വാഷിങ്ടൺ: പശ്ചിമേഷ്യൻ സമാധാനം യാഥാർഥ്യമാക്കാൻ ഒരു അമേരിക്കൻ പ്രസിഡന്റുമാർക്കും കഴിഞ്ഞിട്ടില്ല. പക്ഷെ അതിലേക്കു വലിയൊരു ചുവടുവച്ചതിന്റെ അഭിമാനവുമായാണ് ഡോണൾഡ് ട്രംപ് രണ്ടാമൂഴം തുടങ്ങിയിരിക്കുന്നത്. എങ്കിലും ട്രംപിന് മുമ്പിലുള്ള കടമ്പകള്‍ വേറെയുമുണ്ട്. യുദ്ധങ്ങൾ ഇഷ്ടമല്ലാത്ത പ്രസിഡന്റ്. താൻ ഭരണത്തിൽ കയറിയാൽ രണ്ടു യുദ്ധങ്ങളും അവസാനിപ്പിക്കും എന്നു ട്രംപ് പല തവണ പറഞ്ഞിട്ടുണ്ട്.
ഗാസ വെടിനിർത്തലിൽ നിന്ന് വഴുതിമാറിക്കൊണ്ടിരുന്ന നെതന്യാഹുവിനെ ഒടുവിൽ വട്ടമിട്ടു പിടികൂടിയത് ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫാണ്. ട്രംപ് അധികാരമേൽക്കും മുമ്പ് വെടിനിർത്തൽ നിലവിൽ വരണം എന്ന് വിറ്റ് കോഫ് ആവശ്യപ്പെട്ടു. അതിന് വഴങ്ങേണ്ടിവന്നു നെതന്യാഹുവിന്. അടുത്ത ലക്ഷ്യം അബ്രഹാം എക്കോര്‍ഡ്സിൽ സൗദി അറേബ്യയെ കൂടി എത്തിക്കുക എന്നതാണ്.
പലസ്തീൻ സ്വതന്ത്രമായാൽ സൗദി ഒപ്പിടും. അതുവരെ എത്തിയാൽ പശ്ചിമേഷ്യൻ സമാധാനം യാഥാർഥ്യമാകും. മാത്രമല്ല, ഇസ്രായേൽ സൗദി സഖ്യത്തോടെ ഇറാന്റെ ചിറകൊടിയും. അടുത്ത കടമ്പ യുക്രൈൻ യുദ്ധമാണ്. പക്ഷേ റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുടിനെ പേടിപ്പിക്കാൻ കഴിയില്ല ട്രംപിന്.
നഷ്ടപ്പെടാൻ പോകുന്നത് യുക്രൈനാണ്. എങ്കിൽ കൂടിയും യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞാൽ അത് ട്രംപിന് ഒരു പൊൻതൂവൽ കൂടിയാകും. പക്ഷെ യൂറോപ്പിന് ആശങ്കകൾ തുടങ്ങുന്നേയുള്ളു. ട്രംപ് എന്ന പ്രസിഡന്റിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതിൽ വലിയ കൂടിയാലോചനകൾ ആണ് നടക്കുന്നത്. കരാറുകളിൽ നിന്ന് പഴയതുപോലെ പിന്മാറിയാൽ പ്രതിസന്ധി പലതാണ്.
ചൈനീസ് ഡ്രാഗണും അമ്പരന്നിരിപ്പാണ്. നികുതികൾ ഇപ്പോഴേ പ്രഖ്യാപിച്ചുകഴിഞ്ഞു ട്രംപ്. ഇത്തവണ ഇലൺ മസ്‌ക് എന്ന സൂപ്പർ പ്രസിഡന്റ് തലവേദനയാവും എന്നും ഉറപ്പാണ്. ജർമനിയിലെ തീവ്ര വലതിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു മസ്‌ക്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലും മസ്‌ക് തലയിട്ടുതുടങ്ങി. ഇപ്പോഴത്തെ പ്രധാനമന്ത്രി കെയിർ സ്റ്റാർമർ പണ്ട് ചില പിഴവുകൾ വരുത്തി എന്ന് ആരോപിച്ചു
മസ്‌ക് തങ്ങളുടെ രാജ്യത്ത് മസ്‌ക് ഇടപെടേണ്ട എന്ന് ബ്രിട്ടീഷ് ജനത പറയുന്നത് വരെയെത്തി കാര്യങ്ങൾ. പക്ഷെ മസ്‌ക് പിന്നോട്ടില്ല. ഈ കൂട്ടുകെട്ട് ആശങ്കയാണ് പലർക്കും. എങ്കിലും തുടക്കം ഗംഭീരമാണ്. ഗാസയിലെ ജനങ്ങൾ മാത്രമല്ല, മിഷിഗണിലെ അറബ് അമേരിക്കൻ വംശജരും ട്രംപിന് നന്ദി പറയുകയാണ്. കമല ഹാരിസിനു വോട്ട് ചെയ്യാതിരുന്നാൽ തീരുമാനം ശരിയായി എന്നും അവർ പറയുന്നു.