ഡോ. ജോര്‍ജ് എം. കാക്കനാട്
ഹൂസ്റ്റണ്‍: പൗരന്മാരെ സംരക്ഷിക്കുന്നതില്‍ ലോകത്ത് മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്ക മാതൃകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. ഹൂസ്റ്റണില്‍ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസില്‍ ആദ്യമായാണ് എത്തുന്നത്. ഇവിടെ എത്തിയതോടെ അമേരിക്കയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാറി. അമേരിക്ക ‘റോള്‍ മോഡല്‍ ടു വേള്‍ഡ്’ എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. ഈ രാജ്യത്തെ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയവരോട് അടക്കം കാട്ടുന്ന സ്നേഹവും കരുതലും അനുകമ്പയുമെല്ലാം ഇന്ത്യയില്‍ സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയുന്നതല്ല. അത്ഭുതം തോന്നുകയാണ. വിശാലമായ റോഡുകള്‍, രമ്യഹര്‍മ്യങ്ങള്‍. ഓരോ പൗരന്റെയും ജീവിത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ജോലി നഷ്ടപ്പെട്ട ചില മലയാളികളെ കണ്ടു. ജോലി പോയെങ്കിലും അവര്‍ക്ക ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും സുധാകരന് പറഞ്ഞു.
നാട്ടിലെ സ്ഥിതി എന്താണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് എന്തു മെച്ചമാണ് ചെയ്യുന്നത് എന്ന് ചിന്തിച്ചു പോവുകയാണെന്നും സുധാകരന് പറഞ്ഞു. യുഎസില്‍ എത്തിയിട്ടും മലയാളികള്‍ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഭാഗ്യമായി കരുതുന്നു. ലോകത്ത് ഏതു ഭാഗത്താണെങ്കിലും സ്വന്തം മണ്ണിനെക്കുറിച്ച് ചിന്തിക്കാന്‍ സമയം കണ്ടെത്തുന്ന നിങ്ങളുടെ മനസ്സ് വിശാലമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലെ ഡോക്ടര്‍മാരുടെ പെരുമാറ്റവും കൃത്യനിഷ്ടയും കരുതലും ചികിത്സയ്ക്കായി അമേരിക്കയില്‍ എത്തിയ തന്നെ ആശ്ചര്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നാട്ടില്‍ മുഖ്യമന്ത്രിയുടെ തോന്ന്യാസമാണ് നടക്കുന്നത്. പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്നു. ശബരിമലയില്‍ 2000 പോലീസുകാരെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. മുഖ്യമന്ത്രിക്ക് കാവല്‍ 6000 പോലീസുകാരാണ്. ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ടു ജനങ്ങള്‍ കുഴഞ്ഞു വീഴുകയാണ്. സര്‍ക്കാരിന് ഒന്നിനും സമയമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കോളജുകളില്‍ കെഎസ്യു നേടിയ വിജയങ്ങള്‍ താന്‍ നല്കിയ സംരക്ഷണത്തിന്റെ ബലത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നേതാക്കന്മാര് ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മാത്രമേ കാണൂ എന്നും സുധാകരന് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ ബിസിനസ്സുകാരെയെല്ലാം ഉള്‍പ്പെടുത്തി ഇത്രയും അച്ചടക്കത്തോടു കൂടി സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് എന്ന പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകുന്ന ഭാരവാഹികളെ കെ. സുധാകരന് അഭിനന്ദിച്ചു.
പൊന്നാടയും തലപ്പാവും അണിയിച്ചാണ് സുധാകരനെ സ്വീകരിച്ചത്. കണ്ണൂരിന്റെ രാഷ്ട്രീയ തട്ടകത്തില്‍ വളര്‍ന്ന കെ. സുധാകരന് കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രതീക്ഷയാണെന്ന്് അധ്യക്ഷനായിരുന്ന സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ അതിഥിയായി എത്തിയ സുധാകരന് ഇനി മുഖ്യമന്ത്രി എന്ന നിലയില്‍ എത്തട്ടെ എന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ജോര്‍ജ് എം. കാക്കനാട് ആശംസിച്ചു.
ചേംബര്‍ സെക്രട്ടറി ബ്രൂസ് കൊളമ്പേല്‍, മുന്‍ പ്രസിഡന്റ്മാരായ ജിജി ഓലിക്കന്‍, സണ്ണി കാരിക്കൽ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. അസോസിയേറ്റ് സെക്രട്ടറി ചാക്കോ തോമസ് നന്ദിപറഞ്ഞു. മുന്‍ പ്രസിഡന്റ് ജോര്‍ജ് കൊളച്ചേരിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.