എ.എസ് ശ്രീകുമാര്‍
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാ കുംഭമേളയ്ക്ക് (പൂര്‍ണ കുഭമേള) പൗഷ് പൂര്‍ണിമ ദിനത്തിലെ (ജനുവരി 13) ആദ്യത്തെ പുണ്യസ്‌നാനത്തോടെ തുടക്കമായി. ഇന്ന് പുലര്‍ച്ചെ, നടന്ന ‘ഷാഹി സ്‌നാന്‍’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ത്രിവേണി സംഗമത്തിന് സമീപമാണ് മഹാ കുംഭമേള അരങ്ങേറുന്നത്.
ഇത്തവണ പ്രയാഗ്‌രാജ് പ്രതീക്ഷിക്കുന്നത് കോടിക്കണക്കിന് ആളുകളെയാണ്. മഹാ മനുഷ്യ സംഗമത്തിലൂടെ യുപി രണ്ടുലക്ഷം കോടി രൂപയോളം വരുമാനം നേടിയേക്കാം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സംധമമാണിത്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂര്‍ണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്. ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്. 40 കോടിയിലധികം ആളുകള്‍ പ്രയാഗ്‌രാജിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നുവച്ചാല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിലൊന്നിന് ആള്‍ക്കാര്‍ പ്രയാഗ് രാജിലെത്തും. യു.എസിലെയും റഷ്യയിലെയും ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകള്‍ പ്രയാഗ്‌രാജില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.
40 കോടി സന്ദര്‍ശകര്‍ എത്തുന്നവരില്‍ ഓരോരുത്തരും ശരാശരി 5,000 രൂപ ചെലവഴിച്ചാല്‍ പോലും രണ്ടു ലക്ഷം കോടി രൂപ വരെ നേടാനാകും. അങ്ങനെയാങ്കില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന ഇവന്റിലൂടെ 2025-ല്‍ ഉത്തര്‍പ്രദേശിന് രണ്ടു ലക്ഷം കോടി രൂപ വരെ വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4,000 ഹെക്ടറിലാണ് കുംഭമേളക്കായി സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത്തവണത്തെ കുംഭമേള വലിയ മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 45 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കായി ഏകദേശം 7,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
5600 കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ 2100 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സഹായം. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇവന്റിനായി ഒരാള്‍ക്ക് ശരാശരി ചെലവ് 10,000 രൂപ വരെ ഉയരാം. അതുകൊണ്ട് തന്നെ കുംഭമേളക്ക് ശേഷം യു.പി ജി.ഡി.പിയില്‍ ഒരു ശതമാനത്തിലധികം വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. 1,300 ട്രെയിനുകളും 7,000 ബസുകളും ഈ സമയത്ത് സര്‍വീസ് നടത്തും. 1.6 ലക്ഷം കൂടാരങ്ങള്‍ ഭക്തര്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകള്‍ മാര്‍ക്കറ്റിംഗിനായി ചെലവഴിക്കുന്നത് 3,600 കോടി രൂപയാണ്. വന്‍കിട കമ്പനികള്‍ മുതല്‍ ബാങ്കുകളും സ്റ്റാര്‍ട്ടപ്പുകളും വരെ മാര്‍ക്കറ്റിംഗിനായുള്ള മികച്ച അവസരമായാണ് ഇതുകാണുന്നത്. 3,600 കോടി രൂപയോളമാണ് പരസ്യത്തിനായി കമ്പനികള്‍ ചെലവഴിക്കുന്നത് എന്നാണ് സൂചന.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സിനിമ തീയേറ്ററുകളില്‍ വരെ കുംഭമേളയുമായി ബന്ധപ്പെട്ട് നടത്തുന്ന വിനോദ സഞ്ചാര പരസ്യങ്ങള്‍ വേറെയാണ്. ഒരു ലക്ഷം കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി യു.പിയെ മാറ്റിയെടുക്കുന്ന, യു.പി ബ്രാന്‍ഡ്, ആഘോഷിക്കപ്പെടുന്ന ഒന്നാക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും പ്രയാഗ്‌രാജ് പൂര്‍ണ കുംഭമേളയുടെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം അമിത് ഷായോടും ബി.ജെ.പി നേതൃത്വത്തോടും ഇടഞ്ഞ് നില്‍ക്കുന്ന യോഗിയെ സംബന്ധിച്ച് നിര്‍ണായകമാണ് മഹാകുംഭമേളയുടെ വിജയം. 2019-ല്‍ നടന്ന കുംഭമേളയില്‍ 24 കോടിയിലധികം പേര്‍ പങ്കെടുത്തതായാണ് പറയപ്പെടുന്നത്. 2013-ല്‍ അലഹബാദില്‍ ഇതിന് മുമ്പ് നടന്ന പൂര്‍ണ കുംഭമേളയില്‍ 12 കോടിയോളം പേരും ഉജ്ജ്വയിനില്‍ 2016-ല്‍ നടന്ന കുംഭമേളയില്‍ ഏഴരക്കോടി തീര്‍ത്ഥാടകരും പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു.
പ്രയാഗ്‌രാജിന് പുറമെ ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നിവിടങ്ങളിലാണ് പൂര്‍ണ കുംഭമേള നടക്കുക. അര്‍ദ്ധ കുംഭമേള ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും പ്രയാഗ് രാജിലും നടക്കുന്നു. 2007-ല്‍ നടന്ന അര്‍ദ്ധ കുംഭമേളയില്‍ 700 ലക്ഷം പേര്‍ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂര്‍ണ്ണ കുംഭമേളയ്ക്കു ശേഷം 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള 2013-ലാണ് നടന്നത്.
ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളില്‍ ദൈവങ്ങളുടെ ശക്തിവീണ്ടെടുക്കനായി നടത്തിയ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്. ഗരുഡന്‍ വഹിച്ചിരുന്ന അമൃത കുംഭത്തില്‍ നിന്ന് പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നിവിടങ്ങളില്‍ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം. ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാന്‍ സാങ് (എ.ഡി 602-664) ആണ് കുഭമേള ആദ്യം പ്രതിപാദിച്ച വ്യക്തി.
നദികളിലെ സ്‌നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്. കൂടാതെ മതപരമായ ചര്‍ച്ചകളും ഭക്തിഗാനങ്ങളും മറ്റും നടന്നു വരുന്നു. ഒരുപാട് സന്യാസികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. പൂര്‍ണ്ണ നഗ്‌നരായ നംഗാ സന്യാസിമാര്‍ ഈ മേളയില്‍ പങ്കെടുത്തിരുന്നത് കണ്ടുവെന്ന് പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക് ട്വയിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുംഭമേളയെ ആസ്പദമാക്കി നിര്‍മ്മിച്ച ബംഗാളി സിനിമയാണ് ‘അമൃത കുംഭര്‍ സന്താനെ’. കുംഭമേളയെക്കുറിച്ച് പ്രസിദ്ധമായ ഒരുപാട് ഹ്രസ്വ ചിത്രങ്ങള്‍ ഇറങ്ങിട്ടുണ്ട്. ബോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങള്‍ കുംഭമേളയില്‍ വച്ച് പിരിയുകയും പിന്നീട് കണ്ടുമുട്ടുന്നതുമായി കുറേ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഞങ്ങള്‍ കുഞ്ഞുന്നാളില്‍ കുംഭമേളയില്‍ വച്ച് കാണാതായി എന്ന ഡയലോഗ് ഹിന്ദിയില്‍ പ്രശസ്തമാണ്.
കുംഭമേളയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിപ്പിട്ടിട്ടുണ്ട്. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ ഉള്‍ക്കൊള്ളുന്ന മഹാ കുംഭമേള വിശ്വാസവും ഐക്യവും ആഘോഷിക്കുന്നതാണെന്നാണ് മോദി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
”ഭാരതീയ മൂല്യങ്ങളെയും സംസ്‌കാരത്തെയും വിലമതിക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് വളരെ സവിശേഷ ദിനം. വിശ്വാസത്തിന്റെയും ഭക്തിയുടെയും സംസ്‌കാരത്തിന്റെയും പവിത്രമായ സംഗമത്തില്‍ എണ്ണമറ്റ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന മഹാ കുംഭം 2025 പ്രയാഗ് രാജില്‍ ആരംഭിക്കുന്നു. ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകത്തെ ഉള്‍ക്കൊള്ളുന്ന മഹാ കുംഭമേള വിശ്വാസവും ഐക്യവും ആഘോഷിക്കുന്നു…” നരേന്ദ്ര മോദി കുറിച്ചു.