വാഷിംഗ്ടൺ: 76-ാമത് റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടിത്തറയുടെ മഹത്വം വെളിവാക്കപ്പെടുന്ന ദിനമാണ് ഇന്ന് എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം തന്റെ രാജ്യം അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-യുഎസ് ബന്ധം പുതിയ ഉയരങ്ങളിലെത്തുന്നത് തുടരുകയാണെന്നും 21-ാം നൂറ്റാണ്ടിനെ നിർവചിക്കുന്ന ബന്ധമായിരിക്കും ഇതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സൗഹൃദമാണ് ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ അടിത്തറ. സാമ്പത്തിക സഹകരണങ്ങളുടെ മഹത്തായ സാധ്യതകളാണ് മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്തും. ബഹിരാകാശ മേഖലയിൽ സഹകരണം വർദ്ധിക്കും. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയ്‌ക്കും സമൃദ്ധിക്കുമായി ക്വാഡ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റുബിയോ പറഞ്ഞു.