Monday, December 23, 2024

HomeEditor's Pickതെക്കേ ഇന്ത്യയിലെ ചുവന്ന മരുഭൂമി (ലേഖനം)

തെക്കേ ഇന്ത്യയിലെ ചുവന്ന മരുഭൂമി (ലേഖനം)

spot_img
spot_img

(ആൻറണി ജോസഫ് കുറുപ്പശ്ശേരി)

കുറച്ചുകാലമായി തമിഴ്‌നാട്ടിലുള്ള മരുഭൂമിക്ക് സമാനമായ ഒരു പ്രദേശത്തെക്കുറിച്ച് കേൾക്കുവാൻ തുടങ്ങിയിട്ടെങ്കിലും ഈ അടുത്തായാണ് ചില വ്‌ളോഗ്ഗുകളിലൂടെ ഇത് കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്. തമിഴ്‌നാട്ടിലുള്ള തൂത്തുക്കുടി ജില്ലയിൽ തിരുനെൽവേലിക്കടുത്തുള്ള ബംഗാൾ ഉൾക്കടലിന് അഭിമുഖമായി കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന തിരുച്ചെന്തൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് തേരികാട് എന്ന ഈ പ്രദേശം. ഏകദേശം 12,000 ഏക്കർ (50 ച. കി.മീ) വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഒരു പ്രദേശമാണ് ഇത്. മരുഭൂമിയെന്ന് പലരും ഇതിനെ വിശേഷിപ്പിക്കുമെങ്കിലും, മരുഭൂമിയുമായി ചില സമാനതകളുള്ള ഒരു പ്രദേശമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.

കണ്ണെത്താ ദൂരത്തോളം പൂർണമായും ചുവന്ന മണ്ണ് ഒരു ചുവപ്പ് പരവതാനി പോലെ കിടക്കുന്നു എന്നതാണ് ഈ പ്രദേശത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയും മനോഹാരിതയും. ഇത് കണ്ട് പരിചയമില്ലാത്ത ഒരു കാഴ്ച്ചയായതു കൊണ്ട് തന്നെ കാഴ്ചക്കാരിൽ വലിയ അത്ഭുതവും ജിജ്ഞാസയും ഉളവാക്കുമെന്നതിൽ സംശയമില്ല. വീടുകളൊന്നുമില്ലാത്ത, ആൾ താമസമില്ലാതെ പരന്നു കിടക്കുന്ന മണൽപ്പരപ്പുകളും, മണൽ തിട്ടകളും, മണൽക്കൂനകളും, അവിടെ അങ്ങിങ്ങായുള്ള ഈന്തപ്പനകളും, കശുമാവുകളും, അപൂർവ്വം കുറ്റിച്ചെടികളും മാത്രം വളരുന്ന ഒരു പ്രദേശം എന്നതുകൊണ്ടാണ് ഇതിനെ ഒരു മരുഭൂമിയായി ആളുകൾ കാണുന്നത്. ചവിട്ടിയാൽ താഴ്ന്നു പോകുന്ന തരത്തിലുള്ള ഇളക്കമുള്ള സാധാരണ കടൽപ്പുറത്ത് കാണുന്ന മണ്ണിൻ്റെ ഘടന തന്നെയാണ് ഇവിടെയുമുള്ളത്. കടൽപ്പുറത്തിന് വ്യത്യസ്തമായി ചുവന്ന മണ്ണാണെന്ന് മാത്രം.

2.6 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള സമുദ്ര നിക്ഷേപങ്ങൾ കൊണ്ടാണ് ഇത് രൂപപ്പെട്ടതെന്നും അവയ്ക്ക് ജലവും പോഷകങ്ങൾ നിലനിർത്താനുള്ള ശേഷിയും വളരെ കുറവാണെന്നുമാണ് ചില പഠനങ്ങളിൽ സൂചിപ്പിക്കുന്നത്. ഈ പ്രദേശം പണ്ട് ഒരു പുരാതന തീരമായിരുന്നിരിക്കാമെന്നും, കടലിൻ്റെ പിന്നോക്കാവസ്ഥയ്ക്ക് ശേഷം കടൽത്തീരത്തെ മണൽ തടയപ്പെട്ടതു കൊണ്ടാകാം ഇന്നത്തെ മണൽ തിട്ടകൾ രൂപപ്പെട്ടത് എന്നും ചില നിഗമങ്ങളിൽ എത്തിച്ചേരുന്നുണ്ട്. എന്നാൽ ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ മാത്രം പ്രത്യക്ഷപ്പെട്ട ഭൂമിശാസ്ത്രപരമായ രൂപങ്ങളാണിവ എന്നതാണ് മറ്റൊരു വീക്ഷണം.

ഇത്തരത്തിലുള്ള മറ്റൊരു സ്ഥലമാണ് വിശാഖപട്ടണത്തിനും ഭീമുനിപട്ടണത്തിനും ഇടയിലുള്ള ഏരാ മട്ടി ഡിബ്ബലു എന്ന പ്രദേശം. ഇതിന് 5 കി.മീ. നീളവും 2 കി.മീ. വീതിയുമാണ് ഉള്ളത്. തേരികാടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു ചെറിയ പ്രദേശം മാത്രമാണ്. ചുവന്ന മണ്ണുള്ള ഒരു പ്രദേശമെങ്കിലും ഇത് കാഴ്ചയിൽ വ്യത്യസ്തമാണ്.

ഇത്തരത്തിൽ ചുവന്ന മണ്ണുള്ള പ്രദേശങ്ങൾ ലോകത്തിൻ്റെ പലയിടങ്ങളിലും കാണാമെങ്കിലും തേരികാട് തെക്കേ ഇന്ത്യയിലെ, കാഴ്ച്ചയിൽ മരുഭൂമിക്ക് സമാനതയുള്ള ഒരു പ്രദേശമെന്ന നിലയിലാണ് സഞ്ചാരികളുടെ ഇടയിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. ലോകത്തിൻ്റെ പല പ്രദേശങ്ങളിലും വ്യത്യസ്തമായ ഒരു പാട് കാഴ്ചകൾ കാണാൻ കഴിയുന്നതാണ്. അതിൽ അമേരിക്കയിൽ അരിസോണയിലെ ഗ്രാന്റ് കനിയൻ എന്ന ഭൂപ്രദേശവും ഇന്ത്യയിൽ മധ്യപ്രദേശിലെ ചമ്പൽ കാടുകളും ഇതിന് ചില ഉദാഹരണങ്ങൾ മാത്രമാണ്.

തേരികാട് പ്രദേശത്ത് കർഷകർ കശുവണ്ടിയും, ഈന്തപ്പനയും, കൃഷി ചെയ്യുവാൻ ചില ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. മഴക്കാലത്ത് ചിലയിടങ്ങളിൽ താൽക്കാലിക തടാകങ്ങളും കുളങ്ങളും ഉണ്ടാകുകയും ഇവയ്ക്ക് ചുറ്റും മുരിങ്ങ, കശുമാവ് പോലുള്ള മരങ്ങളും വളർത്തുന്നു. ഇതിനോട് ചേർന്നുള്ള കുതിരൈമൊഴി എന്ന ഗ്രാമത്തിൽ ഏകദേശം 500-1000 വർഷം പഴക്കമുള്ള കർക്കുവേൽ അയ്യനാർ എന്ന ഒരു ഹിന്ദു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്.

ചില പഠന റിപ്പോർട്ടുകളിലൊക്ക ഈ പ്രദേശം ഇതേ രീതിയിൽ സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ കുറച്ച് സ്ഥലം പഠനാവശ്യങ്ങൾക്കായി സംരക്ഷിച്ചുകൊണ്ട് ഈ പ്രദേശം കൂടുതൽ കാർഷിക ആവശ്യങ്ങൾക്ക് ഉപകരിക്കത്തക്ക രീതിയിൽ വികസിപ്പിക്കാൻ സാധിക്കേണ്ടതാണ്. പൂർണമായും മരുഭൂമികളായിരുന്ന ദുബൈയോ, ഇസ്രായേലോ മദ്ധ്യ ഏഷ്യയിലുള്ള മറ്റ് പല സ്ഥലങ്ങളും ഇന്നത്തെ രീതിയിലേക്ക് മാറിയത് മനുഷ്യൻ്റെ ആവശ്യങ്ങൾക്ക് ഉപകരിക്കത്തക്ക രീതിയിൽ അത് മാറ്റിയെടുത്തു എന്നതുകൊണ്ടാണ്.

ഈയടുത്തകാലത്തായി ഈ പ്രദേശത്തിന് സഞ്ചാരികളുടെ വളരെയേറെ ശ്രദ്ധ ലഭിക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഒരു പക്ഷെ തെക്കേ ഇന്ത്യയിൽ ഒരു മരുഭൂമി ഇല്ലാത്തതുകൊണ്ടാകാം ഇവിടെ ഇത്തരത്തിൽ മരുഭൂമിക്ക് സമാനമായ ഒരു സ്ഥലത്തിന് കൂടുതൽ ശ്രദ്ധ കിട്ടുന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതും എന്ന് അനുമാനിക്കാം. ഇന്ന് സോഷ്യൽ മീഡിയയുടെയും വ്‌ളോഗ്ഗുകളുടെയും പത്ര ദൃശ്യ മാധ്യമങ്ങളുടെയുമൊക്കെ സ്വാധീനത്താൽ ധാരാളം സഞ്ചാരികൾ ഇവിടേക്ക് എത്തിച്ചേരുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

എന്തായാലും തേരികാട് തെക്കേ ഇന്ത്യയിലെ വളരെ വ്യത്യസ്തമായ ഒരു സ്ഥലം തന്നെയാണ്. ഒരു പക്ഷെ വിദേശങ്ങളിലോ രാജസ്ഥാനിലോ ഉള്ള മരുഭൂമികൾ കാണാൻ സാധിക്കാത്തവർക്ക്, ചൂട് കാറ്റും, ഒട്ടകങ്ങളും ഇല്ലെങ്കിലും കാഴ്ചയിലെങ്കിലും ഒരു മരുഭൂമിയുടെ പ്രത്യേതകൾ അവിടെ എത്തിച്ചേരുന്നവർക്ക് അനുഭവിക്കാൻ സാധിക്കുന്നുണ്ടാകാം. അതിനൊക്കെയുപരി കാഴ്ചകളുടെ വ്യത്യസ്തതകൾ തേടുന്ന ആർക്കും ഇതൊരു വ്യത്യസ്തമായ അനുഭവവും പുതിയ ഒരു അറിവിലേക്കുള്ള വാതായനവുമാകാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments