വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ ക്ഷണിക്കുമെന്നു ട്രംപിന്റെ വക്താവ്. ഈ മാസം 20 ന് വാഷിംഗ്ടണ്‍ ഡി.സിയിലെ യു.എസ്. ക്യാപിറ്റോളില്‍ പ്രാദേശികസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കുക. അന്നു തന്നെ വൈസ് പ്രസിഡന്റ്‌റായി ജെ.ഡി. വാന്‍സും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും.രണ്ടാം തവണ ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് ആഘോഷമാക്കാനുള്ള നീക്കമാണ് ട്രംപ് ക്യാമ്പ് നടത്തുന്നത്. യു.എസ്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് ലോകനേതാക്കളെ ക്ഷണിക്കാറില്ലെന്ന പതിവും ഇക്കുറി തെറ്റും. നിരവധി ലോകരാജ്യങ്ങളിലെ നേതാക്കള്‍ക്ക് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞു. പല നേതാക്കളേയും ട്രംപ് വ്യക്തിപരമായി തന്നെയാണ് ക്ഷണിച്ചിരിക്കുന്നത്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചൈനീസ് പ്രസിഡന്റിനുള്ള ക്ഷണമാണ്. യു.എസ്സും ചൈനയും തമ്മിലുള്ള വൈരത്തിന്റെ പശ്ചാത്തലത്തിലുള്ള ട്രംപിന്റെ ഈ ക്ഷണത്തിന് രാഷ്ട്രീയമായി വലിയ പ്രസക്തിയാണുള്ളത്. ട്രംപ് തുറന്ന് സംസാരിക്കുമെന്നതിന്റെ ഉദാഹരണമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനുള്ള സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണമെന്ന് ട്രംപിന്റെ വക്താവ് പറഞ്ഞു. അതേസമയം ഷി ജിന്‍ പിങ് ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പങ്കെടുക്കും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയാര്‍ മിലെയ് ഉള്‍പ്പെടെയുളളവരേയും ഇതിനോടകം ട്രംപ് നേരിട്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. ട്രംപിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ വന്‍തോതില്‍ പണവും സംഭാവന ചെയ്യുന്നുണ്ട്
ട്രംപിന്റെ സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ ചൈനീസ് പ്രസിഡന്റ് ? ചടങ്ങിലേക്ക് ഷി ജിന്‍ പിങ്ങിനെ ക്ഷണിക്കുമെന്നു ട്രംപിന്റെ വക്താവ്
RELATED ARTICLES