Monday, February 3, 2025

HomeAmericaപാലാ കെ.എം മാത്യു അവാര്‍ഡ് ശശി തരൂര്‍ നല്‍കി; കെ.എം മാത്യു തന്നെ ഏറെ സ്വാധീനിച്ച...

പാലാ കെ.എം മാത്യു അവാര്‍ഡ് ശശി തരൂര്‍ നല്‍കി; കെ.എം മാത്യു തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയെന്ന് ജോര്‍ജ് ഏബ്രഹാം

spot_img
spot_img

ജീവിതത്തിൻറെ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു പാലാ കെ.എം മാത്യു എന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കിടയിൽ വായിക്കുകയും പഠിക്കുകയും കുട്ടികൾക്കായ് എഴുതുകയും ചെയ്തത് തന്നെ അതിശയിപ്പിച്ച കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ ഉറച്ചു വിശ്വസ്ക്കുകയും ഒരു തലമുറയെ അതിൽ വിശ്വസിപ്പിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പാലാ കെ.എം മാത്യുവിൻറേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യത്തിനുള്ള പാലാ കെ.എം മാത്യു അവാർഡ് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയ്ക്ക് അനുകരിക്കാവുന്ന വ്യക്തിത്വങ്ങൾ ഇല്ലാതായിരിക്കുന്നുവെന്നും മാത്യകയാക്കാവുന്ന ഒരു വ്യക്തിത്വമായിരുന്നു പാലാ കെ.എം മാത്യുവെന്നും ശശി തരൂർ പറഞ്ഞു.

തൻറെ ദീർഘകാലസുഹൃത്തും യുഎന്നിലെ സഹപ്രവർത്തകനുമായിരുന്നു പാലാ കെ.എം മാത്യു ഫൌണ്ടേഷൻ ചെയർമാൻ ശ്രീ. ജോർജ് ഏബ്രഹാം, പാലാ കെ.എം മാത്യു പഠിപ്പിച്ച മൂല്യങ്ങളിൽ ഉറച്ചു നിന്നതുകൊണ്ടാണ് ഉന്നത പദവികളിൽ എത്തിയതെന്ന് ഉറപ്പുണ്ടെന്നും ശ്രീ തരൂർ പറഞ്ഞു.

ഇന്നത്തെ അദ്ധ്യാപകർ കുട്ടികളെ എന്താണ് ചിന്തിക്കണ്ടതെന്ന് അല്ല മറിച്ച് എങ്ങനെയാണ് ചിന്തിക്കണ്ടതെന്ന് പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ. കൊടുമൺ ഗോപാലകൃഷ്ണൻറെ “ചിൽഡ്രൻസ് തീയേറ്റർ” എന്ന കൃതിക്കാണ് പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാർഡും ലഭിച്ചത്.

എൻറെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നു പാലാ കെ.എം മാത്യുവെന്ന് സമ്മേളനത്തിൻറെ അദ്ധ്യക്ഷത വഹിച്ച ഫൌണ്ടേഷൻ ചെയർമാൻ ശ്രീ. ജോർജ് ഏബ്രഹാം പറഞ്ഞു. ആദർശപരമായ ജീവിതം നയിക്കുവാൻ തന്നെ പഠിപ്പിച്ചതും യാഥാർത്യത്തിൻറെ പരിവർത്തനത്തിനുള്ള വാതിൽ തുറന്നു തന്നതും മാത്യു സാർ ആയിരുന്നു എന്നും ശ്രീ. ജോർജ് ഏബ്രഹാം പറഞ്ഞു.

ഒരു തലമുറയുടെ സ്വഭാവരൂപീകരണത്തിനും വ്യക്തമായ ദിശാബോധം നൽകുന്നതിനും പാലാ കെ.എം മാത്യു വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണെന്നും എല്ലാ കാലത്തും അനുസ്മരിക്കപ്പെടേണ്ട വ്യക്തിയാണ് അദ്ദേഹമെന്നും ആശംസകൾ അർപ്പിച്ചുകൊണ്ട് മുൻ കേരള സാംസ്കാരിക മന്ത്രി ശ്രീ. കെ.സി ജോസഫ് പറഞ്ഞു.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല യൂസഫ് സായിയെ പോലെ പുതുതലമുറ ചിന്തിക്കണമെന്നും പ്രവർത്തിക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സമുന്നത നേതാവായ അഡ്വ. വി.ബി. ബിനു ആശംസകൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു.

എല്ലാ പ്രവർത്തന മണ്ഡലങ്ങളിലും ആദർശ ശുദ്ധിയോടെ നിൽക്കുവാൻ പഠിപ്പിച്ച പാലാ കെ.എം മാത്യുവിനെ തൻറെ ജീവിതം അവസാനിക്കുന്നതുവരെ മറക്കാൻ സാധിക്കില്ലെന്ന് മുൻ കേരള ആഭ്യന്തര മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

വിവിധ സ്കൂളുകളിലെ കുട്ടികളുമായി ശ്രീ. ശശി തരൂർ എം.പി തുടർന്ന് സംവാദം നടത്തി.

സമ്മേളനത്തിൽ ശ്രീമതി. ഇന്ദിര രാജൻ, ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ മൂലേക്കാട് എന്നിവർ സംസാരിച്ചു. ബേക്കർ വിദ്യാപീഠം സീനിയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. ബസ്സി വർക്കി അവാർഡ് കൃതി പരിചയപ്പെടുത്തി. അവാർഡ് ജേതാവ് ശ്രീ. കൊടുമൺ ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. പാലാ കെ.എം മാത്യു ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. സോമു മാത്യു സ്വാഗതവും ഡയറക്ടർ ശ്രീ. കുര്യൻ ജോയി നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിലെ കുട്ടികൾ, അദ്ധ്യാപകർ, മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ഒരു വലിയ സൌഹൃദ സദസ്സ് യോഗത്തിൽ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments