വാഷിംഗ്ടൺ: രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും നിയുക്ത വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ഭാര്യ ഉഷ വാൻസും വൈറ്റ് ഹൗസിലെത്തി. അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്ന് ഇവരെ സ്വീ കരിച്ചു. അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30നാണ് ) സത്യപ്രതിജ്‌ഞ.
വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും എത്തിയത്. വൈസ് പ്രസിഡൻ്റ് കമല ഹാരിസും വൈറ്റ് ഹൗസിലെത്തി. വൈറ്റ് ഹൗസിലെ ചായ സൽക്കാരത്തിനു ശേഷം സത്യപ്രതിജ്‌ഞാവേദിയിലേക്ക് പോകും.
കൊടും തണുപ്പിനെ തുടർന്ന് സത്യപ്രതിജ്ഞ തുറന്ന വേദി ഒഴിവാക്കി ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിലെ പ്രശസ്‌തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു നടക്കുക.
അധികാരമേറ്റുള്ള ട്രംപിൻ്റെ പ്രസംഗം, ഒപ്പുചാർത്തൽ, പെൻസിൽവേനിയ അവന്യൂവിലെ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ട്. ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ ചടങ്ങിൽ പങ്കെടുക്കും. വ്യവസായ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
.