Friday, March 14, 2025

HomeAmericaഫോമ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് നടനായി അമേരിക്കന്‍ മലയാളി ജീമോന്‍ ജോര്‍ജിന്റെ സിനിമയില്‍

ഫോമ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് നടനായി അമേരിക്കന്‍ മലയാളി ജീമോന്‍ ജോര്‍ജിന്റെ സിനിമയില്‍

spot_img
spot_img

എ.എസ് ശ്രീകുമാര്‍

”നല്ല നടനാവണമെങ്കില്‍ ജീവിതാനുഭവങ്ങള്‍ വേണം. നല്ല നിരീക്ഷണ ബോധം വേണം. നമുക്ക് ചുറ്റുമുള്ള ആളുകളെ, സുഹൃത്തുക്കളെ, ശത്രുക്കളെ, പരിചയം പോലുമില്ലാത്തവരെ കഥാപാത്രങ്ങളാക്കി പഠിക്കാനുള്ള മനസു വേണം. അതൊക്കെ അവതരിപ്പിക്കാനുള്ള പ്രതിഭയും ഉണ്ടാവണം. ഇതൊക്കെയുണ്ടെങ്കിലും ഇച്ഛാശക്തി കൂടി വേണം. മോഹന്‍, നിങ്ങള്‍ നടനാവണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും…” ഫാഷന്‍ ഫോട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ബെസ്റ്റ് ആക്ടര്‍’ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഡയറക്ടര്‍ രഞ്ജിത്ത് പറയുന്ന ഡയലേഗാണിത്.

സിനിമാ നടനാകുവാന്‍ കൊതിക്കുന്ന ഒരു അധ്യാപകനും അയാളുടെ ജീവിതവും കോര്‍ത്തിണക്കിയ ചിത്രമാണ് ബെസ്റ്റ് ആക്ടര്‍ എങ്കില്‍ ഒരു സിനിമാ നടനാവാനുള്ള മോഹം ഏറെക്കാലമായി മനസില്‍ കൊണ്ടു നടക്കുന്ന ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസിന്റെ സ്വപ്നം സഫലമായിരിക്കുന്നു. അമേരിക്കന്‍ മലയാളിയും കലാ-സാംസ്‌കാരിക-സാമൂഹിക-സംഘടനാ പ്രവര്‍ത്തകനുമായ ജീമോന്‍ ജോര്‍ജ് നിര്‍മിക്കുക്കുന്ന ‘ശുക്രന്‍’ എന്ന സിനിമയില്‍ തമിഴ്‌നാട് കമ്പനി മുതലാളിയായാണ് ഷാലുവിന് വേഷം ഇടാന്‍ അവസരം ലഭിച്ചത്.

”എന്റെ വളരെക്കാലമായുള്ള ഒരാഗ്രഹമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നുള്ളത്. ഈ ആഗ്രഹം സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. എല്ലാം ദൈവാനുഗ്രഹം മാത്രം…” ഫോമായുടെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന ഷാലു പറയുന്നു. ഷാലുവിന് വളരെ ഭംഗിയായി അഭിനയിക്കുവാനുള്ള പ്രതിഭയുണ്ടെന്നും ഇനിയും നിരവധി അവസരങ്ങള്‍ ഷാലുവിനെ തേടി വരട്ടെ എന്നും ജീമോന്‍ ജോര്‍ജ് ആശംസിച്ചു. തനിക്ക് അവസരം തന്ന ജീമോന്‍ ജോര്‍ജിനും തിരക്കഥാകൃത്ത് രാഹുല്‍ കല്യാണിനും ശുക്രന്‍ സിനിമയിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഷാലു നന്ദി രേഖപ്പെടുത്തി.

എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ചാണ്ടി ഉമ്മന്റേയും സാന്നിദ്ധ്യത്തില്‍ ഈ മാസം 7-ന് കോട്ടയം പനച്ചിക്കാട്ട് ആണ് ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രന്റെ ചിത്രീകരണം ആരംഭിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും ചാണ്ടി ഉമ്മന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണം തുടങ്ങിയത്. റൊമാന്റിക്ക് കോമഡി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഫിലഡല്‍ഫിയയില്‍ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കരുത്ത് തെളിയിച്ചിട്ടുള്ള മികച്ച യുവ നേതാവാണ് ഷാലു പുന്നൂസ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) പ്രസിഡന്റായിരുന്ന രണ്ടു വര്‍ഷക്കാലം സംഘടനയുടെ ചരിത്രത്തിലെ അവിസ്മരണീയമായ നേട്ടങ്ങളുടെ കാലയളവായിരുന്നു. ഷാലുവിലെ പ്രവര്‍ത്തനമികവ് മനസ്സിലാക്കിയ പെന്‍സില്‍വാനിയ പോലീസ് ഡിപ്പാര്‍ട്ടമെന്റ് അദ്ദേഹത്തെ പെന്‍സില്‍വാനിയ പോലീസ് ഉപദേശക സമിതി ഏഷ്യന്‍ കമ്മ്യൂണിറ്റി പ്രതിനിധിയായി നിയമിച്ചിരുന്നു.

ഫെയര്‍ലെസ്ഹില്‍സ് സെന്റ് ജോര്‍ജ്ജ് ഓര്‍ര്‍ത്തഡോക്‌സ് പള്ളി ട്രസ്റ്റി, 2022 ഫോമാ കണ്‍വെന്‍ഷന്‍ കോ-ചെയര്‍മാന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍, മാപ്പ് ട്രസ്റ്റ്രീ ബോര്‍ഡ് അംഗം, എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വാനിയയുടെ ജനറല്‍ സെക്രട്ടറി, ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഷാലു, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു പ്രശസ്തിയാര്‍ജ്ജിച്ചതും, 250-ല്‍ അധികം യുവജനങ്ങള്‍ അംഗങ്ങളുമായുള്ള ഫിലഡല്‍ഫിയായിലെ ‘ബഡി ബോയ്‌സ് ‘ എന്ന ശക്തമായ ചാരിറ്റി സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയാണ്. റിയല്‍ എസ്റ്റേറ്റ് ഏജന്റും, ഹോം കെയര്‍ ഉടമയും ആയ ഇദ്ദേഹം ഫിലഡല്‍ഫിയാ പ്രിസണില്‍ റെജിസ്‌ട്രേഡ് നേഴ്‌സ് ആയി ജോലി ചെയ്യുന്നു.

”ഷാലൂ, നിങ്ങള്‍ നടനാവണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും…”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments