ഒട്ടാവ: കാനഡയെ യു.എസിൽ ലയിപ്പിക്കണമെന്ന നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം തള്ളിയ മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക്. കാനഡ, യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും നിലനില്‍ക്കുന്നില്ലെന്ന് എക്‌സിലൂടെ ട്രൂഡോ പ്രതികരിച്ചിരുന്നു. ഈ അഭിപ്രായപ്രകടനത്തോടാണ് പരിഹാസം കലർന്ന ഭാഷയില്‍ മസ്‌ക് മറുപടി പറഞ്ഞിരിക്കുന്നത്.
‘അങ്ങനെ പറയാന്‍ നിങ്ങള്‍ കാനഡയുടെ ഭരണാധികാരിയല്ലല്ലോ, അതിനാല്‍ നിങ്ങളിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല’, ട്രൂഡോയെ പരിഹസിച്ച് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.
‘ഒരിക്കലും നടക്കാത്ത കാര്യം’ എന്നര്‍ഥം വരുന്ന ‘നോട്ട് എ സ്നോബോള്‍സ് ചാന്‍സ് ഇന്‍ ഹെല്‍’ (Not a snowball’s chance in hell) എന്ന ഇംഗ്ലീഷ് ശൈലി ഉപയോഗിച്ചാണ് ട്രംപിന്റെ യു.എസ്-കാനഡ ലയന നിര്‍ദേശത്തിന് ട്രൂഡോ മറുപടി പറഞ്ഞത്. ‘കാനഡ യു.എസ്സിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും ഇല്ല. വ്യാപാരത്തിലും സുരക്ഷയിലും വലിയ പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുന്നു’, എന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.
ട്രൂഡോക്ക് പിന്നാലെ കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും ട്രംപിനെതിരെ രംഗത്തെത്തിയിരുന്നു.