കാബൂൾ: അഫ്ഗാനിസ്താനിൽ യു.എസ് സൈന്യം ഉപേക്ഷിച്ചു പോയ 7 ബില്ല്യൺ ഡോളർ (1.47 ലക്ഷം കോടി) വിലമതിക്കുന്ന യുദ്ധോപകരണങ്ങൾ തിരിച്ചുനൽകണമെന്ന യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തള്ളി താലിബാൻ ഭരണകൂടം. ആയുധങ്ങൾ തിരിച്ചെടുക്കുന്നതിനു പകരം ഖൊറാസാൻ മേഖലയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ നേരിടാൻ കൂടുതൽ സഹായം നൽകുകയാണ് യു.എസ് ചെയ്യേണ്ടതെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത താലിബാൻ പ്രതിനിധി ആവശ്യപ്പെട്ടതായി ബ്ലുംബർഗ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച ഒരു റാലിയിൽ സംസാരിക്കവെ, യുദ്ധവിമാനങ്ങളും മിസൈലുകളും വാഹനങ്ങളും ആശയവിനിമയ ഉപകരണങ്ങളും തിരിച്ചുനൽകിയില്ലെങ്കിൽ അഫ്ഗാനിസ്താന് നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഓരോ വർഷവും നമ്മൾ ബില്ല്യൺ കണക്കിന് ഡോളർ അവർക്ക് നൽകുന്നുണ്ടെങ്കിൽ, സൈനിക ഉപകരണങ്ങൾ തിരിച്ചുനൽകാതെ അവ ഇനി തുടരില്ലെന്ന് അവരോട് പറഞ്ഞേക്കൂ…’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇതേപ്പറ്റി തൽക്കാലം പ്രതികരിക്കാനില്ലെന്ന് താലിബാൻ ഉപവക്താവ് ഹംദുല്ല ഫിത്‌റത്ത് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള വ്യക്തി താലിബാന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്.
അഫ്ഗാനിലെ രണ്ടു പതിറ്റാണ്ടോളം നീണ്ട സാന്നിധ്യത്തിനു ശേഷം 2021-ൽ പിന്മാറുമ്പോൾ യു.എസ് സൈന്യം ആയുധങ്ങളും ഉപകരണങ്ങളും തിരികെ കൊണ്ടുപോയിരുന്നില്ല. സൈനിക ഉപകരണങ്ങൾ പിടിച്ചെടുത്ത താലിബാൻ കാബൂളിനു സമീപമുള്ള മുൻ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ ഇവ പ്രദർശിപ്പിച്ച് വർഷംതോറും പരേഡ് നടത്താറുണ്ട്. കഴിഞ്ഞ വർഷത്തെ പരേഡിൽ ചൈനീസ്, ഇറാനിയൻ പ്രതിനിധികൾ അതിഥികളായിരുന്നു.