മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ഇന്നത്തെ നമ്മുടെ കുട്ടികളും യുവാക്കളുമാണ് നാളത്തെ നമ്മുടെ ഭാവി വാഗ്ദാനങ്ങൾ. മയക്കുമരുന്നിനും ദുഷിച്ച സുഹൃത്‌വലയത്തിലും പെട്ട് ഭാവി ജീവിതം നാശത്തിലേക്ക് വഴിതെറ്റിപ്പോകുവാൻ വളരെ സാധ്യതയുള്ള കാലഘട്ടമാണ് ഇന്നുള്ളത്. പ്രത്യേകിച്ച് അമേരിക്ക പോലുള്ള രാജ്യത്തെ പാശ്ചാത്യ സംസ്കാരത്തിൽ ആകൃഷ്ടരായി നമ്മുടെ യുവാക്കൾ പോകുമ്പോൾ ജന്മം നൽകിയ മാതാപിതാക്കൾക്ക് പോലും നിയന്ത്രിക്കാനാവാതെ അവർ കൈവിട്ട് പോയെന്നുവരാം. അത്തരം ഒരു സാഹചര്യത്തിലാണ് ഏതാനും മനുഷ്യസ്നേഹികൾ ഊർജ്ജസ്വലരായ യുവാക്കളെ കൈപിടിച്ചുയർത്തുവാൻ അവരെ ഏകോപിപ്പിച്ച് അവരുടെ സമയവും ശ്രദ്ധയും സ്പോർട്സ് മേഖലയിലേക്ക് തിരിച്ച് പരിശീലനം നൽകുവാൻ മുന്നിട്ടിറങ്ങിയത്. ഒരു പക്ഷെ നമ്മളാരും ഇത് അധികം ശ്രദ്ധിക്കാതെ പോയ സംഗതികളാകാം.
ഇത്തരുണത്തിലാണ് സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനും മുൻതൂക്കം നൽകി പ്രവൃത്തിക്കുന്ന ലോങ്ങ് ഐലൻഡിലെ എക്കോ (ECHO- Enhance Community through Harmonious Outreach) എന്ന സാമൂഹിക സംഘടന യുവാക്കളുടെ ഉന്നമനത്തിന് ശ്രദ്ധ ചെലുത്തിയ ഏതാനും മനുഷ്യ സ്നേഹികളെ കണ്ടുപിടിച്ച് എക്കോയുടെ നാലാമത് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചത്. സ്പോർട്സ് ഉന്നമനത്തിനായി ലോങ്ങ് ഐലൻഡിൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ളബ്ബ് (NYMSC) സാരഥികളായ സജി തോമസ് (പ്രസിഡൻറ്), സക്കറിയാ മത്തായി (സെക്രട്ടറി), മാത്യു ചേരാവള്ളിൽ (ഷെറി – ട്രഷറർ), ചാക്കോ എം ഈപ്പൻ (വൈസ് പ്രസിഡൻറ്), ഡോ. മാത്യു ജേക്കബ് (ഫൗണ്ടർ മെമ്പർ), ജസ്റ്റിൻ ജോൺ (സോക്കർ കോർഡിനേറ്റർ), വർഗ്ഗീസ് ജോൺ സി.പി.എ (ഫിനാൻസ് കോർഡിനേറ്റർ), ബിജു കാവനാൽ (ടീം ലീഡർ), ബിജു ചാക്കോ (ഓഡിറ്റർ) എന്നീ നേതൃനിരയെ അണിനിരത്തി ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി ആദരിച്ചത്.
രണ്ടായിരത്തി അഞ്ഞൂറ് ഡോളർ ക്യാഷ് അവാർഡും പ്രശംസാ ഫലകവുമാണ് ഹ്യൂമാനിറ്റേറിയൻ അവാർഡായി നൽകിയത്. ECHO ചെയർമാൻ ഡോ. തോമസ് മാത്യു, പ്രോഗ്രാം കോർഡിനേറ്റർ സാബു ലൂക്കോസ്, സീനിയർ അസ്സോസിയേറ്റ് ഡയറക്ടർ തോമസ് എം ജോർജ്, ക്യാപിറ്റൽ റിസോഴ്സ് ഡയറക്ടർ ടി. ആർ. ജോയി എന്നിവരും മറ്റു കമ്മറ്റി അംഗങ്ങളും ചേർന്നാണ് പ്രശംസാ ഫലകം സമ്മാനിച്ചത്. പ്രോഗ്രാം ഡയറക്ടർ സാബു ലൂക്കോസും സഹധർമ്മിണി ജയാ സാബുവും ചേർന്നാണ് അവർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് സമ്മാനിച്ചത്.
പ്രൗഡ്ഢഗംഭീരമായ എക്കോയുടെ പതിനൊന്നാമത് വാർഷിക ഡിന്നർ യോഗത്തിലാണ് അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചത്. ഡിന്നർ യോഗത്തിൽ യു.എസ്. സ്റ്റേറ്റ് കോൺഗ്രെസ്സ്മാൻ ആദരണീയനായ ടോം സ്വാസ്സിയായിരിന്നു മുഖ്യാതിഥി. നോർത്ത് ഹെംപ്സ്റ്റഡ് ടൌൺ സൂപ്പർവൈസർ ജെന്നിഫർ ഡിസേന, ടൌൺ ക്ളർക്ക് രാഗിണി ശ്രീവാസ്തവ, മുൻ സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, എപ്പിസ്കോപ്പൽ ചർച്ച് അഭിവന്ദ്യ ബിഷപ്പ് ജോൺസി ഇട്ടി തുടങ്ങിയ സാമൂഹിക രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ അതിഥികളായിരുന്നു. ECHO-യുടെ ചാരിറ്റി പ്രവർത്തനത്തിൻറെ കഴിഞ്ഞ പതിനൊന്ന് വർഷത്തിന്റെ നാൾവഴികൾ വിഡിയോ പ്രദർശനമായി ചടങ്ങിൽ അവതരിപ്പിച്ചു. ECHO-യുടെ താക്കോൽ പ്രോജക്റ്റ് ആയ സീനിയർ വെൽനെസ്സ് അംഗങ്ങളുടെ മനോഹരമായ ക്രിസ്മസ് ഗാനങ്ങൾ യോഗത്തിന് കൊഴുപ്പേകി.
1984-ൽ ലോങ്ങ് ഐലൻഡ് – ക്വീൻസ് ഭാഗങ്ങളിലുള്ള സ്പോർട്സ് പ്രേമികൾ ഒത്തൊരുമിച്ച് കായിക വിനോദത്തിനും കളികളുടെ ഉന്നമനത്തിനുമായി രൂപീകരിച്ചതാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ്. അതിലൂടെ ധാരാളം യുവാക്കളെ ഇതിനോടകം സോക്കർ കളിക്കാരും, ക്രിക്കറ്റ് കളിക്കാരും, ബാഡ്‌മിന്റൺ, വോളീബോൾ കളിക്കാരും മറ്റുമായി മാറ്റുകയും അവരെ ജീവിത വിജയത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. സ്പോർട്സ് മേഖലയിലേക്ക് യുവാക്കളുടെ ശ്രദ്ധ കേന്ദ്രീകരിച്ചൽ അത് അവരുടെ ആരോഗ്യ വികസനത്തിനും, വ്യക്തിത്വ വികസനത്തിനും ടീം പ്രവർത്തനത്തിനും അതിലൂടെ സമൂഹത്തിലെ അംഗീകാരത്തിനും അവസരം ഒരുക്കി അവർക്ക് ജീവിതവിജയം കൈവരിക്കുന്നതിന് സഹായകരമാകും. അതിനു നല്ല കഠിനാദ്ധ്വാനവും സാമ്പത്തിക ചിലവും ആവശ്യമായി വരും. സ്പോർട്സ് കളിക്കുന്നതിനുള്ള നല്ല സ്റ്റേഡിയവും ഫീൽഡും സ്ഥിരമായി ലഭിക്കുന്നില്ല എന്നതാണ് അവർ നേരിടുന്ന ഒരു മുഖ്യ പ്രശ്നം. അതോടൊപ്പം സാമ്പത്തിക ബുദ്ധിമുട്ടും അവരുടെ മുൻപോട്ടുള്ള പ്രയാണത്തിന് തടസ്സമാകാറുണ്ട്.
“സ്പോർട്സ് ക്ളബ്ബിന്റെ സാരഥികളും, മാതാപിതാക്കളും നൽകുന്ന സഹായത്താലും ചില സ്പോർട്സ് പ്രേമികളുടെ സ്പോണ്സർഷിപ്പ് മൂലവുമാണ് ക്ലബ്ബിന്റെ പ്രവർത്തനം മുൻപോട്ടു പോകുന്നത്. ഓരോ വിഭാഗത്തിലുമുള്ള സ്പോർട്സ് ടീം അംഗങ്ങളിൽ കൂടുതൽ പേരും വിദ്യാർഥികൾ ആയതിനാൽ അവരെ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിന് കൊണ്ടുപോകുക എന്നത് ചിലവേറിയ സംഗതികളാണ്. എന്നാലും ഈ സ്പോർട്സ് ക്ലബ്ബ് സാരഥികൾ ഏതെങ്കിലും വിധേന പണം സ്വരൂപിച്ച് മിക്കവാറും എല്ലാ മത്സരങ്ങളിലേക്കും ടീമുകളെ എത്തിക്കുവാൻ ശ്രമിക്കാറുണ്ട്”. കഴിഞ്ഞ നാല് വർഷമായി ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബിൻറെ പ്രസിഡന്റായി പ്രവർത്തിക്കുന്ന സജി തോമസ് അവാർഡ് സ്വീകരിച്ചതിനു ശേഷം പറഞ്ഞു.
ഇത്തരം പ്രോത്സാഹന അവാർഡുകൾ അവർക്ക് എപ്പോഴും പ്രചോദനമാകട്ടെ. യുവജനങ്ങളെ നല്ല രീതിയിലേക്ക് നയിക്കുവാനുള്ള അവരുടെ ശ്രമങ്ങൾ ഇനിയും കൂടുതൽ ഫലപ്രാപ്തിയിലേക്ക് എത്തട്ടേ എന്ന് ആശംസിക്കാം. ഈ രീതിയിൽ നല്ലൊരു പുതു തലമുറയെ വാർത്തെടുക്കുവാൻ ഇതുപോലുള്ള സ്പോർട്സ് ക്ലബ്ബ്കൾക്ക് സാധിക്കട്ടേ. ECHO പോലുള്ള സാമൂഹിക ചാരിറ്റി സംഘടനകൾക്ക് ഇത്തരം പ്രവർത്തി ചെയ്യുന്നവരെ ഇനിയും പ്രോത്സാഹിപ്പിക്കുവാൻ അവസരങ്ങൾ ഉണ്ടാകട്ടെ എന്നും ആശിക്കാം.