വാഷിംഗ്ടണ്‍: ക്യാപിറ്റല്‍ വണ്‍ അരീനയില്‍ നടന്ന ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ടെസ്ല സിഇഒയും കോടീശ്വരനുമായ ഇലോണ്‍ മസ്ക് കാണിച്ച ആംഗ്യങ്ങള്‍ വിവാദമാകുന്നു. ‘നാസി സല്യൂട്ടിന്’ സമാനമായ ആംഗ്യമാണ് മസ്കിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം.
“ഇതൊരു സാധാരണ വിജയമായിരുന്നില്ല. മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്. നന്ദി,” എന്ന് പറഞ്ഞുകൊണ്ട് മസ്ക് വലതു കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വായുവില്‍ ഉയര്‍ത്തി തൻ്റെ കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടി ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്തു. ഈ ആംഗ്യമാണ് ഇപ്പോൾ വിവാദത്തിന് തിരി തെളിച്ചത്. എന്നാല്‍ വിമര്‍ശനങ്ങളെ അപ്പാടെ തള്ളിയ ടെസ്ല മേധാവി ഇതൊരു ചീറ്റിപ്പോയ ആക്രമണമാണെന്ന് വിമര്‍ശിച്ചു. ”സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതൊരു നാസി സല്യൂട്ട് പോലെ കാണാനാകില്ലെന്നായിരുന്നു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും കമൻ്റേറ്ററുമായ ഓവൻ ജോൺസ് എക്സില്‍ കുറിച്ചു.
മസ്കിന്റെ ആംഗ്യം ഇസ്രായേലി മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റി. മസ്ക് തൻ്റെ പരാമർശങ്ങൾ ‘റോമൻ സല്യൂട്ട്’ നാസി ജർമ്മനിയുമായി ഏറ്റവും സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ഫാസിസ്റ്റ് സല്യൂട്ട് ഉപയോഗിച്ച് ഉപസംഹരിച്ചതായി ഹാരെറ്റ്സ് പത്രം പറഞ്ഞു. അത് നാസി സല്യൂട്ട് അല്ലെന്നും ആവേശത്തിന്റെ ഒരു നിമിഷത്തില്‍ സംഭവിച്ച വിചിത്രമായ ആംഗ്യമാണെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായ ആൻ്റി-ഡിഫമേഷൻ ലീഗ് (എഡിഎൽ) വിശദീകരിച്ചു.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ ഏറ്റവും വലിയ ചിയർ ലീഡർമാരിൽ ഒരാളായി മാറിയ മസ്ക്, പ്രചാരണത്തിനായി ഏകദേശം 270 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയും മസ്കിന് നല്‍കിയിട്ടുണ്ട്. ഇന്ത്യൻ വംശജന് വിവേക് രാമസ്വാമിയും വകുപ്പിലുണ്ട്. ഇരുവരും ചേര്‍ന്നാണ് വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുക. ‘ഡോഗ്’ എന്നാണ് വകുപ്പിന്റെ ചുരുക്കപ്പേര്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ മസ്കിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മസ്കിനെ ‘സൂപ്പർ ജീനിയസ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നന്ദിപറയുകയും ചെയ്തിരുന്നു.
ഇന്നലെയാണ് യുഎസിന്റെ 47-ാം പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റെടുത്തത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സത്യപ്രതിജ്ഞ ചെയ്തു. മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും ട്രാൻസ്ജെൻഡറുകളെ അംഗീകരിക്കില്ലെന്നും ട്രംപ് തന്റെ ആദ്യപ്രസംഗത്തില്‍ പറഞ്ഞു.