അമേരിക്കയിലെ ലോസ് എഞ്ചല്‍സിലെ കാട്ടുതീ പ്രസിദ്ധമായ ഹോളിവുഡ് ഹില്‍സിലേക്കും പടര്‍ന്നതായി റിപ്പോര്‍ട്ട്. തീയണയ്ക്കാന്‍ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ കഠിനമായി പരിശ്രമിച്ചുവരികയാണ്. എന്നാല്‍ ശക്തമായ കാറ്റ് തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാന്‍ കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കാലിഫോര്‍ണിയയിലെ വിവിധ പ്രദേശങ്ങളിലേക്ക് കാട്ടുതീ പടര്‍ന്നതായി മിറര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഈ വാര്‍ത്ത പ്രദേശവാസികളെയും ഹോളിവുഡ് പ്രേമികളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഹോളിവുഡിന്റെ പ്രതീകമായ ഹോളിവുഡ് ഹില്‍സിലേക്കും തീ പടരുന്നത് ആരാധകര്‍ ആശങ്കയോടെ നോക്കിക്കാണുന്നു.
സണ്‍സെറ്റ് പ്രദേശത്ത് പടര്‍ന്ന കാട്ടുതീയില്‍ അഞ്ച് പേരാണ് മരിച്ചത്. പാലിസേഡ്‌സ്, ഈറ്റണ്‍, സാന്‍ ഗബ്രിയേല്‍ വാലി, പസഫിക് പാലിസേഡ്‌സ് എന്നിവിടങ്ങളിലാണ് തീപടരുന്നത്. ആയിരത്തിലധികം കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
1970കള്‍ മുതല്‍ ഹോളിവുഡ് ഹില്‍സില്‍ സ്ഥാപിച്ചിരുന്ന പ്രസിദ്ധമായ ഹോളിവുഡ് ബോര്‍ഡിലേക്കും തീകത്തിപ്പടരുകയാണ്. ഹോളിവുഡ് ഹില്‍സിലെ തീയണയ്ക്കാന്‍ ഹെലികോപ്ടറുകള്‍ പറന്നെത്തുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഹോളിവുഡ് ബൊളിവാര്‍ഡ് (Hollywood Boulevard) പ്രദേശത്ത് നിന്ന് നിരവധിപേരെയാണ് ഇതിനോടകം ഒഴിപ്പിച്ചത്. ഹോളിവുഡ് ഹില്‍സിലേക്ക് പടര്‍ന്ന തീ ഹോളിവുഡ് ബൗളിലേക്കും മറ്റ് സമീപപ്രദേശങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു.
നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകളും കത്തിനശിച്ചിട്ടുണ്ട്. പാരിസ് ഹില്‍ട്ടണ്‍, ഹെയ്തി മൊണ്ടാഗ് എന്നിവരുടെ വീടുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി ഓര്‍മ്മകളുള്ള തന്റെ വീട് കത്തിനശിച്ചുവെന്ന് പാരിസ് ഹില്‍ട്ടണ്‍ പറഞ്ഞു. കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
5700 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചുവരികയാണ്. ആയിരത്തിലേറെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ തീകെടുത്താനായി കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഹോളിവുഡ് ഹില്‍സ് പ്രദേശത്തെ ആയിരക്കണക്കിന് കെട്ടിടങ്ങളും വീടുകളും കത്തിനശിച്ചിട്ടുണ്ട്. 1.3 ലക്ഷത്തിലേറെ പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.