ന്യൂയോർക്ക്: അമേരിക്കയിലെ ലാസ് വെഗാസില്‍ ഡോണള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് മുന്നില്‍ ടെസ്‍ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച കേസില്‍ ചാറ്റ് ജിപിടിക്കും പങ്ക്. സ്ഫോടനം നടത്തിയ മാത്യു അലന്‍ ലൈവല്‍സ്ബര്‍ഗര്‍ സ്ഫോടനം ആസൂത്രണം ചെയ്യാന്‍ ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ എഐ സഹായത്തോടെ ലോകത്ത് ആദ്യമായി നടത്തുന്ന സ്ഫോടനമായി വെഗാസിലേത്. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ലൈവല്‍സ്ബര്‍ഗര്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.
അമേരിക്കന്‍ സൈന്യത്തിലെ ഗ്രീന്‍ ബറേറ്റ്സ് സ്പെഷല്‍ ഫോഴ്സസ് അംഗമാണ് സ്ഫോടനം നടത്തിയ മാത്യു അലന്‍ ലൈവല്‍സ്ബര്‍ഗര്‍. സ്ഫോടക വസ്തുക്കള്‍ എങ്ങനെ സംയോജിപ്പിക്കാം, സ്ഫോടനം എങ്ങനെ ട്രിഗര്‍ ചെയ്യാം, ട്രക്ക് തീപിടിക്കുന്നതിനൊപ്പം എങ്ങനെ സ്ഫോടകവസ്തുക്കള്‍ ഡിറ്റനേറ്റ് ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് മാത്യു ചാറ്റ് ജിപിടിയോട് ചോദിച്ചത്. ഒപ്പം തോക്കും സ്ഫോടകവസ്തുക്കളും കൈവശപ്പെടുത്താന്‍ ഏതെല്ലാം നിയമങ്ങള്‍ ശ്രദ്ധിക്കേണ്ടിവരുമെന്നും ചാറ്റ് ജിപിടി മാത്യുവിന് ഉപദേശം നല്‍കിയിരുന്നു.
സ്ഫോടനത്തിന് തൊട്ടുമുന്‍പ് ലൈവല്‍സ്ബര്‍ഗര്‍ പെട്രോള്‍ പോലെയുള്ള ഇന്ധനം നിറച്ച കാന്‍ തുറക്കുന്നതിന്‍റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ടെന്ന് ലാസ് വെഗാസ് മെട്രൊപ്പാലിറ്റന്‍ പൊലീസ് ഷെരിഫ് കെവിന്‍ മക്മഹില്‍ അറിയിച്ചു. ഇത് കാറിലെ വായുവില്‍ കലര്‍ന്ന സമയത്താണ് മാത്യു സ്വയം വെടിയുതിര്‍ത്തത്. അപ്പോള്‍ത്തന്നെ കാറിനുള്ളില്‍ തീ നിറയുകയും മറ്റ് സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ മാത്യുവിന്‍റെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്തിയാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ എവിടെനിന്നാണ് സ്ഫോടകവസ്തുക്കള്‍ വാങ്ങിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.