മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പ്രസിഡന്റ് വ്ലാദിമിർ പുടിൻ ചർച്ചക്ക് തയാറാണെന്ന് റഷ്യ. യു.എസിന്റെ ഭാഗത്തുനിന്നുള്ള അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പുടിന്റെ ഓഫിസ് വക്താവ് ദിവിത്രി പെസ്കോവ് പറഞ്ഞു. അതേസമയം, ഇരു നേതാക്കളും എപ്പോൾ കൂടിക്കാഴ്ച നടത്തുമെന്ന കാര്യത്തെ കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല.
റഷ്യൻ എണ്ണയുടെ വില കുറച്ചാൽ യുദ്ധം അവസാനിക്കുമെന്ന ട്രംപിന്റെ അവകാശവാദത്തെ പെസ്കോവ് തള്ളി. യുക്രെയ്നുമായുള്ള ഏറ്റുമുട്ടൽ എണ്ണയുടെ വിലയെ ആശ്രയിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ ദേശീയ സുരക്ഷക്കും യുക്രെയ്നിൽ ജീവിക്കുന്ന റഷ്യക്കാരുടെ സുരക്ഷക്കും ഭീഷണി ഉയർന്നപ്പോഴും റഷ്യയുടെ ആശങ്ക അവഗണിക്കുകയുംചെയ്ത സാഹചര്യത്തിലാണ് യുദ്ധത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.