വാഷിങ്ടണ്‍: കൂട്ടുകാര്‍ ചേര്‍ന്ന് പ്രാങ്ക് ചെയ്ത 12-കാരന് ഗുരുതരമായി പൊള്ളലേറ്റു. അമേരിക്കയിലെ ജോര്‍ജിയയിലുള്ള ടിഫ്ടണ്‍ പട്ടണത്തിലാണ് സംഭവം. സമീപവാസികളില്‍ ഒരാളുടെ അപ്പാര്‍ട്‌മെന്റില്‍ കിടന്ന് ഉറങ്ങുകയായിരുന്ന 12-കാരനെ മൂന്ന് കുട്ടികള്‍ ചേര്‍ന്നാണ് സ്ലീപ് ഓവര്‍ പ്രാങ്ക് ചെയ്താണ് പരിക്കേല്‍പ്പിച്ചത്. 12-നും 15-നുമിടയില്‍ പ്രായം വരുന്ന ഇവര്‍ കുട്ടിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു.
മുഖത്ത് പ്രധാനമായും പൊള്ളലേറ്റ 12-കാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. താന്‍ ഏറെ വിശ്വസിച്ചിരുന്ന കൂട്ടുകാര്‍ കാരണം തനിക്ക് അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് 12-കാരനെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. ചൂടുവെള്ളം മൂലമുണ്ടാകുന്ന പൊള്ളലുകള്‍ ഭേദമാകാന്‍ രണ്ടോ മൂന്നോ ആഴ്ച വേണ്ടിവരുമെന്നാണ് വിവരം. പൊള്ളല്‍ മൂലമുണ്ടാകുന്ന പാടുകള്‍ അവശേഷിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തന്റെ മകന് ഗുരുതരമായ പൊള്ളലേറ്റത്തിന്റെ ആഘാതത്തിലാണ് മാതാപിതാക്കള്‍. കുട്ടിക്ക് കൗണ്‍സലിങ് പോലുള്ളവയും വേണ്ടിവരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ മൂന്ന് കുട്ടികളെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വീട്ടുകാര്‍ക്ക് ഒപ്പം പറഞ്ഞയ്ക്കുകയായിരുന്നു. കോടതി അടുത്തമാസം കേസില്‍ വിധി കേള്‍ക്കും.