ലോസ് ആഞ്ചലസ്; ഗോൾഡൻ ഗ്ലോബിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ദ് ബ്രൂട്ടലിസ്റ്റും എമിലിയ പെരസും. മികച്ച വിദേശഭാഷാ ചിത്രത്തിനുൾപ്പെടെ നാല് പുരസ്‌കാരങ്ങളാണ് ഫ്രഞ്ച് ചിത്രമായ എമിലിയ പെരസ് നേടിയത്. കാൻ പുരസ്‌കാരത്തിന്റെ തിളക്കത്തിൽ ഇന്ത്യയിൽ നിന്ന് എത്തിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തെ പിന്തള്ളിയാണ് എമിലിയ പെരസ് പുരസ്‌കാരങ്ങൾ നേടിയത്.
ഗോൾഡൻ ഗ്ലോബിലെ മികച്ച ചിത്രമായിട്ടാണ് ദ് ബ്രൂട്ടലിസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രത്തിലൂടെ അഡ്രിയൻ ബ്രോഡി മികച്ച നടനുള്ള പുരസ്‌കാരവും നേടി. ബ്രാഡി കോർബെറ്റ് ആണ് ബ്രൂട്ടലിസ്റ്റിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഡ്രാമ വിഭാഗത്തിൽ ഐ ആം സ്റ്റിൽ ഹിയർ എന്ന ചിത്രത്തിലൂടെ ബ്രസീലിയൻ നടി ഫെർണാണ്ട ടോറസ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
ആഞ്ചലീന ജോളി, നിക്കോൾ കിഡ്മാൻ, കേറ്റ് വിൻസ്ലെറ്റ്, പമേല ആൻഡേഴ്‌സൺ തുടങ്ങിയവരെ പിന്തള്ളിയാണ് ഫെർണാണ്ട ടോറസ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റിൽ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്നത്. എന്നാൽ ഒരു പുരസ്‌കാരം പോലും ചിത്രത്തിന് ലഭിക്കാഞ്ഞത് നിരാശ പടർത്തി. മികച്ച സംവിധാനം ഉൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് ചിത്രത്തിന് നോമിനേഷൻ ലഭിച്ചിരുന്നത്. സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് പായൽ കപാഡിയ. മോഷൻ പിക്ചർ വിഭാഗത്തിലായിരുന്നു എൻട്രി.