ദാവോസ്: വിവിധ രാജ്യങ്ങൾക്ക് നേരെ ഉയർത്തിയ നികുതി, തീരുവ ‘ഭീഷണി’ക്ക് പിന്നാലെ ആഗോള കമ്പനികളെയും ഭീഷണിപ്പടുത്തി ഡൊണാൾഡ് ട്രംപ്. ആഗോള കമ്പനികൾ അമേരിക്കയിൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ചില്ലെങ്കിൽ ഇനി മുതൽ ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസില്‍ ഉത്പാദനം നടത്തുന്നവര്‍ക്ക് നികുതിയിളവ് നല്‍കുമെന്നും ട്രംപ് അറിയിച്ചു. ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിൽ വെച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
വീഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് സൗദിയോടും എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെകിനോടും എണ്ണവില കുറയ്ക്കാനാവശ്യപ്പെടുമെന്നും, എണ്ണ വില കുറഞ്ഞാൽ തന്നെ റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ എണ്ണ നിക്ഷേപം താൻ പരമാവധി ഉപയോഗപ്പെടുത്താൻ പോകുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവ് പ്രഖ്യാപിച്ച് ജനങ്ങളെ സഹായിക്കാൻ പോകുകയാണെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം റഷ്യക്കെതിരെയും ചൈനക്കെതിരെയും ട്രംപ് ഇത്തരത്തിൽ ഭീഷണിയുമായി രംഗത്തുവന്നിരുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്നും യുദ്ധം തുടരുകയാണെങ്കിൽ റഷ്യയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിയിൽ ഉയർന്ന നികുതി ഏർപ്പെടുത്തുമെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. നേരത്തെ, ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.