റിയോഡി ജനീറോ: മലയാളികള്‍ക്ക് അല്‍പം വൃത്തിക്കൂടുതലുണ്ടെന്ന് പൊതുവില്‍ ഒരു പറച്ചിലുണ്ട്. ദിവസം രണ്ട് നേരമെങ്കിലും കുളിക്കാത്ത മലയാളി ഉണ്ടാവില്ല. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തവണ കുളിക്കുന്നവരുള്ള രാജ്യം ഏതാണെന്ന് അറിയാമോ?
ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ കുളിക്കുന്നവരുള്ള രാജ്യം ബ്രസീലാണെന്ന് കാന്താര്‍ വേള്‍ഡ് പാനലിന്റെ ഗവേഷണം പറയുന്നു. ഇവിടുത്തെ ആളുകള്‍ ഓരോ ആഴ്ചയും ശരാശരി 14 തവണയെങ്കിലും കുളിക്കുന്നതായാണ് ഇവരുടെ കണക്കില്‍ പറയുന്നത്. ഈ കണക്ക് ആഗോള ശരാശരിയായ ഒരു ആഴ്ചയില്‍ അഞ്ച് തവണ കുളിക്കുന്നു എന്ന കണക്കിനെ മറികടക്കുന്നതാണ് ഈ കണക്ക്.
ബ്രസീലുകാര്‍ ഭയങ്കര വൃത്തിക്കാര്‍ ആണെന്ന് തോന്നുന്നുണ്ടല്ലെ? എന്നാല്‍, രാജ്യത്തിന്റെ ചൂടേറിയ കാലാവസ്ഥയാണ് ഇവരെ ഇത്രയും തവണ കുളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പറയുന്നത്. സ്വതവേ ചൂട് കൂടിയ കാലാവസ്ഥയാണ് ബ്രസീലിലുള്ളത്.
രാജ്യത്തെ ഒരു വര്‍ഷത്തിലെ ശരാശരി താപനില വരുന്നത് 24.6 ഡിഗ്രി സെല്‍ഷ്യസാണ്. ഈ സ്ഥിരമായ ചൂട് ഇവിടുത്തുകാരെ ദിവസം ഒന്നിലധികം തവണ കുളിക്കാന്‍ പ്രേരിപ്പിക്കുന്നു. നേരെമറിച്ച്, ബ്രിട്ടന്‍ പോലെയുള്ള തണുത്ത രാജ്യങ്ങളിലെ ശരാശരി താപനില 9.3 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. അതിനാല്‍ തന്നെ കുളികളുടെ എണ്ണവും കുറവാണ്.
ബ്രസീലുകാര്‍ കുളിക്കാന്‍ ചെലവഴിക്കുന്ന ശരാശരി സമയം 10.3 മിനിറ്റാണ്, അമേരിക്കക്കാര്‍ ചെലവഴിക്കുന്നത് 9.9 മിനിറ്റും. ബ്രിട്ടീഷുകാര്‍ക്ക് 9.6 മിനിറ്റാണത്രെ വേണ്ടത്. എന്തായാലും, ബ്രസീലിലെ കാലാവസ്ഥയും സംസ്‌കാരവുമെല്ലാം ഇവിടുത്തുകാരുടെ കുളിക്കുന്ന ശീലത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്.