അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി താന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് എല്ലാ ബന്ദികളെയും വിട്ടയക്കണമെന്ന് ഹമാസിന് മുന്നറിയിപ്പ് നല്‍കി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
’’ ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോഴും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പശ്ചിമേഷ്യയിലെ സ്ഥിതി വഷളാകും,’’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ അമേരിക്കന്‍ പൗരന്‍മാരുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവന്‍ ചാള്‍സ് വിറ്റ്‌കോഫ് പ്രദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് വിറ്റ്‌കോഫ് വ്യക്തമാക്കി.
ബന്ദികളുടെ മോചനം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വിറ്റ്‌കോഫ് പറഞ്ഞു. ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തുന്ന വേളയില്‍ ചില നല്ല വാര്‍ത്തകള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും വിറ്റ്‌കോഫ് പറഞ്ഞു.
’’ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. ഞാന്‍ നാളെ ദോഹയിലേക്ക് പോകുകയാണ്. ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തുന്ന സമയത്ത് ചില നല്ല വാര്‍ത്തകള്‍ പ്രഖ്യാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍,’’ വിറ്റ്‌കോഫ് പറഞ്ഞു. ജനുവരി 20ന് മുമ്പ് തന്നെ മുഴുവന്‍ ബന്ദികളെയും വിട്ടയയ്ക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി
’’ ഇത് ഹമാസിന് ഗുണകരമായിരിക്കില്ല. എനിക്ക് കൂടുതലൊന്നും പറയാനില്ല. വളരെ നേരത്തെ തന്നെ അവര്‍ തിരിച്ചെത്തേണ്ടതായിരുന്നു. ഇനിയും അധികകാലം അവര്‍ ബന്ദികളായി തുടരില്ല. ഇസ്രയേലില്‍ നിന്നുള്ളവരടക്കം എന്നോട് സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. അമേരിക്കക്കാരും അക്കൂട്ടത്തിലുണ്ട്. അവരുടെ മാതാപിതാക്കള്‍ എന്നെ ബന്ധപ്പെടുന്നുണ്ട്. മക്കളുടെ ശവശരീരമെങ്കിലും തിരിച്ചുകിട്ടുമോ എന്ന് അവര്‍ ചോദിക്കുന്നു,’’ ട്രംപ് പറഞ്ഞു.
‘‘ചര്‍ച്ചകള്‍ തടസപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് തീരുമാനമുണ്ടായില്ലെങ്കില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാകും,’’ ട്രംപ് മുന്നറിയിപ്പ് നല്‍കി.