എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം
കൊല്ലം: ജന്മനാടിനോടുള്ള പ്രതിബദ്ധതയുടെ വിളംബരമായി അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ, വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ പരീശീലനം ലഭിച്ച പട്ടിക വര്‍ഗ മേഖലയിലുള്ളവര്‍ക്ക് ടൂള്‍കിറ്റ് വിതരണം ചെയ്തു. ജനുവരി 8-ാം തീയതി തീയതി രാവിലെ 11 മണിക്ക് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലൈലാബീവി സ്വാഗതമാശംസിച്ചു.
ഗുണഭോക്താക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ടൂള്‍കിറ്റ് വാങ്ങുന്നതിന് ഫോമാ വിമന്‍സ് ഫോറമാണ് സാമ്പത്തിക സഹായം നല്‍കിയത്. കൊല്ലം കാനറാ ബാങ്ക് റൂറല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റൂട്ടുമായി സഹകരിച്ച് ഫോമാ വിമന്‍സ് ഫോറം 2024-2026 നടത്തുന്ന ‘ഉന്നതി’യെന്ന ആദ്യ ചാരിറ്റി പ്രവര്‍ത്തനമാണിതെന്ന് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ചടങ്ങില്‍ പട്ടിക വര്‍ഗ മേഖലയിലുള്ളവര്‍ക്ക് ജീവനോപാധിയായി 35 യുവതീ യുവാക്കള്‍ക്കാണ് വിമന്‍സ് ഫോറം ട്രഷറര്‍ ജൂലി ബിനോയി, ജോയിന്റ് ട്രഷറര്‍ മഞ്ജു പിള്ള എന്നിവര്‍ ചേര്‍ന്ന് ടൂള്‍ കിറ്റുകള്‍ വിതരണം ചെയ്തത്.
നിര്‍ധനരായവരെ കൈപിടിച്ചുയര്‍ത്തി മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുന്നതിനായി ഫോമാ വിമന്‍സ് ഫോറം നടത്തുന്ന ഇത്തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് യോഗത്തില്‍ വിശിഷ്ട സാന്നിധ്യമറിയിച്ച കാനറ ബാങ്ക് കൊല്ലം റീജിയണ്‍ ഹെഡ് സുബ്ബ റാവു എം.വി.വി.എസ്.എസ് പറഞ്ഞു. ഫോമാ ട്രഷറര്‍ സിജില്‍ പാലയ്ക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
നേരത്തെ കാനറാ ബാങ്കുമായി കൈകോര്‍ത്ത് ഫോമാ കുളത്തൂപ്പുഴ മേഖലയിലെ പട്ടിക വര്‍ഗ സമൂഹത്തിനുവേണ്ടി ബാംബു ക്രാഫ്റ്റ് ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചിരുന്നു. മുള ഉപയോഗിച്ച് പാത്രങ്ങളും കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കുകയും തുടര്‍ന്നുള്ള പരീക്ഷയില്‍ വിജയിക്കുകയും ചെയ്ത 35 യുവതീ യുവാക്കള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഹാളില്‍ വച്ച് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു.
കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഫോമാ പണവും കൈമാറുകയുണ്ടായി. ഈ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. കുടുംബശ്രീ മിഷനും ഗ്രാമീണ തൊഴിലുറപ്പ് മിഷനും അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തും കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തും ഫോമാ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി പ്രോഗ്രാമിന് പശ്ചാത്തലമൊരുക്കി.