ന്യുയോർക്ക്: ഡോണൾഡ് ട്രംപ് പ്രസിഡന്‍റ് പദത്തിൽ തിരിച്ചെത്തിയതിന് പിന്നാലെ കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്നും നാടുകടത്താനുള്ള നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മതിയായ രേഖകളില്ലാത്ത എല്ലാവരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ തുടങ്ങിയ ആശങ്ക, അമേരിക്കൻ ഭരണകൂടം നടപടികളിലേക്ക് കടന്നതോടെ കനക്കുകയാണ്. ഇന്ത്യൻ സമൂഹത്തിലും ആശങ്ക കനത്തതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ രംഗത്തെത്തി. അമേരിക്കയിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാർ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരെയും തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് വിദേശകാര്യ മന്ത്രാലയം കടക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഇന്ത്യന്‍ പൗരന്മാര്‍ അമേരിക്കയിലെന്നല്ല, മറ്റേതൊരു രാജ്യത്തായാലും മതിയായ രേഖകളില്ലാതെ താമസിക്കുന്നതിന്‍റെ പേരിൽ പുറത്താക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ, അവരെ ഉറപ്പായും തിരിച്ചെത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ഇന്ന് വ്യക്തമാക്കിയത്. ഇന്ത്യൻ പൗരത്വം സ്ഥിരീകരിക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ആരെയും തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ വിവരിച്ചു. അനധികൃത കുടിയേറ്റത്തിന് ഇന്ത്യ എതിരാണെന്ന് പറഞ്ഞ ജയ്സ്വാൾ, അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടതാണെന്നും വിശദീകരിച്ചു. അമേരിക്കയിൽ നിന്നും എത്രയാളുകളെയാണ് ഇത്തരത്തില്‍ തിരിച്ചുകൊണ്ടുവരേണ്ടത് എന്ന കാര്യത്തിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിവരിച്ചു.