സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)
”ഒരു ജനാധിപത്യവാദി തികച്ചും നിസ്വാര്‍ത്ഥനായിരിക്കണം. തന്റെയോ തന്റെ കക്ഷിയുടെയോ പേരിലല്ല, ജനാധിപത്യത്തിന്റെ വഴിയിലൂടെ മാത്രമേ അയാള്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സ്വപ്നം കാണുവാന്‍ പോലുമോ പാടുള്ളൂ…” വരുന്ന 26-ാം തീയതി സ്വതന്ത്ര ഇന്ത്യ 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.
‘ജനക്ഷേമരാഷ്ട്രം’ എന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിന്റെ അര്‍ത്ഥം. ‘റെസ് പബ്ലിക്ക’ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴില്‍ രാജ്യത്തെ ഭരണം നിര്‍വ്വഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെയാണ് ‘റിപ്പബ്ലിക്ക്’ എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്. ജനങ്ങളുടെ താല്പര്യങ്ങള്‍ ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നിര്‍വ്വഹിക്കാനുള്ള പ്രതിനിധി മാത്രമാണ് ഭരണ കര്‍ത്താക്കള്‍.
ലോകത്തെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ്. റിപബ്ലിക് ദിനാഘോഷം എന്നാല്‍ മൂന്ന് ദിവസത്തെ ഉത്സവമാണ്. എല്ലാ വര്‍ഷവും ജനുവരി 29ന് ബീറ്റിംഗ് റിട്രീറ്റ് പരിപാടിയോട് കൂടിയാണ് നമ്മുടെ ആഘോഷങ്ങള്‍ക്ക് അവസാനമാകുന്നത്.1955ല്‍ ന്യൂഡല്‍ഹിയിലെ രാജ്പത്തില്‍ ആയിരുന്നു ആദ്യറിപ്പബ്ലിക് ദിന പരേഡ്. സിന്ധു നദീതടസംസ്‌കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു.
1949 നവംബര്‍ 26ന് പൂര്‍ത്തിയായ ഭരണഘടന 1950 ജനുവരി 26-ന് പ്രാബല്യത്തില്‍ വന്നതോടെയാണ് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് സെക്യുലര്‍ ഡെമോക്രാറ്റിക് റിപബ്ലിക്കായിമാറിയത്. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്റെ അഭിഭാജ്യഘടകങ്ങളായി സംയോജിപ്പിച്ച ഫെഡറല്‍ സംവിധാനമാണ് ഇന്ത്യ കൈക്കൊണ്ടത്. സ്വാതന്ത്ര്യ സമരത്തിനു ശേഷം ചേരിചേരാ നയം ഉയര്‍ത്തിക്കൊണ്ട് മൂന്നാം ലോകരാഷ്ട്രങ്ങളുടെ നേതൃനിരയിലേയ്ക്ക് ഇന്ത്യ കടന്നു വന്നിരുന്നു.
ഇന്ന് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നീ ആശയങ്ങള്‍ സത്യം പറഞ്ഞാല്‍ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഒരു ജനാധിപത്യ രാജ്യം അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തേണ്ട സ്ഥാനത്ത് പലയിടത്തും നല്ലരീതിയിലല്ല കാര്യങ്ങള്‍ പോവുന്നത്. നാനാ ജാതി മതസ്തര്‍ക്കും ഭയരഹിതമായി ഇവിടെ ജീവിക്കുവാന്‍ സാധിക്കുമെന്ന് ഉറപ്പു വരുത്തേണ്ടത് എല്ലാവരുടെയും കടമയാണ്. ഒരു ഭാഷയും ഒരു സംസ്‌ക്കാരവും ഒരു ജനതയുമല്ല മറിച്ച് പല ഭാഷകളും പല സംസ്‌ക്കാരങ്ങളും പല ജനതകളുമാണ് ഇന്ത്യയുടെ സവിശേഷത. അതാണ് ‘നാനാത്വത്തില്‍ ഏകത്വം…’ എന്നത്.
ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് സ്വാതന്ത്ര്യം. ജീവനും സ്വത്തിനും അഭിപ്രായത്തിനും മതത്തിനും ഒക്കെയുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പുതരുന്നുണ്ട്. സ്ത്രീക്കും പുരുഷനും മാത്രമല്ല ഭിന്നലിംഗക്കാര്‍ക്കും ഈ അവകാശങ്ങളുണ്ട്. അതുപോലെ വിശ്വാസിക്കും അവിശ്വാസിക്കും ഈ അവകാശങ്ങളുണ്ട്. ഈ അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കാന്‍ ആരു ശ്രമിച്ചാലും അത് ഇന്ത്യയെന്ന പരികല്‍പ്പനയുടെ അവഹേളനമാണെന്ന് പറയേണ്ടതില്ലല്ലോ. അതേസമയം, ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള സാംസ്‌ക്കാരിക നേതാക്കന്മാരെ നാം മറക്കരുത്.
നമ്മള്‍ ആഘോഷിക്കുന്ന ഓരോ റിപ്പബ്ലിക് ദിനവും രാജ്യത്തിന്റെ മതനിരപേക്ഷതയെയും ഐക്യത്തെയും അഖണ്ഡതയെയും കൂടുതല്‍ കൂടുതല്‍ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനുമുതകുന്ന പ്രതിജ്ഞയും പുനസമര്‍പ്പണവും പുതുക്കുന്നതിന് വേണ്ടിയുള്ളതാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സ്വയംഭരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമാണ് നമ്മുടെ സ്വാതന്ത്ര്യ ദിനവും റിപ്പബ്‌ളിക് ദിനവും.
പലപ്പോഴായി നമ്മുടെ സമൂഹത്തിന്റെ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ചത് നമ്മുടെ സാംസ്‌ക്കാരിക നേതാക്കന്മാരാണ്. ഏതൊരു രാജ്യത്തിന്റെയും ജനതയുടെയും സംസ്‌ക്കാരമാണ് മറ്റു രാജ്യങ്ങളെയും അവിടുത്തെ ജനങ്ങളെയും ആകര്‍ഷിക്കുത്. ഇന്ത്യ ചരിത്രത്തിലുടനീളം മറ്റു രാജ്യങ്ങളെയും ജനതകളെയും ആകര്‍ഷിച്ചിരുന്നു. അത് ഇനിയും അങ്ങനെതന്നെയായിരിക്കണം.
”പോരാ പോരോ നാളില്‍ നാളില്‍
ദൂരദൂരമുയരട്ടെ
ഭാരതാക്ഷ്മാ ദേവിയുടെ
തൃപ്പതാകകള്‍…”
‘നേര്‍കാഴ്ച’യുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാശംസകള്‍…