Wednesday, January 8, 2025

HomeAmericaട്രൂഡോയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ കാനഡയെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നിർദേശം ആവർത്തിച്ച് ട്രംപ്

ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ കാനഡയെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നിർദേശം ആവർത്തിച്ച് ട്രംപ്

spot_img
spot_img

വാഷിങ്ടൺ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിനു പിന്നാലെ കാനഡയെ അമേരിക്കയുടെ ഭാഗമാക്കാനുള്ള നിർദേശം ആവർത്തിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിൽ പലരും അമേരിക്കയ്‌ക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. 51-ാമത്തെ സംസ്ഥാനമായി ചേർന്നാൽ നികുതി കുടിശ്ശിക ഒഴിവാക്കുകയും റഷ്യ, ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽനിന്നു സംരക്ഷണം നൽകുകയും ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കഴിഞ്ഞ ഡിസംബർ ആദ്യവാരം ഫ്‌ളോറിഡയിൽ നടന്ന ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിലും കൗതുകമുണർത്തുന്ന ആശയം ട്രംപ് നേരിട്ടു പങ്കുവച്ചിരുന്നു.

“കാനഡയിൽ പലരും (അമേരിക്കയുടെ) 51-ാമത്തെ സംസ്ഥാനമാകാൻ ആഗ്രഹിക്കുന്നുണ്ട്. കാനഡ തുടരുന്ന വലിയ വ്യാപാര കുടിശ്ശികയും സബ്‌സിഡികളും അമേരിക്കയ്ക്ക് ഇനിയും താങ്ങാനാകില്ല. ഇത് മനസിലാക്കിയാണ് ജസ്റ്റിൻ ട്രൂഡോ രാജിവച്ചത്. കാനഡ യുഎസിൽ ലയിച്ചാൽ അവിടെ നികുതിയുണ്ടാകില്ല. നികുതി കുറയുമെന്നു മാത്രമല്ല, അവർക്കു ചുറ്റുമുള്ള റഷ്യൻ-ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽനിന്നു പൂർണമായും സുരക്ഷിതമാകാനും കഴിയും. നമ്മൾ ഒന്നിച്ചാൽ, എന്തൊരു മഹാരാജ്യമാകും അത്!”-ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

നേരത്തെയും സമാനമായ പരാമർശം ട്രംപ് നടത്തിയിരുന്നു. തങ്ങൾ ചുമത്തുന്ന നികുതി താങ്ങാനാകുന്നില്ലെങ്കിൽ കാനഡ അമേരിക്കയിൽ ലയിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് കൗതുകമുണർത്തുന്ന നിർദേശം മുന്നോട്ടുവച്ചത്. കാനഡയുടെ ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് തങ്ങളുടെ സമ്പദ്ഘടനയെ തകർക്കുമെന്ന് ട്രൂഡോ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനഡയ്ക്ക് അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാമെന്ന് ട്രംപ് സൂചിപ്പിച്ചത്.

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും നിയമവിരുദ്ധമായ ലഹരിക്കടത്തും തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു കാനഡ-മെക്സിക്കോ ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ജനുവരി 20ന് പുതിയ യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ആദ്യ ദിവസം തന്നെ നികുതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ ഗോൾഫ് റിസോർട്ടായ ‘മാർ-എ-ലാഗോ’യിൽ നേരിട്ടെത്തുകയായിരുന്നു ട്രൂഡോ. അതിർത്തി പ്രശ്നങ്ങളും വ്യാപാര കുടിശ്ശികയും തീർത്തില്ലെങ്കിൽ നേരത്തെ പ്രഖ്യാപിച്ച പോലെ കാനഡയുടെ ചരക്കുകൾക്ക് വൻ നികുതി ചുമത്തുമെന്ന് ട്രംപ് കൂടിക്കാഴ്ചയിലും ആവർത്തിച്ചു. എന്നാൽ, ഇത്തരമൊരു നടപടി കനേഡിയൻ സമ്പദ്ഘടനയെ സമ്പൂർണമായി തകർക്കുമെന്നും നികുതി നീക്കം ഉപേക്ഷിക്കണമെന്നും ട്രൂഡോ അപേക്ഷിച്ചു.

ഇതോടെ ട്രംപ് സ്വരം മാറ്റി. 100 ബില്യൻ ഡോളർ അമേരിക്കയിൽനിന്ന് കൊള്ളയടിക്കാതെ താങ്കളുടെ രാജ്യത്തിന് അതിജീവിക്കാൻ കഴിയില്ലേയെന്ന് റിപബ്ലിക്കൻ പാർട്ടി നേതാവ് ട്രൂഡോയോട് ചോദിച്ചു. അങ്ങനെയാണെങ്കിൽ 51-ാമത്തെ സംസ്ഥാനമായി കാനഡ അമേരിക്കയ്ക്കൊപ്പം ചേരണമെന്നും ട്രൂഡോയ്ക്ക് വേണമെങ്കിൽ അവിടെ ഗവർണറാകാമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ തീരുമാനത്തിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു ട്രംപ്.

കാനഡയിൽനിന്ന് വൻ തോതിൽ അമേരിക്കയിലേക്ക് ലഹരി വസ്തുക്കൾ ഒഴുകുന്നതായാണ് ട്രംപ് ആരോപിക്കുന്നത്. 70 രാജ്യങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ അതിർത്തി വഴി യുഎസിലേക്കു കടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഇതിനു പുറമെയാണ് അമേരിക്കയ്ക്ക് നൽകാനുള്ള 100 ബില്യൻ വരുന്ന വ്യാപാര കുടിശ്ശിക അടിയന്തരമായി അടച്ചുതീർക്കണമെന്നും ട്രംപ് കാനഡയോട് ആവശ്യപ്പെട്ടത്.

കാനഡയിൽ ജനപ്രിയത ഇടിയുന്നതായുള്ള റിപ്പോർട്ടുകൾക്കും ലിബറൽ പാർട്ടിയിൽനിന്നുള്ള കടുത്ത സമ്മർദങ്ങൾക്കുമിടയിലാണ് ട്രൂഡോ പ്രധാനമന്ത്രി സ്ഥാനമൊഴിയുന്നത്. കാനഡ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് രാജി. പുതിയ നേതാവിനെ പാർട്ടി തെരഞ്ഞെടുക്കുന്നതു വരെ സ്ഥാനത്തു തുടരുമെന്ന് ട്രൂഡോ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments