ന്യൂഡല്‍ഹി: 47-ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നാടുകടത്തല്‍ ഭയന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ കാമ്പസില്‍ ലൈബ്രറി അസിസ്റ്റന്റ്, ഐ.ടി അസിസ്റ്റന്റ്,ബുക്ക് സ്റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്‌നസ് അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍, വാടക, ചെലവ് എന്നിവയ്ക്കായി പല വിദ്യാര്‍ത്ഥികളും പലപ്പോഴും കാമ്പസിന് പുറത്തുള്ള റെസ്റ്റോറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. കോളേജ് പഠനത്തിനിടെ പാര്‍ട്ട് ടൈം ജോലി ചെയ്താണ് വിദ്യാര്‍ഥികള്‍ ചെലവിനുള്ള പണം കണ്ടെത്തുന്നത്.
ഇത്തരത്തില്‍ ജോലി ചെയ്യുന്നത് സംബന്ധിച്ച് ഔദ്യോഗിക രേഖകളുണ്ടാകാറില്ല. ഇത് ചട്ടവിരുദ്ധമായാണ് കണക്കാക്കുന്നത്. ട്രംപ് സര്‍ക്കാര്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കുന്നതോടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ ഗുരുതരമായി ബാധിക്കും. പാര്‍ട് ജോലി ഉപേക്ഷിക്കുന്നത് സാമ്പത്തികമായി തിരിച്ചടിയാണെങ്കിലും നിയമ തടസ്സമില്ലാതെ പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നത്. പഠനം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ നില്‍ക്കുകയാണ് ഉദ്ദേശ്യമെന്നും വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പലരും ലക്ഷങ്ങള്‍ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാല്‍ പിടികൂടി തിരിച്ചയക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ഭീഷണി.
അതേസമയം, ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കാനുള്ള അമേരിക്കന്‍ സര്‍ക്കാറിന്റെ നടപടിയോട് തുറന്ന മനസ്സാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ യു.എസിലെത്തിയ ജയശങ്കര്‍, നിയമവിരുദ്ധമായ സഞ്ചാരത്തെയും അനധികൃത കുടിയേറ്റത്തെയും ഇന്ത്യ ശക്തമായി എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കി. യുഎസില്‍ കഴിയുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടുകടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മന്ത്രി, ഇന്ത്യയുടെ നിലപാട് വിശദമാക്കിയത്. നാടുകടത്തല്‍ നടപടികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വേഗത്തിലാക്കുമ്പോഴാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
അമേരിക്കയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നിരുന്നു. വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പണ്‍ ഡോഴ്സ് റിപ്പോര്‍ട്ട് പ്രകാരം 2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,31,602 വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കാനെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ആകെ വിദേശ വിദ്യാര്‍ഥികളില്‍ (11.27 ലക്ഷം) 29 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്. ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം ഏകദേശം 300 ഡോളര്‍ (25349 ഇന്ത്യന്‍ രൂപ) വാടകയ്ക്ക് മാത്രം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.