വാഷിങ്ടൺ: ഇസ്രായേലിന് എട്ട് ബില്യൺ ഡോളറിന്റെ (എകദേശം 68,613 കോടി രൂപ) ആയുധങ്ങൾ വിൽക്കാനൊരുങ്ങി യുഎസ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കോൺഗ്രസിനെ കച്ചവടത്തെക്കുറിച്ച് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയാൻ വെറും രണ്ടാഴ്ച ശേഷിക്കെയാണ് യുഎസിന്റെ ആയുധവിൽപനാ നടപടി.
മിസൈലുകളും ഷെല്ലുകളും മറ്റ് യുദ്ധസാമഗ്രികളും അടങ്ങിയ വൻ ആയുധശേഖരമാണ് യുഎസ് ഇസ്രായേലിന് വിൽക്കുന്നതെന്നാണ് വിവരം. വിൽപനയ്ക്ക് ഹൗസ് സെനറ്റ് കമ്മിറ്റികളുടെ അംഗീകാരം ആവശ്യമാണ്. ഗസയിലെ കൂട്ടക്കൊലയുടെ കണക്ക് ചൂണ്ടിക്കാട്ടി ഇസ്രായേലിന് സൈനിക പിന്തുണ താൽക്കാലികമായി നിർത്താൻ ആഹ്വാനമുയർന്നിരുന്നെങ്കിലും ഇത് വാഷ്ങ്ടൺ നിരസിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ 20 ബില്യൺ ഡോളറിന്റെ സൈനികോപകരണങ്ങൾ ഇസ്രായേലിന് വിൽക്കാൻ യുഎസ് അംഗീകാരം നൽകിയിരുന്നു. യുദ്ധവിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും അടങ്ങിയതായിരുന്നു ഈ വിൽപന. ഏറ്റവും പുതിയ വിൽപനയിൽ എയർ ടു എയർ മിസൈലുകൾ, ഹെൽഫയർ മിസൈലുകൾ, പീരങ്കി ഷെല്ലുകൾ, ബോംബുകൾ എന്നിവ ഉൾപ്പെടുന്നു.
ഇസ്രായേലിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി ആവശ്യമായ എല്ലാ സേവനങ്ങളും തങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പലതവണ പറഞ്ഞിട്ടുണ്ട്. ‘അന്താരാഷ്ട്ര നിയമങ്ങൾക്കും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അനുസ്യൂതമായി തങ്ങളുടെ പൗരൻമാരെ സംരക്ഷിക്കാനും ഇറാനിൽ നിന്നും മറ്റ് സംഘടനകളിൽ നിന്നും ആക്രമണം തടയാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന്’ ജോ ബൈഡൻ പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടവും ഇസ്രായേലുമായുള്ള ആയുധവിൽപന കൂടുതൽ ബലപ്പെടുത്താനാണ് സാധ്യത.