Friday, January 10, 2025

HomeAmericaയുഎസ് മോഡല്‍ ചമഞ്ഞ് 23കാരന്‍ കബളിപ്പിച്ചത് 700 സ്ത്രീകളെ; ഡേറ്റിംഗ് ആപ്പ് വഴി സ്വകാര്യ ചിത്രങ്ങള്‍...

യുഎസ് മോഡല്‍ ചമഞ്ഞ് 23കാരന്‍ കബളിപ്പിച്ചത് 700 സ്ത്രീകളെ; ഡേറ്റിംഗ് ആപ്പ് വഴി സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി

spot_img
spot_img

ഡേറ്റിംഗ് ആപ്പ്, സോഷ്യൽ മീഡിയ എന്നിവ വഴി 23കാരനായ ബിബിഎ ബിരുദധാരി യുഎസ് മോഡല്‍ ചമഞ്ഞ് കബളിപ്പിച്ചത് 700 യുവതികളെ. ഇരകളിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ഡൽഹി സ്വദേശിയായ തുഷാര്‍ ബിഷ്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ടെക്‌നിക്കല്‍ റിക്രൂട്ടറായിരുന്നു ഇയാള്‍.

എന്നാല്‍, യുഎസ് മോഡലെന്ന് കബളിപ്പിച്ച് ഡേറ്റിംഗ് ആപ്പുവഴി ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. പെണ്‍കുട്ടികളുമായുള്ള അടുപ്പം വളര്‍ന്ന് കഴിയുമ്പോള്‍ അവരില്‍ നിന്ന് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടും. ശേഷം ഇവ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. മാസങ്ങളോളം ഇയാളുടെ ചൂഷണത്തിനും കൊള്ളയ്ക്കും ഇരയായതിന് ശേഷം ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി പോലീസിനെ സമീപിച്ചതോടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്.

2024 ജനുവരിയില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് മോഡലാണെന്ന് അവകാശപ്പെട്ടാണ് പ്രതി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടികളോട് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അയച്ചു തരാൻ ആവശ്യപ്പെട്ടു. പിന്നീട് ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആദ്യം ഇയാളുടെ ആവശ്യങ്ങള്‍ പെണ്‍കുട്ടി നിറവേറ്റിയെങ്കിലും പിന്നീട് വീട്ടുകാരോട് തുറന്നു പറഞ്ഞു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നല്‍കുകയും കേസ് എടുക്കുകയും ചെയ്തത്.

പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രാക്ക് ചെയ്ത പോലീസ് അവയുടെ ഉറവിടം കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പുരിയാണെന്ന് കണ്ടെത്തി.

‘‘വിദ്യാര്‍ഥിയോട് യുഎസ് ആസ്ഥാനമായുള്ള മോഡലാണെന്ന് അവകാശപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രതി യഥാര്‍ത്ഥത്തില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന 23കാരനായ തുഷാര്‍ ബിഷ്ത് ആണെന്ന് അന്വേഷണസംഘം കണ്ടെത്തി’’, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഡേറ്റിംഗ് ആപ്പുകള്‍ വഴി 500ല്‍ പരം സ്ത്രീകളുമായും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി 200ല്‍ പരം സ്ത്രീകളുമായും ഇയാള്‍ ആശയവിനിമയം നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. പിടിക്കപ്പെടുമ്പോള്‍ ഇയാള്‍ അറുപതോളം പേരിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

18 മുതല്‍ 30 വരെ പ്രായമുള്ള സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രമാണ് ഇയാള്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരുന്നത്. വെര്‍ച്വല്‍ ഇന്റര്‍നാഷണല്‍ ഫോണ്‍ നമ്പറുമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഇയാള്‍ പതിവായി സോഷ്യല്‍ മീഡിയ അപ്‌ഡേറ്റ് ചെയ്തിരുന്നു. ജോലിക്കായി ഇന്ത്യയിലെത്തുന്ന വിദേശ മോഡലാണെന്ന മിഥ്യാധാരണ നിലനിര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.

അതേസമയം, പെണ്‍കുട്ടികള്‍ നേരിട്ട് കാണാമെന്ന് ആവശ്യപ്പെടുമ്പോള്‍ ഇയാള്‍ ഒഴികഴിവ് പറഞ്ഞ് ഒഴിയും. ആദ്യം തമാശയായാണ് തുടങ്ങിയതെന്നും എന്നാല്‍ ക്രമേണ തട്ടിപ്പിലേക്ക് തിരിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. സ്വകാര്യ ചിത്രങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇരകളോട് പണം ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ ഓണ്‍ലൈനില്‍ അവ വില്‍ക്കുമെന്നും ചോര്‍ത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments