ങളെയൊക്കെ ഉപയോഗപ്പെടുത്തി പുതിയതായി ഒന്ന് നേടിയെടുക്കുന്നതിൽ സർക്കാർ ഉദ്യോഗസ്‌ഥർ പരാജയപ്പെടുകയാണ്. അല്ലെങ്കിൽ പലതിനേയും അവർ ഭയപ്പെടുകയാണ് എന്ന് പറയാതെ വയ്യ.

ഈ ആധുനിക കാലഘട്ടത്തിലും നമ്മുടെ സംവിധാനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പരസ്പരം കെട്ടുപിണഞ്ഞതോ കൂട്ടിച്ചേർക്കാൻ കഴിയാത്ത വിധത്തിലോ ആണെന്നത് നമ്മുടെ ജനാധിപത്യ സംവിധാനങ്ങളുടെ പോരായ്മയായി മാത്രമേ കാണാൻ കഴിയൂ. അംഗപരിമിതർക്കായുള്ള നയരൂപീകരണങ്ങളോ വ്യക്തമായ നിയമങ്ങളോ അത് ശരിയായ രീതിയിൽ നടപ്പാക്കാനുള്ള മാർഗ്ഗങ്ങളോ നമ്മുടെ മുൻപിൽ ഇന്നും ഇല്ല. അത് കാൽ സ്വാധീനമില്ലാവർക്കായുള്ള റാംപുകളുടെയും കാഴ്ച പരിമിതർക്കയ്ക്കായുള്ള പ്രത്യേക നടപ്പാതയുടെ നിർമ്മാണമായാലും സ്ഥിതി ഒന്ന് തന്നെ. കാഴ്ച ശക്തിയുള്ളവർക്ക് പോലും നടക്കാൻ കഴിയാത്ത നടപ്പാതകളാണ് നമുക്കിന്നുള്ളത്. തുറന്നു കിടക്കുന്ന മാൻഹോളുകളും ഓടയുടെ മുകളിലുള്ള പൊട്ടിപ്പൊളിഞ്ഞ നടപ്പാതയുമാണ് നമുക്ക് എവിടെയും കാണാൻ കഴിയുന്നത്.

ഓടകൾ പണിതാൽ രണ്ടുണ്ട് ഗുണം. വെള്ളവുമൊഴുകും നടപ്പാതയുമാകും എന്ന നിലയിലാണ് നിർമ്മാണരീതി. ഓടകൾ പണിയുന്നത് കൊണ്ട് നടപ്പാത സൗജന്യമായി നമുക്ക് ലഭിക്കുന്നു എന്നും വേണം ചിന്തിക്കാൻ. അതുകൊണ്ടാണ് ഓടകൾ വൃത്തിയാക്കാൻ തുറക്കുമ്പോൾ നടപ്പാത പൊട്ടിപ്പൊളിഞ്ഞ് അപകടങ്ങൾ പതിവാകുന്നതും, ഓടകളോടൊപ്പം പണിയുന്ന നടപ്പാതകൾ എവിടൊക്കെയോ എത്തിച്ചെരുന്നതും കാണാം. ഇവിടെ ഓടകളുടേയും നടപ്പാതകളുടേയും ആവശ്യകത വ്യത്യസ്തമാണെന്ന് മനസ്സിലാക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല എന്ന് വേണം അനുമാനിക്കാൻ.

കാഴ്ച ശക്തിയില്ലാത്തവർക്കായി നിർമ്മിക്കുന്ന നടപ്പാതകളെക്കുറിച്ച് അത് നിർമ്മിക്കുന്ന കോൺട്രാക്ടർമാർക്ക് യാതൊരു അവഗാഹവുമില്ലായെന്ന് അതിൻ്റെ നിർമ്മിതി കണ്ടാൽ മനസ്സിലാകും. ഗൂഗിളിലെങ്കിലും അതിൻ്റെ സവിശേഷതകളും അത് നിർമ്മിക്കേണ്ടതിനുള്ള മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഒന്ന് വായിച്ച് പോകുന്നത് തന്നെ അതിൻ്റെ നിർമ്മാണത്തിൽ ഏർപ്പെടുന്ന എഞ്ചിനീയേഴ്സിനും കോൺട്രാക്‌ടേഴ്‌സിനും കൂടുതൽ ഗുണകരമാകുമെന്ന് കരുതുന്നു. അതുമായി ബന്ധപ്പെട്ട ധാരാളം ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ്‌സുകളും ഇന്ത്യൻ സ്റ്റാൻഡേർഡ്‌സുകളും ഉണ്ട്. ഐ.എസ്.ഓ വളരെ കൃത്യമായി അതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുമുണ്ട്.

കാഴ്ച പരിമിതർ അതിനെ വിശ്വസിച്ച് നടന്നാൽ എത്തിച്ചേരുന്നത് മറ്റൊരിടത്താകുമെന്നതിന് യാതൊരു സംശയവുമില്ല. ഒരു പക്ഷെ വികൃതമായി, അപകടകരമായി അത്തരം നടപ്പാതകൾ നിർമ്മിക്കാതിരിക്കുന്നതായിരിക്കും കൂടുതൽ ഉത്തമമെന്നാണ് തോന്നുന്നത്. അവരെ ഒരു അപകടത്തിലേക്ക് കൊണ്ടുപോകേണ്ടതില്ല. ഒരു പക്ഷെ അത്തരം അപകടങ്ങൾ ഉണ്ടാകാത്തത് അവർ കൂടുതൽ ജാഗ്രത പാലിക്കുന്നതു കൊണ്ടായിരിക്കാം. പേരിന് കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവർത്തനങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ല എന്നതുകൊണ്ടാണ് ഇതൊക്കെ തുടർന്ന് പോകുന്നത്. സർക്കാർ സംവിധാനങ്ങൾ ഇതൊന്നും പരിശോധിക്കാൻ മുതിരുന്നില്ലായെന്നതാണ് അംഗപരിമിതർ ഇത്തരത്തിൽ ചൂഷണത്തിന് വിധേയരാകാൻ കാരണം.

എത്രമാത്രം പണമാണ് അവരുടെ പേരിൽ അവർക്ക് തെല്ലും ഉപകാരപ്പെടാത്ത രീതിയിൽ വൃഥാ നഷ്ടപ്പെടുത്തുന്നത്. അതിൻ്റെയൊക്കെ ലാഭവിഹിതം കോൺട്രാക്ടർമാർക്കും അതിനാവശ്യമായ നിർമ്മാണ വസ്തുക്കളുടെ വില അതിൻ്റെ നിർമ്മാതാക്കൾക്കും ലഭിക്കുന്നുണ്ടെന്നതും ഇതോടു കൂടി കൂട്ടി വായിക്കാവുന്നതാണ്. കാഴ്ചപരിമിതർക്കായുള്ള നടപ്പാതയിലെ അവരെ ശരിയായ രീതിയിൽ വഴികാട്ടേണ്ട പ്രത്യേകം രൂപകൽപ്പന ചെയ്ത ടൈലുകളുടെ ഒത്ത നാടുവിൽത്തന്നെ ഇലക്ട്രിക്ക് പോസ്റ്റുകളൊക്കെ സ്ഥാനം പിടിക്കുന്നു എന്നത് എത്രമാത്രം നിരുത്തരപരമായ കാര്യമാണെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.

ഇവിടെ ജിലുമോൾക്ക് ലൈസൻസ് നൽകുവാനെടുത്ത സമയദൈർഘ്യം ഒരിയ്ക്കലും നീതീകരിക്കാൻ കഴിയുന്നതല്ല. ആ ലൈസൻസ് കൊടുക്കാൻ നാല് വർഷമെടുത്തെങ്കിൽ ഒരു മാസം കൊണ്ടും അത് കൊടുക്കാമായിരുന്നു. ഇവിടെ ജിലുമോൾക്ക് ലൈസൻസ് നൽകുവാനായി ചില തീരുമാനങ്ങൾ ഒഴിച്ച് പുതുതായി ഒന്നും ഉണ്ടാക്കിയില്ല എന്നതാണ് പ്രധാനമായി മനസ്സിലാക്കേണ്ടത്. അതിനൊക്കെ എന്ത് ന്യായീകരങ്ങൾ പറഞ്ഞാലും അതൊക്കെ വെറും തൊടുന്യായങ്ങളായി മാത്രമേ കാണാൻ കഴിയൂ. തീരുമാനങ്ങൾ എടുക്കുവാനുള്ള കാലതാമസമാണ് കഴിവ് കേടായി കാണേണ്ടത്. ചുവപ്പ് നാടകളുടെ കെട്ടപ്പെടലുകളാണ് ഇവിടെ സംഭവിക്കുന്നത്.

കാര്യങ്ങൾ നടക്കുന്നത് സമയ ബന്ധിതമല്ലായെന്നതാണ് പ്രശ്നം. ഓരോ അപേക്ഷകളും തീർപ്പാക്കേണ്ട സമയ പരിധികളെക്കുറിച്ച് സർക്കാർ ഓഫിസുകളിൽ വലിയ അക്ഷരങ്ങളിൽ പ്രദർശിപ്പിക്കുമെങ്കിലും അതെ അപേക്ഷകൾ വർഷങ്ങളായി ചുവപ്പ് നടയിൽ കുടുങ്ങി കിടക്കുന്നതും നമുക്ക് അറിയാവുന്നതാണ്. ആ അപേക്ഷകളുടെ സ്ഥിതി വിവരങ്ങൾ അറിയുവാനായി വീണ്ടും വിവരാവകാശത്തിനായുള്ള അപേക്ഷ കൊടുക്കണമെന്നതാണ് ഏറ്റവും രസകരമായ കാര്യം.

ജിലുമോൾ ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അംഗപരിമിതർക്കും വലിയ പ്രചോദനവും ആശ്വാസവുമാണ് പകർന്ന് നൽകുന്നത്. ആശ്വാസം മറ്റൊന്നുമല്ല ജിലുമോൾക്ക് കിട്ടിയ ലൈസൻസിനെ പിന്തുടർന്ന് അനേകായിരം അംഗപരിമിതർക്ക് ഇത്തരത്തിൽ ലൈസൻസ് നേടിയെടുക്കാനും അവർക്കതിലൂടെ ജീവിത വിജയം നേടാനും കഴിയുമെന്നതാണ്. പ്രചോദനം, അവരുടെ അവകാശങ്ങളെക്കുറിച്ചു അവരെ കൂടുതൽ ബോധവാന്മാരാക്കുമെന്നതാണ്.

അംഗപരിമിതർ ഒരു വോട്ട് ബാങ്കല്ലാത്തതും ന്യൂനപക്ഷമാണെന്നതും അവർ സംഘടിതരല്ലായെന്നതുമാണ് അവരുടെ ന്യായമായ അവകാശങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നോ അവർക്കാവശ്യമായ പിന്തുണ പൊതു സമൂഹത്തിൽ നിന്നോ ഉണ്ടാകാത്തത്. അവർ എന്നും പരസഹായത്തോടെ ജീവിക്കേണ്ടവരാണെന്ന പൊതു ചിന്തയുമാണ് അതിനുള്ള പ്രധാന കാരണം. സമൂഹത്തിൻ്റെ ആ കാഴ്ചപ്പാടുകളിലും മാറ്റമുണ്ടാകട്ടെ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments