വാഷിങ്ടണ്‍: യു.എസ്സില്‍ നാസി മാതൃകയില്‍ സ്വേച്ഛാധിപത്യഭരണം കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഇന്ത്യക്കാരന് എട്ടുവര്‍ഷം തടവ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ തകര്‍ത്തുകൊണ്ട് സ്വേച്ഛാധിപത്യഭരണം നടപ്പാക്കാനായാണ് ഇയാള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടത്. മിസോറി സംസ്ഥാനത്തെ സെയിന്റ് ലൂയിസില്‍ താമസിക്കുന്ന സായി വര്‍ഷിത് കണ്ടുല എന്ന 20-കാരനെയാണ് യു.എസ്. ഡിസ്ട്രിക്ട് കോടതി 96 മാസം ഫെഡറല്‍ ജയിലിലേക്കയച്ചതെന്ന് എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
വൈറ്റ്ഹൗസിന് സമീപത്തെ സുരക്ഷാ ബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2023 മേയ് 22-നായിരുന്നു ഇത്. ആഴ്ചകള്‍ക്ക് മുമ്പേ ഇയാള്‍ ആസൂത്രണം തുടങ്ങിയിരുന്നു. ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഉടന്‍ ഇയാള്‍ ട്രക്ക് വാടകയ്‌ക്കെടുത്ത് വാഷിങ്ടണിലേക്ക് പോയി. അവിടെനിന്ന് ഭക്ഷണം കഴിക്കുകയും ഇന്ധനം നിറയ്ക്കുകയും ചെയ്തശേഷം രാവിലെ 09:35-നാണ് വൈറ്റ് ഹൗസിന് സമീപത്തെ സുരക്ഷാ ബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയത്.
ട്രക്ക് ഇടിപ്പിച്ച ശേഷം സായി ആദ്യം ചെയ്തത് നാസി ജര്‍മനിയുടെ പതാക വീശുകയാണ്. നാസികള്‍ക്ക് മഹത്തായൊരു ചരിത്രമുണ്ടെന്നും അതുകൊണ്ട് താന്‍ ‘സ്വസ്തിക’ പതാക വീശിയതെന്നും അറസ്റ്റിലായ ശേഷം സായി പോലീസിനോട് പറഞ്ഞു. ഇയാള്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ പ്രത്യേകമായി പുകഴ്ത്തിയെന്നും പോലീസ് പറഞ്ഞു.