എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: ജീവന്‍മരണ പോരാട്ടത്തില്‍ ആക്രമണകാരിയായ ഒരു കൊടും കുറ്റവാളിയെ വെടിവെച്ച് കീഴിപ്പെടുത്തി സഹപ്രവര്‍ത്തകനെ രക്ഷിച്ച് ധീരതയ്ക്കുള്ള അംഗീകാരം നേടിയ ഹൂസ്റ്റണ്‍ മെട്രോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ മനോജ് കുമാര്‍ പൂപ്പാറയില്‍ ഈ പുതുവര്‍ഷപ്പിറവി മുതല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രീസിങ്ക്റ്റ് 3-ല്‍ പോലീസ് ക്യാപ്റ്റനായി തന്റെ പുതിയ കര്‍മപഥത്തിലാണ്. ടെക്‌സസ് സ്റ്റേറ്റില്‍ പോലീസ് ക്യാപ്റ്റനാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന നിലയില്‍ മനോജ് കുമാര്‍ പൂപ്പാറയില്‍ മലയാളികള്‍ക്കഭിമാനമായി മാറിയിരിക്കുന്നു.

സ്റ്റാഫോര്‍ഡ്, ഷുഗര്‍ലാന്‍ഡ്, മിസോറി സിറ്റി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3-ലെ പെട്രോള്‍ ഡിവിഷന്റെ അമരക്കാരനായിട്ടാണ് ക്യാപ്റ്റന്‍ മനോജ് കുമാര്‍ പൂപ്പാറയില്‍ ഇനി തന്റെ സ്തുത്യര്‍ഹമായ സേവനം പൂര്‍വാധികം ജാഗ്രതയോടെ തുടരുക. ഏതൊരു പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മുഖമാണ് പെട്രോള്‍ ഡിവിഷന്‍. 2023-ല്‍ മെട്രോ പോലീസ് ചീഫില്‍ നിന്നും ‘മെഡല്‍ ഓഫ് വാലര്‍’ എന്ന അത്യപൂര്‍വ ബഹുമതി കരസ്ഥമാക്കിയ മനോജിന് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഉയര്‍ന്ന സര്‍ട്ടിഫിക്കേഷനുകളും ലഭിച്ചിട്ടുണ്ട്. തന്റെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും പ്രവര്‍ത്തന മികവുമാണ് പോലീസില്‍ അദ്ദേഹത്തിന് ഉന്നത പദവികള്‍ നേടിക്കൊടുക്കുന്നത്.
തികഞ്ഞ ഉത്തരവാദിത്ത ബോധം, അര്‍പ്പണ മനോഭാവം, നിതാന്ത ജാഗ്രത, സാമൂഹിക പ്രതിബദ്ധത, സര്‍വോപരി ചങ്കൂറ്റം എന്നിങ്ങനെ ഒരു പോലീസ് ഓഫീസര്‍ക്ക് വേണ്ട എല്ലാ യോഗ്യതകളും കൈമുതലാക്കിയ മനോജ് പറയുന്നത് ഇത് തന്റെ രണ്ടാം ജന്‍മമാണെന്നാണ്. 2023 ഡിസംബറില്‍ ഹൂസ്റ്റണിലെ വീലര്‍ മെട്രോ സ്റ്റേഷനില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ ജീവന് വലിയ ഭീഷണി നേരിട്ട സംഭവമുണ്ടായത്.

പതിവ് പെട്രോളിങ്ങിനിടെ, ഒരു പോലീസുകാരനെ ആക്രമിച്ചതുള്‍പ്പെടെ 13 കേസുകളില്‍ പ്രതിയായ റ്റാല്‍മേജ് ബ്ലൗണ്ട് എന്ന പിടികിട്ടാപ്പുള്ളിയെ മെട്രോ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് തിരിച്ചറിഞ്ഞ മനോജും സഹപ്രവര്‍ത്തകനും അയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ മല്‍പിടിത്തത്തിലേര്‍പ്പെട്ടു. ഇതിനിടെ കുറ്റവാളി മനോജിന്റെ ഇടതുകാലിന്റെ മുട്ടില്‍ ചവുട്ടി ഒടിക്കുകയായിരുന്നു. നിലത്തുവീണ മനോജ് കണ്ടത് റ്റാല്‍മേജ് ബ്ലൗണ്ട് തന്റെ സഹപ്രവര്‍ത്തകനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതാണ്.
പെട്ടെന്ന് നിലത്ത് കിടന്ന് അവസരോചിതമായിത്തന്നെ മനോജ് പ്രതിക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത് അയാളെ വരുതിയിലാക്കി ഡീറ്റെയ്ന്‍ ചെയ്തു. സഹപ്രവര്‍ത്തകനെ അത്ഭുതകരമായി രക്ഷിച്ച മനോജിന്, കാല്‍മുട്ടിനേറ്റ ഗുരുതരമായി പരിക്കില്‍ നിന്ന് മോചിതനായി സാധാരണ നിലയിലെത്താന്‍ മൂന്നര മാസം വേണ്ടിവന്നു. കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നിലെത്തിക്കുന്ന കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി അമേരിക്കന്‍ പോലീസില്‍ ജീവന്‍നഷ്ടപ്പെടുന്നവടെ എണ്ണം വര്‍ധിച്ചുവരുന്ന ഘട്ടത്തിലാണ് മനോജും അത്തരത്തിലുള്ള ഒരു സാഹചര്യത്തെ അതിജീവിച്ചത്. കുറ്റവാളിയെ വെടിവെച്ച സംഭവത്തില്‍ നിയമാനുസൃതമായി വേഗത്തില്‍ ജെസ്റ്റിഫൈ ചെയ്യാനും മനോജിന് സാധിച്ചു.

എറണാകുളം ജില്ലയില്‍ കുന്നത്തുനാട് തിരുവാണിയൂര്‍ പൂപ്പാറയില്‍ പി.ഐ രാഘവനും ലീല രാഘവനുമാണ് മനോജിന്റെ മാതാപിതാക്കള്‍. രാഘവന്‍ പത്തുവര്‍ഷം സി.ആര്‍.പിയില്‍ ജോലി ചെയ്തു. തുടര്‍ന്ന് 28 വര്‍ഷത്തെ കേരള പോലീസിലെ സേവനത്തിനു ശേഷം എസ്.ഐ ആയാണ് റിട്ടയര്‍ ചെയ്തത്. പിതാവിന്റെ യൂണിഫോം ഇസ്തിരിയിട്ടുകൊണ്ടിരുന്ന നാള്‍ മുതല്‍ നാട്ടിലൊരു എസ്.ഐ ആകുവാനുള്ള മോഹം മനോജ് മനസിലൊളിപ്പിച്ചു വച്ചിരുന്നു.
ഉയര്‍ന്ന മാര്‍ക്കോടെ എം.കോം കരസ്ഥമാക്കിയ മനോജ് എസ്.ഐ പരീക്ഷ ഉന്നത നിലവാരത്തില്‍ വിജയിച്ചെങ്കിലും ആഗ്രഹം സഫലമായില്ല. പിന്നെ പലവിധ ജോലികള്‍ ചെയ്ത് ഒടുവില്‍ 2005-ല്‍ ഹൂസ്റ്റണിലെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ഫിനിക്‌സില്‍നിന്ന് എം.ബി.എ എടുത്ത മനോജ് ഗ്യാസ് സ്റ്റേഷനിലെ ജോലി തുടര്‍ന്നു. പോലീസ് മോഹം ഉപേക്ഷിക്കാതിരുന്ന അദ്ദേഹം ഇതിനിടെ പോലീസ് യോഗ്യതാ കോഴ്സ് പാസായി ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റി-ഡൗണ്‍ടൗണ്‍ പോലീസ് അക്കാദമിയില്‍ ചേര്‍ന്നു. നിശ്ചയദാര്‍ഢ്യത്തിന് ഫലമുണ്ടായി.
അവിടെ ബാച്ച് 299-ല്‍ അദ്ദേഹം അക്കാദമിക് ഓണേഴ്‌സോടെ ബിരുദം നേടുകയും 2013 മുതല്‍ 2018 വരെ ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസില്‍ പ്രവേശിച്ച് തന്റെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുകയും ചെയ്തു. പോലീസ് ഡെപൂട്ടിയായായിരുന്നു ആദ്യ പോസ്റ്റിങ്. പിന്നീട് ഹൂസ്റ്റണ്‍ മെട്രോ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സേവനത്തിനിടയില്‍ നിരവധി പുരസ്‌കാരങ്ങള്‍ മനോജിനെ തേടിയെത്തിയിട്ടുണ്ട്.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രീസിങ്റ്റ 3-യില്‍ കോണ്‍സ്റ്റബിള്‍ ആയി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച, ഷമീം ഷെയ്ഖാനി ചാരിറ്റി ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലി ഷെയ്ഖാനിയുടെ ആശീര്‍വാദവും മനോജിനുണ്ട്. ഇപ്പോള്‍ ക്യാപ്റ്റനായി ഉദ്യാഗക്കയറ്റം ലഭിച്ച മനോജ് സമൂഹം ആഗ്രഹിക്കുന്നതും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഏല്‍പ്പിച്ചതുമായ ചുമതലകള്‍ യഥോചിതം നിറവേറ്റിക്കൊണ്ട് പുതിയ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിനുള്ള യാത്രയിലാണ്. വീട്ടമ്മയായ ഭാര്യ ഹണിക്കും എം.സി.റ്റിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന മാധവിനുമൊപ്പം മനോജ് ഹൂസ്റ്റണില്‍ താമസിക്കുന്നു.