ന്യൂയോര്‍ക്ക്: ഈ മാസം 20ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റായി അധികാരമേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലെ പ്രാരംഭ പ്രാർത്ഥനയ്ക്ക് ന്യൂയോർക്ക് അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകും. പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിനിടെ ന്യൂയോർക്ക് ആർച്ച് ബിഷപ്പ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപിന്റെ സ്ഥാനാരോഹണ വേളയിലും കർദ്ദിനാൾ തിമോത്തി ഡോളൻ പ്രാര്‍ത്ഥന നടത്തിയിരിന്നു.
“2016-ലും പ്രാര്‍ത്ഥന നടത്തുവാന്‍ ട്രംപ് തന്നോട് ആവശ്യപ്പെട്ടിരുന്നു, അദ്ദേഹം ഇത്തവണയും എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, ശരി ഞാൻ എട്ട് വർഷം മുമ്പ് അത് ചെയ്തു; ഇത്തവണയും പ്രാവര്‍ത്തികമാക്കുമെന്ന് പ്രതീക്ഷിക്കുന്നു”.- കർദ്ദിനാൾ തിമോത്തി ഡോളൻ മാധ്യമത്തോട് വെളിപ്പെടുത്തി. തന്റെ ക്രിസ്തീയ വിശ്വാസത്തെ ഗൗരവമായി കാണുന്ന വ്യക്തിയാണ് ട്രംപെന്നു കർദ്ദിനാൾ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന് രാജ്യത്തെ വിശ്വാസം പുനരുജ്ജീവിപ്പിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു. ആഴത്തിലുള്ള വിശ്വാസമില്ലാതെ ഒരാൾക്ക് എങ്ങനെ അമേരിക്കയുടെ പ്രസിഡന്‍റാകുമെന്ന് തനിക്കറിയില്ലായെന്നും കർദ്ദിനാൾ പറയുന്നു.
. 2021 ൽ പ്രസിഡൻ്റ് ജോ ബൈഡൻ സ്ഥാനാരോഹണം ചെയ്തപ്പോൾ, ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റിയുടെ മുൻ പ്രസിഡൻ്റ് ഫാ. ലിയോ എന്ന ജെസ്യൂട്ട് വൈദികനാണ് പ്രാരംഭ പ്രാർത്ഥന നടത്തിയത്. തന്റെ മുന്‍ ഭരണകാലയളവില്‍ ക്രൈസ്തവ വിശ്വാസത്തെയും ധാര്‍മ്മിക നിയമങ്ങളെയും മുറുകെ പിടിച്ചാണ് ട്രംപ് ഭരണം നടത്തിയത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭ്രൂണഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ട്രംപ് സ്വീകരിച്ച സമീപനം ചർച്ചയായിരുന്നു