കലിഫോർണിയ: കാട്ടുതീയുടെ ഭീതി പൂർണ്ണമായി ഒഴിയുന്നതിന് മുൻപ് ലൊസാഞ്ചലസ് ഇപ്പോൾ തീ ചുഴലിക്കാറ്റിനെ നേരിടുന്നതായി റിപ്പോർട്ട്. എൽഎ (ലൊസാഞ്ചലസ്) കൗണ്ടിയിൽ തീ ചുഴലിക്കാറ്റ് അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കാട്ടുതീയിൽ ഇതുവരെ 11 പേർക്ക് ജീവൻ നഷ്ടമായി. പതിനായിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു.
നഗരത്തിലെ സാൻ ഫെർണാണ്ടോ താഴ്‌വരയിലേക്ക് തീജ്വാലകൾ അടുക്കുന്നതിനിടെ തീ ചുഴലിക്കാറ്റ് രൂപപ്പെടുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. തീയുടെ കൂടെ പ്രക്ഷുബ്ധമായ കാറ്റും ചേരുന്നതോടെയാണ് തീ ചുഴലിക്കാറ്റ് എന്ന അപൂർവ പ്രതിഭാസം രൂപപ്പെടുന്നത്. തീ, ചാരം, പുക എന്നിവ ചുഴലിക്കാറ്റിന് സമാനമായ രീതിയിൽ വീശിയടിക്കുന്നതാണ് തീ ചുഴലിക്കാറ്റ് എന്ന് അറിയപ്പെടുന്നത്.
തീവ്രമായ ചൂട് പെട്ടെന്ന് ഉയരുന്നതിനാൽ കാട്ടുതീ സമയത്ത് തീ ചുഴലിക്കാറ്റ് പ്രതിഭാസം സംഭവിക്കാറുണ്ട്. അഗ്നിശമന സേനാംഗങ്ങൾ തീ പടരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പല മേഖലകളിലും തീ ചുഴലിക്കാറ്റ് പ്രതിഭാസം അനുഭവപ്പെട്ടത്. ഇതുവരെ 37,000 ഏക്കറിലധികം ഭൂമി കത്തിനശിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
കലിഫോർണിയയിലെ അഗ്നിശമന സേനയുടെ കണക്ക് ഫയർ പ്രകാരം, നിലവിൽ കുറഞ്ഞത് ആറ് തീപിടിത്തങ്ങളെങ്കിലും പൂർണ്ണമായി ശമിക്കാനുണ്ട്. പാലിസേഡ്സ് തീയാണ് ഏറ്റവും വലുത്. തീപിടിത്തം കാരണം വായുവിന്‍റെ ഗുണനിലവാരത്തിലും തകർച്ച നേരിട്ടു. ആളുകൾക്ക് വീടിനുള്ളിൽ തന്നെ തുടരണം. ജനലുകളും വാതിലുകളും അടച്ചിടാനും എയർ കണ്ടീഷണറുകൾ ഉപയോഗിച്ച് വായു റീസർക്കുലേറ്റ് ചെയ്യാനും ഫിൽട്ടർ ചെയ്യാനും പുറത്ത് പോകുകയാണെങ്കിൽ മാസ്ക് ധരിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
13 ദശലക്ഷം ജനങ്ങളുള്ള ഈ പ്രദേശം ദുരന്തത്തെ അതിജീവിച്ച് പുനർനിർമാണം എന്ന വെല്ലുവിളിയുമായി പോരാടുകയാണ്. നാശനഷ്ടത്തിന്‍റെ കണക്കുകൾ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാട്ടുതീയിൽ ഹോളിവുഡിലെ പ്രമുഖരായ ചിലർ തങ്ങളുടെ പ്രിയപ്പെട്ട വീടുകൾ ചാരമാകുന്നത് കണ്ടു. അന്തോണി ഹോപ്കിൻസ്, മൈൽസ് ടെല്ലർ, അന്ന ഫാരിസ് എന്നിവരെല്ലാം മാളികകൾ ചാരവും അവശിഷ്ടങ്ങളും ആയി മാറിയ നിരവധി താരങ്ങളിൽ ചിലർ മാത്രമാണ്.
കലിഫോർണിയ കാട്ടുതീ നിയന്ത്രിക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർക്കും ഇരകൾക്കും വേണ്ടി ഫ്രാൻസിസ് മാർപാപ്പ ഇന്ന് പ്രാർഥിച്ചു.