കൊച്ചി: പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവാസി സംഗമത്തില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ച ‘മലയാളി ലെജന്‍ഡ്‌സ്’2025-നെ ആദരിച്ചു. ആഗോള തലത്തിലുള്ള പ്രവാസി സംഘടനകളാണ് കൊച്ചി മറൈന്‍ ഡ്രൈവിലെ ക്ലാസിക് ഇമ്പീരിയല്‍ ക്രൂസ് വെസലില്‍ ഒത്തുചേര്‍ന്നത്.



വിദേശ മലയാളി സംഘടനകളായ ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍, ഗോപിയോ, ഐ.ഐ.എസ്.എസി എന്നിവ സംയുക്തമായി ചേര്‍ന്ന് ഒരു ചടങ്ങ് സംഘടിപ്പിച്ചത് പല ദിക്കുകളില്‍ ചിതറിക്കിടക്കുന്ന പ്രതിഭാധനര്‍ക്ക് നേരില്‍കണ്ട് പരിചയപ്പെടുന്നതിനും സൗഹൃദം പങ്കുവയ്ക്കുന്നതിനും വേണ്ടിയാണ്. മഹത്തായ ആ ലക്ഷ്യം സാക്ഷാത്കരിച്ചുവെന്ന് പ്രവാസി കോണ്‍ക്ലേവ് ട്രസ്റ്റ് ചെയര്‍മാന്‍ അലക്‌സ് കോശി വിളനിലം പറഞ്ഞു.



വിശ്രമ ജീവിതം നയിക്കുന്ന മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവിയെ കാക്കനാട് വഴക്കാലയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നാണ് ഈ പ്രവാസി കൂട്ടായ്മ ആദരിച്ചത്. ശശി തരൂര്‍ എം.പി, എം.എ.യൂസഫലി, ഗോകുലം ഗോപാലന്‍, ഡോ.സണ്ണി ലൂക്ക്, ആന്റണി പ്രിന്‍സ്, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ഡോ. ഇന്ദിര രാജന്‍, ഡോ. ടെസ്സി തോമസ് എന്നിവരെയാണ് ‘മലയാളി ലെജന്‍ഡ്സ് 2025’ ആയി ട്രസ്റ്റ് തിരഞ്ഞെടുത്തത്.