ബാജ കാലിഫോര്‍ണിയ: സാമൂഹിക മാധ്യമങ്ങളില്‍ ഓരോ നിമിഷവും നിരവധി വീഡിയോകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവയില്‍ ചില വീഡിയോകള്‍ നമ്മെ ഏറെ രസിപ്പിക്കുകയും മറ്റു ചിലത് അലോസരപ്പെടുത്തുകയും ചെയ്യും. എന്നാല്‍, കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ തീര്‍ച്ചയായും നിങ്ങളെ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കും. കാരണം അത്രമാത്രം മനോഹരവും അപൂര്‍വവുമായ ഒരു കാഴ്ചയാണ് ആ വീഡിയോ സമ്മാനിക്കുന്നത്.
സമുദ്രത്തിന്റെ ആഴത്തട്ടിലെ കാഴ്ചകള്‍ എപ്പോഴും നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. ഇന്നോളം നമ്മള്‍ കണ്ടിട്ടില്ലാത്ത കൗതുകകരമായ കാഴ്ചകളുടെ ഒരു കലവറയായാണ് പലപ്പോഴും സമുദ്രത്തെ വിശേഷിപ്പിക്കാറ്. ആഴത്തിലേക്ക് ചെല്ലും തോറും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ചകളാണ് സമുദ്രം നമുക്ക് സമ്മാനിക്കാറുള്ളത്. അത്തരത്തില്‍ ഒരു കാഴ്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
കടലില്‍ നിന്ന് 4000 അടി താഴ്ച്ചയില്‍ കണ്ടെത്തിയ ഒരു അപൂര്‍വ്വയിനം ജെല്ലി ഫിഷിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍. തീര്‍ത്തും വര്‍ണ്ണാഭമായതും വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നതുമായ ഈ മനോഹരമായ സമുദ്ര ജീവിയെ കണ്ടെത്തിയത് ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റില്‍ നിന്നുള്ള ആഴക്കടല്‍ പര്യവേക്ഷണ സംഘം ആണ്. മെക്‌സിക്കോയിലെ ബാജ കാലിഫോര്‍ണിയ സ്റ്റേറ്റിന്റെ തീരത്ത് കടലില്‍ നിന്ന് 4,000 അടി താഴെയായാണ് ഈ ജെല്ലി ഫിഷിനെ കണ്ടെത്തിയത്. വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കാത്ത വിധം മനോഹരമായ വര്‍ണ്ണങ്ങളാല്‍ നിറഞ്ഞതാണ് ഈ ജെല്ലി ഫിഷ്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ നിരവധി ആളുകള്‍ ആണ് മനോഹരമായ ഈ കാഴ്ചയെ വീണ്ടും വീണ്ടും ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ദൈവത്തന്റെ മനോഹരമായ ഒരു സൃഷ്ടി’ എന്ന ക്യാപ്ഷനോടെയാണ് ചിലര്‍ വീഡിയോ പങ്കു വച്ചിരിക്കുന്നത്.