ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന തന്റെ അവകാശവാദത്തില്‍ സംവാദത്തിന് തയ്യാറെന്ന് ഐഐടി മദ്രാസ് ഡയറക്ടര്‍ വി. കാമകോടി (V. Kamakoti). ഗോമൂത്രത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചു നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഗോമൂത്രത്തിന് ഔഷധ ഗുണമുണ്ടെന്ന കാമകോടിയുടെ പ്രസ്താവന രാഷ്ട്രീയക്കാരുള്‍പ്പെടെയുള്ളവരില്‍ നിന്ന് വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.
“ഗോമൂത്രത്തിന്റെ ഔഷധഗുണം വിശദീകരിക്കുന്ന അമേരിക്കയിൽനിന്നുള്ള അഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാം. ഗോമൂത്രത്തിന് ഗുണകരമായ ഘടകങ്ങള്‍ ഉണ്ടെന്ന് ഈ പഠനങ്ങളിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഇക്കാര്യം ശാസ്ത്രീയമായി ന്യായീകരിക്കുന്നുണ്ട്,’’ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പ്രശംസിക്കുന്ന കാമകോടിയുടെ ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം വിവാദത്തിലായത്. ദഹനം എളുപ്പമാക്കുന്നതിനൊപ്പം ബാക്ടീരിയ, ഫംഗസ് മുതലായവയെ ചെറുക്കുന്നതിനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും അതിനാല്‍ അണുബാധകള്‍ സുഖമാക്കുമെന്നും വീഡിയോയില്‍ കാമകോടി അവകാശപ്പെടുന്നു.
കാമകോടിയുടെ ഈ പ്രസ്താവനയെ ‘ലജ്ജാകരമെന്നാണ്’ യുക്തിവാദി സംഘടനയായ ദ്രാവിഡര്‍ കഴകം വിശേഷിപ്പിച്ചത്. ഇത്തരം അവകാശവാദങ്ങള്‍ വിശ്വസിക്കരുതെന്ന് സംഘടനയുടെ നേതാവ് കാളി പൂങ്കൂന്ദ്രന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഗോമൂത്രത്തില്‍ ദോഷകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും അത് മനുഷ്യന് കഴിക്കാന്‍ യോഗ്യമല്ലെന്നും വ്യക്തമാക്കുന്ന ഒരു പഠനം അദ്ദേഹം ഉദ്ധരിച്ചിരുന്നു. പ്രസ്താവന നടത്തിയ സംഭവത്തില്‍ ക്ഷമാപണം നടത്തണമെന്ന് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാവ് കെ രാമകൃഷ്ണന്‍ കാമകോടിയോട് ആവശ്യപ്പെട്ടിരുന്നു. ക്ഷമാപണം നടത്തിയില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഡിഎംകെയും മറ്റുള്ളവരും വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ രംഗത്തെത്തിയിരുന്നു. കാമകോടിയുടെ പ്രസ്താവനയെ ന്യായീകരിച്ച അദ്ദേഹം പ്രൊഫസറുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.